ശരീരത്തിലെ പ്രതിരോധത്തിന്റെ പ്രഥമ കാവലാളുകൾ ആരാണെന്ന് അറിയാമോ?

#ഡോ.അബേഷ് രഘുവരൻ
ത്വക്കിന്റെ ഘടന
ത്വക്കിന്റെ ഘടന

യുദ്ധത്തിൽ എത്രവലിയ കേമൻമാർ നയിച്ചാലും മുൻപിൽ എല്ലാം തടുത്തുകൊണ്ട് മറ്റുള്ളവരെ സംരക്ഷിക്കുന്ന ചിലരുണ്ട്. അതാണ് കാലാൾപ്പട. ആദ്യത്തെ പ്രതിരോധം സൃഷ്ടിക്കുന്നത് അവരാണ്. അവരെ തകർത്തുകൊണ്ടുമാത്രമേ ശത്രുക്കൾക്ക് മറ്റുള്ളവരിലേക്ക് എത്താൻ കഴിയുകയുള്ളൂ. അതുപോലെയാണ് നമ്മുടെ ശരീരത്തിലെ ത്വക്കിന്റെ കാര്യവും. രക്തത്തിലെ ശ്വേതരക്താണുക്കളാണ് പ്രത്യാക്രമണത്തിന്റെ കേന്ദ്രങ്ങളെങ്കിലും ആദ്യത്തെ പ്രതിരോധം (First Line of Defense) തീർക്കുന്നത് നമ്മുടെ ത്വക്കാണ്. എന്നാൽ അതുമാത്രമാണോ ത്വക്കിന്റെ ധർമങ്ങൾ? 

ത്വക്കിന്റെ ജോലി

ശരീരഭാരത്തിന്റെ പതിനാറുശതമാനം ഭാരമുൾക്കൊള്ളുന്ന നമ്മുടെ ത്വക്ക് ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്. നമ്മുടെ ത്വക്ക് ഉരിഞ്ഞു വിടർത്തിയിട്ടാൽ ഏകദേശം 1.5-2 ചതുരശ്രമീറ്ററുണ്ടാകും. ത്വക്കിൽ രോമങ്ങൾ, നഖങ്ങൾ, പ്രത്യേക ഗ്രന്ഥികൾ, നാഡികൾ എന്നിവ അടങ്ങിയിരിക്കുന്നു. ഏറ്റവും പുറത്തുള്ള പുറംതൊലി (Epidermis), ചർമം (Dermis), അകംതൊലി (Hypodermis) എന്നീ മൂന്നുപാളികളാണ് പ്രധാനമായും ഇതിനുള്ളത്. ഇതിന്റെ കനമാകട്ടെ 0.5 മില്ലിമീറ്റർ മുതൽ അഞ്ച് മില്ലിമീറ്റർവരെ ഉണ്ടാകും.
 ത്വക്കിന്റെ ധർമങ്ങൾ മൂന്നുതരത്തിലാണ്: സംരക്ഷണം (Protection), നിയന്ത്രണം (Regulation), സംവേദനം (Sensing). ഒരൊറ്റ ദിവസത്തിൽത്തന്നെ ആയിരക്കണക്കിന് സംവേദനജോലികളാണ് ത്വക്ക് ചെയ്യുന്നത്. ഇത്തരത്തിലുള്ള കോശങ്ങളെ മെർക്കൽ കോശങ്ങൾ (Merkel Cells) എന്നാണു പറയുന്നത്. നമ്മുടെ കൈവിരലിന്റെ തുമ്പത്തുമാത്രം ഓരോ ചതുരശ്രസെന്റിമീറ്റർ ഭാഗത്തും ഏകദേശം 750 മെർക്കൽ കോശങ്ങൾ ഉണ്ടായിരിക്കും. അവ ഏതാണ്ട് രണ്ടായിരത്തഞ്ഞൂറോളം റിസപ്റ്ററുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പുറത്തുള്ള ചെറിയ കാര്യംപോലും നമുക്ക് പെട്ടെന്ന് സെൻസ് ചെയ്യാൻ കഴിയും.

