പൂത്തിരി, മത്താപ്പൂ, കണി കാണൽ, കോടിയുടുപ്പ് വിഷുവിന്റെ വിശേഷങ്ങളുമായി ഒരു കവിത

#സുരേന്ദ്രന്‍ ചെങ്ങോട്ട്

ഏപ്രിൽ മാസം പാതിയതായി
എത്തീ മേടം, വിഷു വന്നു
കൊന്ന മരത്തിൽ പൊന്നു തിളങ്ങി
മണ്ണിൽ കണിവെള്ളരിയുണ്ടായ്
വീട്ടിൽ അച്ഛൻ വാങ്ങിയുടുപ്പുക-
ളേട്ടൻ വാങ്ങീ മത്താപ്പും
രാവിൽ പടപട പൊട്ടീ ഗുണ്ടുകൾ
രാവും പകലായ് പൂത്തിരിയും
ഏറെ നേരം പുലരാനിനിയും
ഏട്ടൻ തട്ടിയുണർത്തുന്നു
കണ്ണുകൾ പൊത്തിക്കൊണ്ടോയ്, പിന്നെ
കണികാണിക്കുന്നയ്യയ്യാ!
മുരളിയുമൂതീട്ടുണ്ടൊരു കണ്ണൻ
ഉരുളിയിൽ പൊന്നിൻ വെള്ളരിയും
മാടിവിളിച്ചിട്ടച്ഛൻ തന്നു
കോടിയുടുപ്പും പൊൻപണവും

Content Highlights: Celebration of the Malayalam New Year (Medam) in 2026., Significance of Vishu Kani rituals including traditional offerings