എന്താണീ സീതക്കളിയും പത്തിലത്തോരനും! കൂട്ടുകാർക്കറിയാമോ?

പത്തിലത്തോരൻ !
രോഗപ്രതിരോധശക്തിക്കുവേണ്ടി കർക്കടകമാസത്തിൽ വീട്ടുപറമ്പുകളിൽ സുലഭമായി ലഭിച്ചിരുന്ന പത്ത് ഇലകൾ ചേർത്ത് തോരൻവെച്ച് കഴിക്കുക പതിവായിരുന്നു. താള്, തകര, മത്തൻ, കുമ്പളം, ചേന, ചേമ്പ്, ചീര, പയറ്, ആനത്തുമ്പ, തഴുതാമ എന്നിവയാണ് പത്തിലകൾ. കർക്കടകമാസത്തിൽ ദേവന്മാർ ഈ ഇലകളിൽ അമൃത് തളിക്കുമെന്നാണ് വിശ്വാസം.

സീതക്കളി !
കേരളത്തിലെ കുറവസമൂഹത്തിന്റെ അനുഷ്ഠാന കലാരൂപമാണ് സീതക്കളി. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് സീതക്കളി ആചരിക്കുന്നത്. ഇത് ഒരു വിനോദമായും കാണാറുണ്ട്. ഓണക്കാലത്ത് മലങ്കാവുകളിലും നേർച്ചയുടെ ഭാഗമായി തറവാടുമുറ്റങ്ങളിലും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ 'രാമായണകഥ' പാടിക്കളിക്കുന്നതാണ് സീതക്കളി.

''പണ്ടുപണ്ടു കാലത്തല്ലിയോ

ത്രേതായുഗകാലത്തല്ലിയോ

വടക്കുവടക്കു രാജ്യം

നാലുപാടും വളഞ്ഞൊഴുകും

സരയൂനദി തീരത്തല്ലിയോ

അയോധ്യാപുരം കൊട്ടാരമേ

അന്നവിടെ വാണിരുന്നത്

ദശരഥ രാജാവല്ലിയോ...''

ഇങ്ങനെ പോകുന്നു സീതക്കളിയുടെ വരികൾ.

Content Highlights: Health benefits of consuming the ten specific leaves (Pathila) during Karkidaka month