ലോകകപ്പ് ചരിത്രത്തിലെ രസകരമായ ചില വിശേഷങ്ങൾ പരിചയപ്പെടാം

#സൂരജ് ഇന്ദു

കാർഡുകളുടെ പിറവി!
ഫുട്‌ബോളിലെ മഞ്ഞ, ചുവപ്പ് കാർഡുകൾ കണ്ടിട്ടില്ലേ? 1966 ലോകകപ്പ് വരെ കളിക്കാരെ പുറത്താക്കാൻ റെഫറിമാർക്ക് കാർഡുകൾ ഇല്ലായിരുന്നു. ഭാഷാ വ്യത്യാസം കാരണം റെഫറിയുടെ നിർദ്ദേശം കളിക്കാർക്ക് മനസ്സിലാകാതെ വന്നതോടെയാണ് 1970-ൽ ട്രാഫിക് സിഗ്‌നലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മഞ്ഞ, ചുവപ്പ് കാർഡുകൾ ഫിഫ കൊണ്ടുവന്നത്.

ജീവനെടുത്ത സെൽഫ്‌ഗോൾ!
1994 ലോകകപ്പിൽ കൊളംബിയൻ താരം ആന്ദ്രേ എസ്‌കോബാർ ഒരു ഗോളടിച്ചു. പക്ഷേ സ്വന്തം പോസ്റ്റിലേക്കാണെന്ന് മാത്രം. നിർഭാഗ്യവശാൽ ആ മത്സരത്തിൽ കൊളംബിയ തോറ്റ് പുറത്തായി. നാട്ടിൽ തിരിച്ചെത്തിയ എസ്‌കോബാറിനെ ഒരു ആരാധകൻ വെടിവെച്ചു കൊന്നു എന്നുള്ളത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്.

സർവം ബ്രസീൽ മയം!
ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായ രാജ്യം ബ്രസീൽ ആണ്. 5 തവണ. കൂടാതെ 1930 മുതൽ ഇന്നുവരെ നടന്ന എല്ലാ ലോകകപ്പുകളിലും പങ്കെടുത്ത ഏക രാജ്യവും ബ്രസീലാണ്. ഇതിനുപുറമെ ഒരു കുപ്രസിദ്ധ റെക്കോഡും ബ്രസീലിനൊപ്പമുണ്ട്. ഫൗളിലൂടെ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡ് വാങ്ങി കൂട്ടിയിട്ടുള്ള ടീം എന്ന റെക്കോഡ്.

പെലെയുടെ സമയം!
1970 ലോകകപ്പിലെ ഒരു മത്സരത്തിന് തൊട്ടുമുമ്പ് ബ്രസീലിയൻ ഇതിഹാസം പെലെ റഫറിയോട് കളി തുടങ്ങാൻ ഒരു മിനിറ്റ് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു.

എന്നിട്ട് എല്ലാവരും നോക്കിനിൽക്കെ തന്റെ 'പ്യൂമ' ബൂട്ടിന്റെ വള്ളി കെട്ടാൻ തുടങ്ങി. ക്യാമറകൾ മുഴുവൻ പെലെയുടെ ബൂട്ടിലേക്ക് തിരിഞ്ഞു. ഇതൊരു പരസ്യ തന്ത്രമായിരുന്നു. ഇതിനായി പ്യൂമ കമ്പനി അന്ന് പെലെക്ക് നൽകിയത് 120,000 ഡോളറാണ്!

ഗോൾ വഴങ്ങാതെ പുറത്തേക്ക്!
2006 ലോകകപ്പിൽ സ്വിറ്റ്‌സർലൻഡ് ടീം ഒരൊറ്റ ഗോൾ പോലും വഴങ്ങാതെയാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും നേടിയ ടീം പ്രീ-ക്വാർട്ടറിൽ ഉക്രെയ്‌നോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോറ്റത്. ഷൂട്ടൗട്ടിലെ ഗോളുകൾ ഔദ്യോഗിക ഗോളുകളായി കണക്കാക്കില്ല.

മിന്നൽ ഗോൾ!
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ പിറന്നത് 2002-ലാണ്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ തുർക്കിയുടെ 'ഹക്കാൻ സുകുർ' കളി തുടങ്ങി വെറും 11-ാം സെക്കൻഡിൽ ഗോൾ നേടി!

എസി വെച്ച ലോകകപ്പ്!
2022 ഖത്തർ ലോകകപ്പിലെ സ്റ്റേഡിയങ്ങൾ പൂർണ്ണമായും ശീതീകരിച്ചവയായിരുന്നു. കടുത്ത ചൂടിൽ നിന്നും കളിക്കാരെയും കാണികളെയും സംരക്ഷിക്കാൻ അത്യാധുനിക കൂളിംഗ് ടെക്‌നോളജി ആണ് അവിടെ ഉപയോഗിച്ചത്.

ബോളിലുണ്ട് സെൻസർ!
ഖത്തർ ലോകകപ്പിൽ ഉപയോഗിച്ച 'അൽ രിഹ്ല' (Al Rihla) പന്തിന്റെ ഉള്ളിൽ ഒരു സെൻസർ ഉണ്ടായിരുന്നു. ഓഫ്സൈഡുകൾ കൃത്യമായി കണ്ടെത്താൻ റെഫറിയെ സഹായിക്കുന്നതിനായി കളി തുടങ്ങുന്നതിന് മുൻപ് ഈ ഫുട്‌ബോളുകൾ മൊബൈൽ ഫോൺ പോലെ ചാർജ് ചെയ്യണമായിരുന്നു!

Content Highlights: Origin of yellow and red cards in 1970, Tragic story of Andres Escobar's 1994 self-goal, Brazil's record-breaking participation and discipline history, Pele's legendary $120,000 marketing move in 1970, Switzerland's 2006 record of zero goals conceded, Technological advancements like Qatar's cooled stadiums and sensor-equipped balls