ജൂലായ് 5: ബഷീർദിനത്തിൽ സ്‌കൂളിൽ ചെയ്യാൻ ചില പ്രവർത്തനങ്ങൾ

വര: ഗിരീഷ്‌കുമാര്‍
വര: ഗിരീഷ്‌കുമാര്‍

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന പ്രിയകഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പുതുക്കുന്നതിനായി ജൂലായ് 5 'ബഷീർ ദിന'മായി ആചരിക്കുകയാണ്. ഇതോടനുബന്ധിച്ച് സ്‌കൂളുകളിൽ സംഘടിപ്പിക്കാൻ കഴിയുന്ന ചില പ്രവർത്തനങ്ങൾ ഇതാ.

കഥാപാത്രാവിഷ്‌കാരം: ബഷീർ കൃതികളിലെ പ്രശസ്തരായ കഥാപാത്രങ്ങളെ (ഉദാഹരണത്തിന്: മജീദ്, സുഹ്റ, പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ് തോമ, ആനവാരി രാമൻനായർ) വിദ്യാർത്ഥികൾക്ക് അവരുടെ വേഷവിധാനങ്ങളോടെ വേദിയിൽ അവതരിപ്പിക്കാം.

മാങ്കോസ്റ്റിൻ തൈ നടീൽ: ബഷീറിന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരത്തിന്റെ ഓർമ്മയ്ക്കായി സ്‌കൂൾ മുറ്റത്ത് ഒരു മാങ്കോസ്റ്റിൻ തൈ നടാം. ഇത് പ്രകൃതിയോടുള്ള സ്നേഹം വളർത്താനും കുട്ടികളിൽ ബഷീർ സ്മരണ നിലനിർത്താനും സഹായിക്കും.

വായനാക്കുറിപ്പും പുസ്തകപരിചയവും: 'പാത്തുമ്മയുടെ ആട്', 'ബാല്യകാലസഖി', 'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു' തുടങ്ങിയ പ്രശസ്ത കൃതികളിലെ ഭാഗങ്ങൾ ക്ലാസ്സിൽ വായിക്കുകയും, കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിക്കുകയും ചെയ്യാം.

കയ്യെഴുത്ത് മാസിക : ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സ്വന്തം രചനകൾ, ബഷീറിന്റെ പ്രശസ്തമായ വരികൾ, കഥാപാത്രങ്ങളുടെ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു സ്പെഷ്യൽ പതിപ്പ് തയ്യാറാക്കാം.

ബഷീർ സാഹിത്യ ക്വിസ്: ബഷീറിന്റെ ജീവിതം, കൃതികൾ, അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസ്സ് തലത്തിലോ സ്‌കൂൾ തലത്തിലോ ഒരു ക്വിസ് മത്സരം സംഘടിപ്പിക്കാം.

കത്തെഴുത്ത് മത്സരം: ബഷീറിന്റെ ഏതെങ്കിലും ഒരു കഥാപാത്രത്തിന് (ഉദാഹരണത്തിന്: മജീദിനോ പാത്തുമ്മയ്ക്കോ) കുട്ടികൾ സ്വന്തം ഭാവനയിൽ കത്തെഴുതുന്ന വേറിട്ടൊരു മത്സരം നടത്താം.

'ബഷീർ നിഘണ്ടു' നിർമ്മാണം: ബഷീർ കൃതികളിൽ മാത്രം കാണുന്ന തനതായ വാക്കുകൾ കണ്ടെത്തി അവയുടെ അർത്ഥം ഉൾപ്പെടുത്തി ഒരു ചെറിയ നിഘണ്ടു തയ്യാറാക്കാൻ കുട്ടികൾക്ക് പ്രോജക്ട് നൽകാം.

ചിത്രരചനാ മത്സരം: ബഷീറിനെയോ അദ്ദേഹത്തിന്റെ കഥകളിലെ സന്ദർഭങ്ങളെയോ വരയ്ക്കുന്ന മത്സരം.

Content Highlights: Comprehensive guide for school-level Basheer Day celebrations