ആൻഗ്രി ബേർഡ്; ചെഞ്ചുവപ്പുനിറമുള്ള രസികൻ പക്ഷി ആരാണെന്നറിയണ്ടേ?

ചെഞ്ചുവപ്പുനിറമുള്ള രസികൻ പക്ഷിയെ കണ്ടില്ലേ? നോർത്തേൺ റെഡ് കർദിനാൾ എന്നാണ് അവയുടെ പേര്. റോമൻ കത്തോലിക്കാസഭയിലെ കർദിനാൾമാരുടെ ചുവന്ന മേൽക്കുപ്പായത്തിന്റെ നിറത്തോടുള്ള സാമ്യം കാരണമാണ് ഇത്തരമൊരു പേര് കിട്ടിയത്. റെഡ് ബേഡ്, വിർജീനിയൻ നൈറ്റിങ്‌ഗേൽ എന്നും ഇവ അറിയപ്പെടുന്നുണ്ട്.
കാഴ്ചയിൽ വലിയ ഗൗരവക്കാരാണ് ഇവർ. ആൻഗ്രി ബേഡ്‌സ് എന്ന വീഡിയോ ഗെയിമിലെ ചുവന്ന ദേഷ്യക്കാരൻ കിളിയെ കണ്ടിട്ടില്ലേ? നോർത്തേൺ റെഡ് കർദിനാളിനെ കണ്ടാൽ ആൻഗ്രി ബേഡിന്റെ ബന്ധുവാണോ എന്ന് ആർക്കും തോന്നിപ്പോവും.
ഗംഭീര പാട്ടുകാരാണ് നോർത്തേൺ റെഡ് കർദിനാളുകൾ. ആറിലധികം വ്യത്യസ്തതരത്തിലുള്ള പാട്ടുകൾ പാടാൻ ഇവയ്ക്ക് കഴിയും.
അഞ്ച് ഇഞ്ചോളമാണ് ഈ പക്ഷിയുടെ നീളം. ആൺകിളികൾക്കാണ് ആകർഷകമായ ചുവപ്പുനിറമുള്ളത്. പെൺകിളികൾക്ക് ചുവപ്പുകലർന്ന തവിട്ടുനിറമാണ്. ആൺകിളികളുടെ ചുവന്നകൊക്കിന് ചുറ്റും കറുപ്പുനിറമാണെങ്കിൽ പെൺകിളിയുടെ കൊക്കിന് ചുറ്റും ചാരനിറമാണ്. കുഞ്ഞുങ്ങൾക്ക് പെൺകിളിയുടെ നിറമാണ്.
അമേരിക്കയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് നോർത്തേൺ റെഡ് കർദിനാളുകൾ സാധാരണമായി കാണപ്പെടുന്നത്. ചെറുകാടുകളിലും ഗ്രാമങ്ങളിലെ കുറ്റിക്കാടുകളിലുമൊക്കെ ജീവിക്കുന്ന ഇവ പൊതുവേ ദേശാടനംചെയ്യാറില്ല. വിത്തുകളാണ് പ്രധാന ഭക്ഷണം. 15 വർഷംവരെയാണ് ഇവയുടെ ആയുസ്സ്.
Content Highlights: Named after the red robes of Roman Catholic Cardinals., Visual inspiration for the Angry Birds video game character.