ഇവിടെയെത്തിയാൽ ചിറകില്ലാതെ പറക്കാം!

#സൂരജ് ചീക്കിലാട്ട്
സീറോ ഗ്രാവിറ്റി
സീറോ ഗ്രാവിറ്റി

അടുത്തിടെ സുനിതാവില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിയ വാർത്ത കൂട്ടുകാർ ശ്രദ്ധിച്ചില്ലേ? 
നമ്മൾ ഭൂമിയിൽ നിന്ന് ഒരു പന്ത് മുകളിലേക്ക് എറിഞ്ഞാൽ അത് ഉയർന്നുപൊങ്ങി താഴേക്ക് തിരിച്ച് വരും. ഭൂമിയുടെ ഗുരുത്വാകർഷണ ബലം (Gravitational Force) കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മളെയെല്ലാം ഭൂമിയിൽ ഉറപ്പിച്ച് നിർത്തുന്നതും ഈ ഗുരുത്വാകർഷണ ബലം തന്നെ. 
ഇനി ബഹിരാകാശത്തേക്ക് പോയാലോ? ഭൂമിയിൽ നിന്ന് വളരെ അകലെയായതിനാൽ ബഹിരാകാശത്ത് ഗുരുത്വാകർഷണം വളരെ കുറവായിരിക്കും. അതിനാൽ അവിടെയെത്തുന്ന വസ്തുക്കൾക്ക് ഭാരമില്ലായ്മ അനുഭവപ്പെടും. ഈ അവസ്ഥയെയാണ് സീറോ ഗ്രാവിറ്റി (Zero Gravity) എന്ന് പറയുന്നത്. സീറോ ഗ്രാവിറ്റിയിൽ വസ്തുക്കൾ അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നത് കാണാം. ബഹിരാകാശത്ത് പോകുന്ന സഞ്ചാരികൾ സീറോ ഗ്രാവിറ്റിയിൽ ഒഴുകി നടക്കുന്നത് വീഡിയോകളിലും സിനിമകളിലുമൊക്കെ കണ്ടിട്ടില്ലേ? 
സീറോ ഗ്രാവിറ്റിയിൽ സാധാരണയായി ഭാരമുള്ള വസ്തുക്കൾ പോലും വളരെ എളുപ്പത്തിൽ ചലിപ്പിക്കാൻ സാധിക്കും. സീറോ ഗ്രാവിറ്റിയിൽ നടക്കാനോ ഓടാനോ സാധിക്കില്ല. ബഹിരാകാശത്ത് ഭക്ഷണം കഴിക്കുന്നതും ഒരു പ്രത്യേക രീതിയിലാണ്. ഭക്ഷണം കഴിക്കുമ്പോൾ അത് താഴേക്ക് പോകാതെ വായിൽ തന്നെ നിൽക്കും. വെള്ളം കുടിക്കുമ്പോൾ അത് ഒരു ഗോളമായി പറന്നുനടക്കും. കേൾക്കാൻ നല്ല രസമുണ്ടല്ലേ! പക്ഷേ, ബഹിരാകാശത്തെത്തിയാൽ പണി പാളും. ഈ സാഹചര്യത്തിലാണ് സുനിതാവില്യംസും ബുച്ച് വിൽമോറും ഒന്‍പതുമാസത്തോളം ബഹിരാകാശത്ത് താമസിച്ചത്.
 

Content Highlights: Objects can be seen floating in the atmosphere in zero gravity.