പാട്ട് പഠിക്കുന്ന പക്ഷികൾ; ദേശീയ പക്ഷിനിരീക്ഷണദിനത്തിൽ അറിയാം ചില പക്ഷിക്കൗതുകങ്ങൾ

#ഷൗക്കത്ത് അലി ഉള്ളണം

ഇന്ത്യയുടെ പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ഡോ.സാലിം അലിയുടെ ജന്മദിനമാണിന്ന്. ഈ ദിവസം ദേശീയ പക്ഷിനിരീക്ഷണദിനമായി ആചരിക്കുന്നു. മറന്നുപോയ ചില പക്ഷിപ്പാട്ടുകളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തെക്കുറിച്ച് അറിയാം.

ഒരു പക്ഷി പ്രകൃതിയിൽനിന്ന് എന്നന്നേക്കുമായി ഇല്ലാതാകുമ്പോൾ മാഞ്ഞുപോകുന്നത് ഒരു ജീവൻ മാത്രമല്ല, അതിന്റെ പാട്ടും ഓർമ്മകളും പ്രകൃതിയുടെ സംഗീതത്തിലെ ഒരു ഈണവും കൂടിയാണ്. പ്രകൃതി നശിക്കുമ്പോൾ പല പക്ഷികളുടെയും ഈണങ്ങൾ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാവുകയാണ്. പക്ഷികളുടെ എണ്ണം കുറയുകയും ആവാസവ്യവസ്ഥകൾ തകരുകയും ചെയ്യുമ്പോൾ തലമുറകളിലൂടെ കൈമാറിയിരുന്ന സവിശേഷമായ ചില ഈണങ്ങളും എന്നന്നേക്കുമായി ഇല്ലാതാകുന്നു. എന്നാൽ, നഷ്ടപ്പെട്ട പക്ഷിപ്പാട്ടുകളെ വീണ്ടെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നത് പ്രതീക്ഷയുണർത്തുന്ന ഒന്നാണ്.

പക്ഷിപ്പാട്ടുകളുടെ പ്രാധാന്യം:
മനുഷ്യർ ഭാഷ പഠിക്കുന്നതുപോലെ പല പക്ഷികളും മറ്റുപക്ഷികളിൽനിന്ന് ശബ്ദങ്ങൾ കേട്ടുപഠിക്കുകയാണ് ചെയ്യുന്നത്. ഇണയെ ആകർഷിക്കാനും സ്വന്തം പ്രദേശം സംരക്ഷിക്കാനും ഈ പാട്ടുകൾ അവയെ സഹായിക്കുന്നു. എന്നാൽ, പ്രകൃതിയിൽ പാട്ട് പഠിപ്പിക്കാൻ മുതിർന്ന പക്ഷികൾ ഇല്ലാത്ത സാഹചര്യങ്ങൾ പക്ഷിവർഗത്തിന്റെ നിലനിൽപ്പിന് അപകടമാകുന്നു. ഒപ്പം, ശബ്ദപാരമ്പര്യവും നശിക്കുന്നു.

അധ്യാപകരായി റോബോട്ടുകൾ:
നഷ്ടപ്പെട്ട പാട്ടുകൾ വീണ്ടെടുക്കാനായി പുതിയ സാങ്കേതികവിദ്യകൾക്ക്, അധ്യാപകരുടെ പങ്ക് വഹിക്കാനാകുമോ എന്ന് ശാസ്ത്രജ്ഞർ പരിശോധിക്കുന്നുണ്ട്. റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് പക്ഷികളുടെ ശബ്ദങ്ങൾ അവതരിപ്പിക്കാനും അവയുടെ പഠനപ്രക്രിയ കൂടുതൽ മനസ്സിലാക്കാനും സാധിക്കും. കൂടാതെ, ECOGEN പോലുള്ള, പക്ഷികളുടെ ശബ്ദം നിർമിക്കാൻ കഴിയുന്ന എ.ഐ. ടൂളുകൾ പ്രകൃതിസംരക്ഷണത്തിൽ വലിയ വഴിത്തിരിവാണ്. പക്ഷികളുടെ ശബ്ദങ്ങളെ സ്‌പെക്ട്രോഗ്രാമുകളാക്കിമാറ്റി പുതിയ ശബ്ദരൂപങ്ങൾ സൃഷ്ടിക്കാൻ ECOGEN സഹായിക്കുന്നു.

