ഓക്‌സിജൻ വെള്ളത്തിൽ

#‍ഡോ. ഇ.കെ. സിമിൽ റഹ്മാൻ
വെള്ളത്തിലെ ഓകസിജൻ
വെള്ളത്തിലെ ഓകസിജൻ

നമ്മുടെ ഈ നീലഗ്രഹം ജീവൻ തുടിക്കുന്ന ഒരദ്ഭുതമാണ്. ഓക്സിജനാണ് വൈവിധ്യമാർന്ന ഈ ജീവലോകത്തിന്റെ അടിസ്ഥാനം. ഓരോ ജീവകോശത്തിനും ഊർജമുത്പാദിപ്പിക്കാൻ ഓക്സിജൻ ആവശ്യമാണ്. 
മനുഷ്യരും മറ്റ് കരജീവികളും വായുവിൽനിന്ന് ഓക്സിജൻ നേരിട്ട് ശ്വാസകോശങ്ങളിലേക്ക് വലിച്ചെടുക്കുന്നു. എന്നാൽ, ജലജീവികൾക്ക് അത് സാധ്യമല്ല. അവയുടെ ജീവവായു വെള്ളത്തിൽ ലയിച്ച ഓക്സിജനാണ്. 
മത്സ്യം, ഞണ്ട്, നീരാളി തുടങ്ങിയ എല്ലാ ജലജീവികളും വെള്ളത്തിൽ ലയിച്ചുചേർന്ന ഓക്സിജനെയാണ് ആശ്രയിക്കുന്നത്. മത്സ്യങ്ങൾ അവയുടെ ശരീരത്തിലെ പ്രത്യേക അവയവമായ ചെകിളകൾ (Gills) ഉപയോഗിച്ച് വെള്ളത്തിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുകയും കാർബൺ ഡയോക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. 
വെള്ളത്തിലെ ഓക്‌സിജൻ
ലയിച്ച ഓക്സിജൻ (Dissolved Oxygen) എന്നത് വെള്ളത്തിൽ കലർന്നിരിക്കുന്ന ഓക്സിജൻ തന്മാത്രകളാണ്. വെള്ളം രാസപരമായി ഹൈഡ്രജനും ഓക്സിജനും ചേർന്നതാണെങ്കിലും (H2O) വെള്ളത്തിലെ ഓക്സിജൻ എന്നത് വായുവിൽനിന്നോ മറ്റ് സ്രോതസ്സുകളിൽനിന്നോ വെള്ളത്തിലേക്ക് ലയിക്കുന്ന സ്വതന്ത്ര ഓക്സിജൻ (O2) ആണ്. 
അന്തരീക്ഷത്തിൽനിന്ന്
ജലത്തിൽ ഓക്സിജൻ കലരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണിത്. ജലോപരിതലം വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അന്തരീക്ഷത്തിലെ ഓക്സിജൻ തന്മാത്രകൾ വെള്ളത്തിലേക്ക് ലയിക്കുന്നു. കാറ്റടിക്കുമ്പോഴും ജലോപരിതലത്തിൽ തിരമാലകളോ ഓളങ്ങളോ ഉണ്ടാകുമ്പോഴും ഈ സമ്പർക്കം വർധിക്കുകയും ലയനപ്രക്രിയ വേഗത്തിലാകുകയും ചെയ്യും. 
പ്രകാശസംശ്ലേഷണം 
ജലാശയങ്ങളിലെ സസ്യങ്ങൾ, ആൽഗകൾ, ഫൈറ്റോപ്ലാങ്ക്ടണുകൾ എന്നിവ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ പ്രകാശസംശ്ലേഷണം നടത്തുന്നു. ഈ പ്രക്രിയയുടെ ഒരു ഉപോത്പന്നമായി ഓക്സിജൻ പുറത്തുവിടുകയും അത് വെള്ളത്തിൽ ലയിക്കുകയും ചെയ്യുന്നു.
ജലത്തിലെ ഓക്‌സിജന്റെ അളവ് നിലനിർത്താൻ നമ്മളും ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
 മലിനീകരണം നിയന്ത്രിക്കുക: വ്യവസായശാലകളിൽനിന്നുള്ള മാലിന്യങ്ങൾ, കാർഷികമേഖലയിലെ രാസവസ്തുക്കൾ, മലിനജലം എന്നിവ ജലാശയങ്ങളിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നത് തടയുക. മലിനജലം മാലിന്യങ്ങൾ സംസ്‌കരിച്ചുമാത്രം ജലാശയത്തിലേക്ക് ഒഴുക്കിവിടണം.
വനവത്കരണവും നീർത്തടസംരക്ഷണവും: ജലസ്രോതസ്സുകളുടെ തീരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയാനും ജലത്തിന്റെ ഗുണമേന്മ നിലനിർത്താനും സഹായിക്കും. നീർത്തടങ്ങൾ സംരക്ഷിക്കുന്നത് ജലത്തിന്റെ സ്വാഭാവികമായ ശുദ്ധീകരണപ്രക്രിയകളെ ശക്തിപ്പെടുത്തും.
ജലസസ്യങ്ങളുടെ ആരോഗ്യകരമായ വളർച്ച പ്രോത്സാഹിപ്പിക്കുക: പ്രകാശസംശ്ലേഷണത്തിലൂടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ജലസസ്യങ്ങളെ സംരക്ഷിക്കുകയും എന്നാൽ, അവയുടെ അമിതവളർച്ച ഒഴിവാക്കുകയും ചെയ്യുക. 
