വെള്ളപ്പുലികൾ ആയിരുന്ന പുള്ളിപ്പുലികൾക്ക് പുള്ളികൾ കിട്ടിയ കഥ

പണ്ടുപണ്ട് പുള്ളിപ്പുലികൾ വെള്ളപ്പുലികൾ ആയിരുന്നത്രേ…
പവിത്രേട്ടൻ കാട്ടിലെ ജോലിക്കായി നാട്ടിൽ നിന്നെത്തിയതിൽപിന്നെ നാട്ടിലേക്ക് പോയില്ല. വനംവകുപ്പിനെ സഹായിച്ച് പറമ്പിക്കുളത്ത് താമസിക്കുകയാണ്. അവിടുത്തെ എല്ലാ കാട്ടുവഴികളും നല്ലപോലെ അറിയാം.
ഒരിക്കൽ അവിടെയെത്തിയ എന്നെ വനഉദ്യോഗസ്ഥനായ അപ്പുക്കുട്ടൻ സാർ പവിത്രേട്ടന്റെ കൂടെ കാട്ടിലേക്കയച്ചു. വർഷം മുപ്പത് കഴിഞ്ഞുകാണും.
ഞങ്ങൾ ആനക്കൽ വയൽ എന്ന സ്ഥലത്തുകൂടി നടന്നുപോവുകയാണ്. ഇടതുവശം പുല്ലുനിറഞ്ഞ വയൽ (ഇവിടെ ചതുപ്പിന് വയൽ എന്നാണ് പറയുന്നത്). അതിനരികിൽ ജീപ്പ്പാതയ്ക്കരികിലായി ഒരു പാറ നില്ക്കുന്നത് കാണാം. പരിചയമില്ലാത്തവരാണെങ്കിൽ അതൊരു ആനയാണ് എന്നേ കരുതൂ. മിക്കപ്പോഴും ആ പാറയിൽ പുള്ളിപ്പുലിയോ കടുവയോ കയറിക്കിടക്കുന്നത് കാണാം. ആ കാഴ്ച കാണിക്കാനായിട്ടാണ് പവിയേട്ടൻ എന്നെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
അകലെനിന്നേ പാറയിൽ പുള്ളിപ്പുലി കിടക്കുന്നത് കണ്ടിരുന്നു ഞങ്ങൾ. അപ്പോൾ ഞങ്ങൾ ജീപ്പ്പാത വിട്ട് ഓരോ മരത്തിന്റെയും മറവുപറ്റി അങ്ങോട്ട് പതുക്കെ ചെന്നുകൊണ്ടിരുന്നു. പുലി മുന്നിലെ വയലിൽ മേഞ്ഞുകൊണ്ടിരുന്ന പുള്ളിമാൻകൂട്ടത്തെ നോക്കി കിടക്കുകയായിരുന്നു. പെട്ടന്നത് എഴുന്നേറ്റ് ഞങ്ങൾ വരുന്ന ഭാഗത്തേക്ക് തിരിഞ്ഞുനോക്കി. വാൽ ചെറുതായി വീശിയതിനുശേഷം താഴേക്ക് ചാടി കാട്ടുപൊന്തകൾക്കിടയിലൂടെ കാട്ടിലേക്ക് കയറിപ്പോയി.
കാട്ടിലെ ജീവജാലങ്ങൾക്ക് കാട്ടിലില്ലാത്ത ജീവികൾ കടന്നുകയറിയാൽ പെട്ടെന്ന് തിരിച്ചറിയാനാകും. തിരികെ നടക്കുമ്പോഴാണ് പവിത്രേട്ടൻ പുള്ളിപ്പുലിയുടെ ശരീരത്തിൽ പുള്ളികൾ വന്ന ആ കഥ പറഞ്ഞത്.
