ലെൻസുകൾ ഇല്ലാതെ പ്രതിബിംബങ്ങൾ സ്ക്രീനിൽ പതിപ്പിക്കുന്ന ടെക്നിക് അറിയാമോ?

ക്യാമറകളിൽ സാധാരണയായി കോൺവെക്സ് ലെൻസുകൾ ആണ് ഉപയോഗിക്കുന്നത് എന്നറിയാമല്ലോ. നമ്മുടെ കണ്ണിലും ഒരു കോൺവെക്സ് ലെൻസ് ഉണ്ട്. ഇതാണ് വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ ഉണ്ടാക്കുന്നത്. ലെൻസുകൾ ഇല്ലാതെയും പ്രതിബിംബങ്ങൾ സ്ക്രീനിൽ പതിപ്പിക്കാം. അതിനുപയോഗിക്കുന്ന ഉപകരണമാണ് പിൻഹോൾ ക്യാമറ. നമുക്കൊരു പിൻഹോൾ ക്യാമറ ഉണ്ടാക്കിയാലോ?
ആവശ്യമുള്ള സാമഗ്രികൾ:
ഉയരം കൂടിയ പേപ്പർ കപ്പ് (ജ്യൂസ് ഒഴിക്കാൻ ഉപയോഗിക്കുന്നത്. ഈ കപ്പിന്റെ ഉൾഭാഗം മുഴുവൻ കറുത്ത പെയിന്റടിച്ചാൽ നല്ലത്. അല്ലെങ്കിൽ കറുത്ത പേപ്പർ ഒട്ടിച്ചാലും മതി). ഒരു മൊട്ടുസൂചി, മെഴുകുതിരി, തീപ്പെട്ടി, ഓയിൽ പേപ്പർ (ഒരു വെള്ള കടലാസിൽ എണ്ണ പുരട്ടിയാൽ അത് ഓയിൽ പേപ്പർ ആയി ഉപയോഗിക്കാം.)
പരീക്ഷണ രീതി:
പേപ്പർ കപ്പിന്റെ അടിവശത്ത് മൊട്ടുസൂചി കൊണ്ട് ഒരു ചെറിയ ദ്വാരം ഉണ്ടാക്കുക. പേപ്പർ കപ്പിന്റെ വായ്ഭാഗത്ത് വൃത്താകൃതിയിൽ വെട്ടിയ ഓയിൽ പേപ്പർ ഒട്ടിക്കുക. മെഴുകുതിരി കത്തിച്ച് വെച്ച ശേഷം പേപ്പർ കപ്പിന്റെ ദ്വാരം ജ്വാലക്ക് നേരെ വിലങ്ങനെ പിടിക്കുക. കപ്പിന്റെയും മെഴുകുതിരിയുടെ സ്ഥാനം മുന്നോട്ടോ പിന്നോട്ടോ നീക്കി ക്രമീകരിച്ചാൽ ജ്വാലയുടെ പ്രതിബിംബം ഓയിൽ പേപ്പറിൽ കാണാം. ഈ പ്രതിബിംബം തലകീഴായിട്ടായിരിക്കും ഉണ്ടാവുക. പ്രതിബിംബത്തിന്റെ പ്രത്യേകതകൾ നിരീക്ഷിക്കൂ. അത് തലകീഴായതും ചെറുതും യഥാർത്ഥവും ആണ്. (യഥാർത്ഥ പ്രതിബിംബങ്ങളെല്ലാം ഒരു സ്ക്രീനിൽ പതിപ്പിക്കാൻ കഴിയും.)
ശാസ്ത്രതത്വം:
പ്രകാശം നേർരേഖയിലൂടെയാണ് സഞ്ചരിക്കുന്നത്. വളരെ ചെറിയ ദ്വാരത്തിലൂടെ ഒരു സ്രോതസ്സിൽ നിന്നും പ്രകാശം നേർരേഖയിൽ വന്നാൽ ആ വസ്തുവിന്റെ പ്രതിബിംബം സ്ക്രീനിൽ രൂപപ്പെടും. മരച്ചുവട്ടിൽ നോക്കിയാൽ വെയിലിന്റെ നിരവധി വട്ടങ്ങൾ കാണാം. യഥാർത്ഥത്തിൽ ഇലകൾക്കിടയിലൂടെ വരുന്ന പ്രകാശം സൂര്യന്റെ പ്രതിബിംബം രൂപീകരിക്കുന്നതാണത്. ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശം ചുമരിൽ പതിപ്പിച്ചാൽ നമുക്ക് സൂര്യന്റെ പ്രതിബിംബം വൃത്താകൃതിയിൽ ചുമരിൽ കാണാം. ഇവിടെയും നടക്കുന്നത് പിൻഹോൾ ക്യാമറയുടെ തത്വം തന്നെയാണ്.
Content Highlights: Step-by-step instructions to build a DIY pinhole camera using household items