ഒഴുക്ക് ഉറപ്പാക്കുക: നദികളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിർമിതികൾ ഒഴിവാക്കുക. ഒഴുക്ക് നിലനിർത്തുന്നത് വെള്ളം വായുവുമായി കൂടുതൽ സമ്പർക്കത്തിൽ വരാനും ഓക്സിജൻ ലയനം കൂടാനും സഹായിക്കും.
കാലാവസ്ഥാവ്യതിയാനത്തെ നേരിടുക: ആഗോളതാപനം ജലത്തിന്റെ ചൂട് കൂട്ടുകയും ഓക്സിജന്റെ ലയനം കുറയ്ക്കുകയും ചെയ്യും. 
ഓക്സിജന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
താപനില 
തണുത്ത വെള്ളത്തിൽ ചൂടുവെള്ളത്തിലെക്കാൾ കൂടുതൽ ഓക്സിജൻ ലയിച്ചുചേരും. ചൂട് കൂടുമ്പോൾ ഓക്സിജൻ തന്മാത്രകൾക്ക് വെള്ളത്തിൽനിന്ന് പുറത്തുകടക്കാനുള്ള പ്രവണത കൂടുന്നു. ചൂട് കൂടിയാൽ ഓക്സിജന്റെ അളവ് കുറയുകയും ജലജീവികൾക്ക് സമ്മർദമുണ്ടാകുകയും ചെയ്യും. അതുകൊണ്ടാണ് വേനൽക്കാലത്ത് കുളങ്ങളിലും തടാകങ്ങളിലും മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന സംഭവങ്ങളുണ്ടാകുന്നത്. 
ലവണാംശം
വെള്ളത്തിലെ ഉപ്പിന്റെ അംശം കൂടുമ്പോൾ ഓക്സിജന്റെ ലയനം കുറയും. അതായത്, ശുദ്ധജലത്തിൽ ഉപ്പുവെള്ളത്തിലെക്കാൾ കൂടുതൽ ഓക്സിജൻ ലയിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് കടലിലെ ഓക്സിജന്റെ അളവ് ശുദ്ധജലത്തിലെക്കാൾ കുറവായിരിക്കുന്നത്.
ജലസസ്യങ്ങളുടെ സാന്ദ്രത 
ജലാശയങ്ങളിൽ അമിതമായി ജലസസ്യങ്ങളും ആൽഗകളും വളരുമ്പോൾ (യൂട്രോഫിക്കേഷൻ) പകൽസമയത്ത് അവ ധാരാളം ഓക്സിജൻ പുറത്തുവിടും. എന്നാൽ, രാത്രിയിൽ അവ ശ്വാസമെടുക്കാൻ ഓക്സിജൻ ഉപയോഗിക്കുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും.
ജൈവപദാർഥങ്ങള്‍
ജലാശയങ്ങളിൽ ജൈവപദാർഥങ്ങൾ, അതായത് ചത്ത സസ്യങ്ങൾ, ജന്തുക്കളുടെ അവശിഷ്ടങ്ങൾ, മനുഷ്യനിർമിത മാലിന്യങ്ങൾ (ഭക്ഷണം, മലിനജലം) എന്നിവയുടെ അളവ് കൂടുമ്പോൾ ബാക്ടീരിയങ്ങളും മറ്റ് സൂക്ഷ്മാണുക്കളും ഇവയെ വിഘടിപ്പിക്കാൻ തുടങ്ങും. ഈ വിഘടനപ്രക്രിയക്ക് ഓക്സിജൻ ആവശ്യമാണ്. ഇതിനെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (BOD) എന്ന് പറയുന്നു. 
ജൈവപദാർഥങ്ങൾ കൂടുന്നതിനനുസരിച്ച് സൂക്ഷ്മാണുക്കൾ കൂടുതൽ ഓക്സിജൻ ഉപയോഗിക്കുകയും തത്ഫലമായി ജലത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ചെയ്യും. 
ഒഴുക്ക്
ഒഴുകുന്ന ജലാശയങ്ങളില്‍ വെള്ളം വായുവുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്നതിനാൽ, ഓക്സിജൻ ലയനം കൂടുതലായി നടക്കുന്നു. എന്നാൽ, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പ്രത്യേകിച്ച് ആഴം കുറഞ്ഞതും ചൂടുള്ളതുമായ കുളങ്ങളിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. വെള്ളത്തിന്റെ കലക്കവും (Turbidity) ഓക്സിജൻ ലയനത്തെ ബാധിക്കാം. കാരണം. ഇത് സൂര്യപ്രകാശത്തെ തടയുകയും പ്രകാശസംശ്ലേഷണം കുറയ്ക്കുകയും ചെയ്യും.
 

Content Highlights: Learn about dissolved oxygen in water, its importance for aquatic life, and factors affecting it.