മാക്രീസ് ഡാൻസ് സ്‌കൂളിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കവിത വായിച്ചോളൂ...

#ജോസ് പ്രസാദ്

പുഴയോരത്തെ പാറക്കല്ലിൽ

പുതിയൊരു ക്ലാസ്സ് തുടങ്ങുന്നു

'പിങ്കി' എന്നൊരു തവളച്ചേച്ചി

'ഡാൻസ്'ക്ലാസ്സൊന്നു തുടങ്ങുന്നു!

ക്ലാസ്സിൽ ചേരാനാദ്യം വന്നത്

'പിക്രു' എന്ന പരൽമീന്

ക്ലാസ്സിൽ ചേരാൻ പിറകെ വന്നത്

'വീരു' എന്ന വരാൽമീന്!

'അച്ചു' എന്നൊരു ആമച്ചാരും

ക്ലാസ്സിൽ ചേരാൻ വന്നെത്തി

'നാണി' എന്നൊരു നാണക്കാരി -

ഞണ്ടും ചേർന്നൂ ഡാൻസ് ക്ലാസ്സിൽ!

പിങ്കിച്ചേച്ചി കാലുകൾ പൊക്കി

ഡാൻസു കളിക്കാൻ ചാടുമ്പോൾ

വയറിൻ ഭാരം കാരണമയ്യോ

മറിഞ്ഞു വീണൂ കല്ലിൻമേൽ!

അയ്യോ പാവം, എന്നു പറഞ്ഞു

വന്നവരൊക്കെച്ചെന്നപ്പോൾ

ഒന്നും പറ്റീലെന്നു പറഞ്ഞ്

പിങ്കിച്ചേച്ചി ചിരിതൂകി!

Content Highlights: A creative poem featuring animal characters like frogs, fish, turtles, and crabs., Highlights the joy of learning and community activities.