പ്രതിരോധം

ചർമത്തിന് വഴക്കം നൽകുന്ന ഫൈബറായ 'കൊളാജൻ' (Collagen) ബാഹ്യമായ ഇടിപോലും തടുക്കാൻ ചർമത്തെ സഹായിക്കുന്നു. പുറംതൊലി നിർമിക്കപ്പെട്ടിരിക്കുന്നത് കെരാറ്റിനോസൈറ്റ്‌സ് (Keratinocytes) എന്ന കോശങ്ങൾ ഉപയോഗിച്ചാണ്. 
ഓരോ നാലാഴ്ചയിലും ഇവ പുനർനിർമിക്കപ്പെടുന്നു. അതായത്, നാൽപ്പതിനായിരത്തോളം കോശം ഒറ്റദിവസം മാറ്റപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന കാഠിന്യമുള്ള പ്രോട്ടീനുകളാണ് കെരാറ്റിനുകൾ (Keratin). ഈ കെരാറ്റിൻ പുറംതൊലിയിലെത്തുമ്പോൾ വാട്ടർപ്രൂഫ് പാളിയായിമാറി സൂക്ഷ്മജീവികളുടെ ആക്രമണത്തെ തടുക്കുന്നു. പുറംകോശങ്ങളെ വെട്ടിച്ചുകടക്കുന്ന ജീവികളെ അടുത്തതായി പിടികൂടുന്നത് ലാൻഗർഹാൻസ് കോശങ്ങൾ (Langerhans cells) ആണ്. ഇവ വളരെപ്പെട്ടെന്നുതന്നെ ജീവികളെ തിരിച്ചറിയുകയും ടി-കോശങ്ങൾക്ക് (Thymus cells) സന്ദേശം കൈമാറുകയും ടി-കോശങ്ങൾ ബാക്കിയുള്ള പ്രതിരോധമാർഗങ്ങൾ ത്വരപ്പെടുത്തുകയും ചെയ്യുന്നു. 
ത്വക്കിന്റെ പുറത്തും മടക്കുകളിലും ഒക്കെയായി സെബേഷ്യസ് ഗ്രന്ഥികൾ (Sebaceous glands) പുറത്തുവിടുന്ന സെബം (Sebum) എന്ന എണ്ണപോലെയുള്ള വസ്തുവിൽ കോടിക്കണക്കിന് ബാക്ടീരിയകളും ഫംഗസുകളും ജീവിക്കുന്നുണ്ട്. ഈ ജീവികൾ നമ്മുടെ പ്രതിരോധസംവിധാനത്തെ എപ്പോഴുംജാഗ്രതയോടെ നിലനിർത്താൻ സഹായിക്കുന്നു.

രോമാഞ്ചം (Goosebumps)

ശരീരത്തിന് നല്ല തണുപ്പനുഭവപ്പെടുമ്പോഴാണല്ലോ നമുക്ക് പ്രധാനമായും രോമാഞ്ചമുണ്ടാകുന്നത്. അത്തരം സന്ദർഭങ്ങളിൽ ത്വക്കിലെ ചെറിയ പേശികളായ അരക്റ്റർ പൈലി (Arrector Pili) നമ്മുടെ രോമങ്ങൾ ഉയർത്തിനിർത്തി ചൂടിനെ ത്വക്കിന്റെ തൊട്ടുപുറത്തായി നിലനിർത്തിക്കൊണ്ട് ആ തണുപ്പിനെ പ്രതിരോധിക്കുന്നു. അത് ശരീരത്തിന്റെ ഒരു സ്വാഭാവികപ്രവർത്തനമാണ്. ഇതിനെയാണ് രോമാഞ്ചം എന്നുപറയുന്നത്. ഇത് നമ്മുടെ ചില വൈകാരികതലങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. അതിനാലാണ് സന്തോഷമുള്ള ചില വാർത്തകൾ ശ്രവിക്കുമ്പോളും ഇത്തരത്തിൽ രോമാഞ്ചമുണ്ടാകുന്നത്.