പാട്ടിന്റെ തിരിച്ചുവരവ്:
അർജന്റീനയിലെ ബ്യൂണസ് ഐറിസ് സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞനായ ഗബ്രിയേൽ മിൻഡ്‌ലിനും സംഘവും നടത്തിയ പരീക്ഷണം ഇതിനൊരു മികച്ച ഉദാഹരണമാണ്. 1960-കളിലെ പഴയ കൈയെഴുത്ത് ഗവേഷണക്കുറിപ്പുകൾ പരിശോധിച്ചപ്പോഴാണ് അവർക്ക് ഈ ആശയം ലഭിച്ചത്. അക്കാലത്ത് പക്ഷികളുടെ ശബ്ദങ്ങളും പാട്ടുകളും സംഗീതരേഖകൾപോലെ കൈകൊണ്ട് വരച്ച അടയാളങ്ങളിലൂടെ രേഖപ്പെടുത്തിയിരുന്നു.

ഈ രേഖകൾ ഉപയോഗിച്ച് റൂഫസ് കോളർഡ് സ്പാരോ (Rufous-collared Sparrow) എന്ന കുരുവിവർഗത്തിലെ പാട്ടിന്റെ ഘടന കംപ്യൂട്ടറിന്റെ സഹായത്തോടെ ഗവേഷകർ പുനർനിർമിച്ചു. ബ്യൂണസ് ഐറിസിലെ ഒരു പാർക്കിൽ ഒരുകാലത്ത് കേട്ടിരുന്നതും പിന്നീട് അപ്രത്യക്ഷമായതുമായ ആ പാട്ടിന്റെ കൃത്രിമ ശബ്ദരൂപം തയ്യാറാക്കി അവർ വീണ്ടും പക്ഷികൾക്ക് കേൾപ്പിച്ചു. ഫലം അതിശയിപ്പിക്കുന്നതായിരുന്നു! മൂന്നുമാസത്തിനുള്ളിൽ പ്രദേശത്തെ ഒരു കാട്ടുപക്ഷി പഴയ പാട്ടിന്റെ ചില ഭാഗങ്ങൾ അനുകരിക്കാൻ തുടങ്ങി. അങ്ങനെ ആറ് പതിറ്റാണ്ട് പഴക്കമുള്ള രേഖകളിൽനിന്ന് പുനർനിർമിച്ച ഈണം വീണ്ടും പ്രകൃതിയിൽ മുഴങ്ങി.

ഭീഷണിയിലുള്ള പക്ഷികൾക്കും പ്രതീക്ഷ:
ഓസ്ട്രേലിയയിലെ 'റീജന്റ് ഹണിഈറ്റർ' (Regent Honeyeater) പോലുള്ള വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ സംരക്ഷണത്തിലും പാട്ടുപഠനത്തിന് വലിയ പ്രാധാന്യമുണ്ട്. കാട്ടിൽ ഇവയുടെ എണ്ണം വളരെയധികം കുറഞ്ഞപ്പോൾ മൃഗശാലകളിൽ വളർന്ന ഇളംപക്ഷികൾക്ക്, കാട്ടിൽ ജനിച്ച മുതിർന്ന ആൺപക്ഷികളെ അധ്യാപകരായി ഉപയോഗിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരമ്പരാഗത പാട്ടുകൾ പഠിക്കാൻ അവസരമൊരുക്കി. ഈ രീതി വിജയിച്ചതോടെ പാട്ടുകൾ പഠിച്ച പക്ഷികൾക്ക് പിന്നീട് അടുത്ത തലമുറയിലേക്ക് അവ കൈമാറാനും സാധിച്ചു. പക്ഷികളുടെ സ്വാഭാവിക പെരുമാറ്റങ്ങളും ആശയവിനിമയരീതികളും നിലനിർത്താനും അവയുടെ പ്രജനനത്തിനും ഇത്തരം പദ്ധതികൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.

Content Highlights: Celebrated on Dr. Salim Ali's birth anniversary as National Bird Watching Day.