മലനിരകളിലെ കാവൽക്കാരായ വരയാടുകളെ അറിയാം

#ഗിഫു മേലാറ്റൂർ

നീലഗിരി താർ

പശ്ചിമഘട്ടത്തിലെ ഉയർന്ന മലനിരകളിലെ പുൽമേടുകളിലും പാറക്കെട്ടുകളിലും മാത്രം കാണപ്പെടുന്ന അപൂർവയിനം വന്യജീവിയാണ് വരയാട് (Nilgiri Tahr). വരയാടുകളെപ്പോലെത്തന്നെ ഹിമാലയൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഹിമാലയൻ താറുകളും (Himalayan Tahr) വംശനാശഭീഷണിയിലാണ്.

സവിശേഷതകൾ

വരയാടുകൾക്ക് കരുത്തുറ്റ ശരീരഘടനയാണുള്ളത്. തവിട്ടുനിറത്തിലോ ചാരനിറത്തിലോ ഉള്ള രോമങ്ങൾ ശരീരത്തെ തണുപ്പിൽനിന്ന് സംരക്ഷിക്കുന്നു.

ആൺ വരയാടുകൾക്ക് പെൺ വരയാടുകളെക്കാൾ നീളമുള്ളതും വളഞ്ഞതുമായ കൊമ്പുകളുണ്ട്. കൂടാതെ, ആൺ വരയാടുകൾക്ക് താടിയും കാണാം. അവയുടെ കുളമ്പുകൾക്ക് പാറകളിൽ മുറുകെ പിടിക്കാനുള്ള ഘടനയാണുള്ളത്. ഇതുകാരണം മലകളിലെ പാറക്കെട്ടുകളിലൂടെ അനായാസം കയറാനും ഇറങ്ങാനും ഇവയ്ക്ക് സാധിക്കുന്നു.

പേരിന് പിന്നിൽ

‘വരൈ’ എന്നാല്‍ തമിഴിൽ മല എന്നാണർഥം. മലനിരകളില്‍ കാണപ്പെടുന്ന ആടായതിനാൽ വരയാട് എന്ന പേര് ലഭിച്ചു. പ്രായമാകുമ്പോൾ ആൺ വരയാടുകളുടെ ശരീരത്തിൽ വെള്ള വരകൾ രൂപപ്പെടാറുണ്ട്. പ്രായമേറുന്തോറും ഈ വരകൾ കൂടുതൽ വ്യക്തമാകും. തമിഴ്നാടിന്റെ സംസ്ഥാനമൃഗം കൂടിയാണിത്.

ഭക്ഷണവും വെള്ളവും

വരയാടുകൾക്ക് വെള്ളം കുടിക്കേണ്ട ആവശ്യം വളരെ കുറവാണ്. അവ കഴിക്കുന്ന പുല്ലിൽനിന്നും സസ്യങ്ങളിൽനിന്നും ലഭിക്കുന്ന ജലം അവയുടെ ശരീരത്തിന് മതിയാകും. പുല്ലാണ് ഇവയുടെ പ്രധാന ഭക്ഷണം. പുല്ല് കഴിക്കുന്നതിനോടൊപ്പം മണ്ണും കല്ലും നക്കിക്കഴിക്കാറുണ്ട്. ശരീരത്തിനാവശ്യമായ ധാതുക്കൾ ലഭിക്കാനാണ് ഇത്.

കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥയുടെ നഷ്ടവും വരയാടുകളുടെ നിലനിൽപ്പിന് ഭീഷണിയാണ്. വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികൾ കേരള വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്നു. വരയാടുകൾ നമ്മുടെ പ്രകൃതിയുടെ സമ്പത്താണ്. അവയുടെ സംരക്ഷണം ഓരോ മലയാളിയുടെയും കടമയാണ്.

Content Highlights: Discover the fascinating Nilgiri Tahr, a rare mountain goat of the Western Ghats. Learn about their unique adaptations, diet, and conservation efforts. Educational for students.