ഏറ്റവും വലിയ ഇന്ദ്രിയം

ഏറ്റവും വലിയ ഇന്ദ്രിയ അവയവംകൂടിയാണ് ത്വക്ക്. നമ്മുടെ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതും മറ്റാരുമല്ല. രണ്ട് പ്രവർത്തനങ്ങളാണ് ത്വക്ക് ഇവിടെ നിറവേറ്റുന്നത്. ത്വക്കിലുള്ള നാഡികൾ ശരീരത്തിന്റെ താപനില ആദ്യം തിരിച്ചറിഞ്ഞ്, അത് നമ്മുടെ തലച്ചോറിനെ അറിയിക്കുന്നു. ചൂടാണെങ്കിൽ, ത്വക്കിലുള്ള രക്തക്കുഴലുകളോട് വികസിക്കാനും അതുവഴി രക്തത്തിലുള്ള താപം ത്വക്കിലേക്ക് കൈമാറ്റംചെയ്യാനുമുള്ള സന്ദേശം തലച്ചോർ നൽകുന്നു. 
നേരേമറിച്ച് ശരീരത്തിൽ തണുപ്പാണെങ്കിൽ, രക്തക്കുഴലുകൾ ചുരുക്കിക്കൊണ്ട്, ചൂട് നഷ്ടപ്പെടാതെ നോക്കുകയും ചെയ്യുന്നു. ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യുന്ന രക്തത്തിന്റെ 5 ശതമാനവും എത്തുന്നത് ത്വക്കിലേക്കാണ്. ഇതുവഴി മേൽപ്പറഞ്ഞരീതിയിൽ വളരെ കാര്യക്ഷമമായി താപനില നിലനിർത്താൻ ത്വക്കിന് കഴിയുന്നു. ശരീരം ചൂടായിരിക്കുന്ന അവസ്ഥയിൽ ത്വക്കിലെ വിയർപ്പുഗ്രന്ഥികൾ വിയർപ്പുത്പാദിപ്പിക്കുകയും അത് വിയർപ്പുനാളികളിലൂടെ പുറത്തേക്കെത്തിക്കുകയും ചെയ്യുന്നു. 
കുറേയേറെ താപം ആ നിലയിൽ പുറത്തേക്കു തള്ളുന്നു. ത്വക്കിലെ രോമങ്ങളും ഈ താപനില നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. നമ്മുടെ ശരീരത്തിൽ ഏതാണ്ട് അൻപതുലക്ഷം രോമകൂപങ്ങളുണ്ട് (Hair Follicle). ഇതിൽത്തന്നെ തൊണ്ണൂറായിരംമുതൽ ഒന്നരലക്ഷംവരെ രോമങ്ങളും തലയിലാണുള്ളത്. അവ സൂര്യനിൽനിന്നുള്ള ശക്തിയേറിയ പ്രകാശത്തെ പ്രതിരോധിക്കുന്നു.

ചില അറിയാവിശേഷങ്ങൾ

'മെലാനിൻ' ആണ് ത്വക്കിന്റെ നിറം നിയന്ത്രിക്കുന്നത്. നമ്മുടെ വീട്ടിലുണ്ടാകുന്ന പൊടിപടലങ്ങളിൽ ഒരുപങ്ക് നമ്മുടെതന്നെ ശരീരത്തിൽനിന്നു പുറംതള്ളുന്ന മൃതകോശങ്ങളാണ്. പുറംതൊലിയായ എപ്പിഡെർമിസിൽ മൃതകോശങ്ങളുടെ 18 മുതൽ 23 വരെ ചെറിയ പാളികളും അടങ്ങിയിരിക്കുന്നു. ത്വക്കിലെ രക്തക്കുഴലുകൾ നീളത്തിൽ ക്രമീകരിച്ചാൽ അതിന് ഏതാണ്ട് 11 മൈൽ നീളമുണ്ടാകും.

Content Highlights: main features of skin