''പണ്ടു പണ്ട് ലോകം മുഴുവൻ കാടായിരുന്നു. ഈ പറമ്പിക്കുളവും കൊടുംകാടായിരുന്നു. അന്ന് ഡാമുകൾ ഒന്നുമില്ല. എല്ലാ കാട്ടുപുഴകളും നല്ല തെളിഞ്ഞ വെള്ളത്തോടെ ഒഴുകിക്കൊണ്ടേയിരുന്നു. എവിടെ നോക്കിയാലും ആന, കാട്ടുപോത്ത്, മാൻ, മയിൽ, പാമ്പ്, കുരങ്ങന്മാർ, പൂമ്പാറ്റകളൊക്കെ നിറഞ്ഞ ഇടങ്ങൾ. എല്ലാം സസ്യഭുക്കുകളായ ജീവികളായ കാരണം കാട്ടിലെ പച്ചപ്പുകളെല്ലാം അവ തിന്നുതീർത്തുകൊണ്ടിരുന്നു. അപ്പോൾ വനദേവതയ്ക്ക് കാര്യം മനസ്സിലായി. ഇങ്ങനെ പോയാൽ കാടൊക്കെ ഇവ തിന്നുതീർത്ത് മരുഭൂമിയാക്കിമാറ്റും.
അങ്ങനെയാണ് വനദേവത കടുവയെ ഉണ്ടാക്കിയത്. കടുവ മാംസഭോജിയാണ്. അവ കാട്ടുപോത്തിനെയും ഇടത്തരം ആനക്കുട്ടികളെയും പിടികൂടി യഥേഷ്ടം ഭക്ഷിച്ചുതുടങ്ങി. പുള്ളിമാനെ അവ തീരേ ഗൗനിച്ചില്ല. കാരണം പുള്ളിമാനുകൾ കാട്ടുപോത്തിനെ അപേക്ഷിച്ച് വളരെ ചെറുതാണ്. അതിൽ ഒന്നിനെ പിടികൂടിയാൽ കടുവയുടെ വിശപ്പ് മാറില്ല. അതുകൊണ്ട് പുള്ളിമാനുകളെ അവഗണിച്ചു. അപ്പോൾ പുള്ളിമാനുകൾ പെറ്റുപെരുകി പുല്ലും ചെടികളുമൊക്കെ തിന്നുതീർക്കാൻ തുടങ്ങി.
അങ്ങനെയാണ് വനദേവത കടുവയെക്കാൾ അല്പം ചെറുതായ ഒരുകൂട്ടം വെള്ളപ്പുലികളെ ഉണ്ടാക്കിയത്. പക്ഷേ, അവ എല്ലായ്പ്പോഴും കടുവയെ ഭയന്നും പുള്ളിമാനുകളെ പിടികൂടാനാവാതെയും കഷ്ടപ്പാടിലായി. അവയുടെ വെള്ളനിറം കണ്ടാൽ പുള്ളിമാനുകളും മറ്റും ഓടി രക്ഷപ്പെടാൻ തുടങ്ങി.
പുലികൾ വനദേവതയെ കണ്ട് സങ്കടം ബോധിപ്പിച്ചു. വനദേവത അവയുടെ നിറത്തിൽ മാറ്റംവരുത്തുകയും ശരീരത്തിൽ മനോഹരമായ പുള്ളികൾ വാരിവിതറുകയും ചെയ്തു. കൂടാതെ നല്ലവണ്ണം മരങ്ങളിൽ കയറി സഞ്ചരിക്കാനുള്ള കഴിവും നൽകി. കടുവകൾക്ക് പുലിയെപ്പോലെ മരത്തിൽ നല്ലപോലെ കയറാനാകില്ല.
ശരീരത്തിൽ പുള്ളികൾ നിറഞ്ഞപ്പോൾ പുലി, പുള്ളിപ്പുലിയായി മാറി! അപ്പോൾ അവ, പുള്ളിമാൻകൂട്ടത്തിൽ സുഖമായി ചെന്ന് ആഹാരം സമ്പാദിക്കാൻ തുടങ്ങി. കൂടാതെ കിട്ടിയ മാനിനെ വലിയ മരങ്ങളുടെ മുകളിലെ ശിഖരങ്ങളിൽ കൊണ്ടുപോയി കടുവകളെയും മറ്റും ഭയക്കാതെ ഭക്ഷിക്കാനും സൂക്ഷിച്ചുവയ്ക്കുവാനും കഴിഞ്ഞു. അത്തരം വലിയ പുള്ളികളാണ് അവന്മാർ...''
പവിത്രേട്ടൻ കഥ പറഞ്ഞ് അവസാനിച്ചപ്പോഴേക്കും ഞങ്ങൾ പറമ്പിക്കുളത്ത് എത്തിക്കഴിഞ്ഞിരുന്നു.
(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Recounts a wildlife folklore from Parambikulam forest about leopards and spotted deer.