ചാടും നാണയം: കുപ്പിക്കുമേൽ വെച്ച നാണയം ചാടുന്ന വിദ്യ

#സുമേഷ് തോട്ടത്തില്‍

വീടിന്റെ ചുറ്റും എന്തോ തിരഞ്ഞ് നടക്കുകയാണ് ഗൗതം. ''എന്താണ് ശാസ്ത്രജ്ഞാ അന്വേഷിക്കുന്നത്? പുതിയ പരീക്ഷണത്തിനുള്ള വസ്തുക്കളാണോ?'', ഗൗതമിന്റെ അന്വേഷണം കണ്ടപ്പോൾ അമ്മു ചോദിച്ചു.

''ചേച്ചീ, വാവട്ടം കുറഞ്ഞ ഒരു ചില്ലുകുപ്പി കിട്ടുമോ? 750 മില്ലി വെള്ളം കൊള്ളുന്നത്ര വലുതായാൽമതി.''

''വിറകുപുരയ്ക്കടുത്ത് കുറേ ചില്ലുകുപ്പികളുണ്ട്. ഞാൻ കൊണ്ടുവരാം.'' അമ്മു ഓടിപ്പോയി ഒരു ചില്ലുകുപ്പി കൊണ്ടുവന്നു.

ഒരു ഗ്ലാസ് വെള്ളവും ഒരു പുതിയ 50 പൈസാ നാണയവും ഗൗതം എടുത്തുവെച്ചു. ചില്ലുകുപ്പിയുടെ അടപ്പ് ഒഴിവാക്കിയശേഷം കുപ്പിയുടെ മുകൾഭാഗത്ത് (വായ്ഭാഗത്ത്) വിരൽ നനച്ച് തുടച്ചു. പിന്നീട് കീശയിൽനിന്നെടുത്ത 50 പൈസാ നാണയം നനച്ചശേഷം കുപ്പിയുടെ വായ്ഭാഗത്ത് വെച്ചു.

''എന്തിനാ ഈ കുപ്പിയുടെ മുകളിൽ നാണയം വയ്ക്കുന്നത്?'' അമ്മു ചോദിച്ചു.

''നാണയം വെച്ച ഈ കുപ്പിയുടെ നടുഭാഗത്ത് കൈകൊണ്ട് കുറേ നേരം അമർത്തിപ്പിടിച്ചാൽ എന്ത് സംഭവിക്കും?'' ഗൗതം ഒരു മറുചോദ്യം ചോദിച്ചു.

''ഒന്നും സംഭവിക്കില്ല. നാണയം അവിടെ അനങ്ങാതെ നിൽക്കും.'' അമ്മു പറഞ്ഞു.

ശരി, നമുക്ക് നോക്കാം. ഗൗതം കൈ നന്നായി തുടച്ചശേഷം രണ്ട് കൈകൊണ്ടും കുപ്പി അമർത്തിപ്പിടിച്ചു.

അല്പനേരം അങ്ങനെ പിടിച്ചപ്പോൾ നാണയത്തിന്റെ ഒരുവശം ഉയർന്നുചാടി. അല്പസമയം കഴിഞ്ഞപ്പോൾ വീണ്ടും നാണയം ചാടി.

നാണയത്തിന്റെ ചാട്ടം കണ്ട് അദ്ഭുതപ്പെട്ട അമ്മു ചോദിച്ചു. ''ഇതെങ്ങനെയാ സംഭവിക്കുന്നത്?''

നാണയം ചാടുന്നതിന്റെ രഹസ്യം
കുപ്പിയിൽ വായുവുണ്ടല്ലോ. കുപ്പിയുടെ വായ നനച്ചശേഷം നാണയം വയ്ക്കുമ്പോൾ വായു പുറത്തുപോകാത്തവിധം കുപ്പി അടയും. ഇനി ചില്ലുകുപ്പിയിൽ കൈപ്പത്തികൊണ്ട് അമർത്തിപ്പിടിക്കുമ്പോൾ കൈപ്പത്തിയിൽനിന്ന് താപം കുപ്പിയിലേക്ക് ഒഴുകും. കുപ്പി ചെറുതായി ചൂടാവും. അത് കുപ്പിക്കുള്ളിലെ വായുവിനെ ചൂടാക്കും. ചൂടായ വായു വികസിക്കും. കുപ്പിക്കുള്ളിലെ മർദം കൂടി പുറത്തേക്ക് വരും. അത് നാണയത്തെ ഉയർത്തും. അല്പം വായു പുറത്തുപോകും. അപ്പോൾ കുപ്പിക്കുള്ളിലെ വായുമർദം കുറയും. നാണയം താഴും. കൈപ്പത്തി മാറ്റാതിരുന്നാൽ വീണ്ടും വായു ചൂടാവും. വികസിച്ച വായു നാണയത്തെ ഉയർത്തും. വായുവിന്റെ താപീയവികാസമാണ് നാണയം ചാടുന്നതിന് കാരണം.

Content Highlights: Simple science experiment that can be easily done at home using a glass bottle and a coin.