പെൻസിലും റബ്ബറുമെല്ലാം കൂട്ടുകാർക്ക് ദാനംചെയ്യുന്നവരാണോ നിങ്ങളുടെ കുട്ടികൾ?

പുതിയ പെന്‍സിലുമായി സ്‌കൂളിലേക്ക് പോയതാണ് പൂജ. മടങ്ങിവന്നപ്പോള്‍ പെന്‍സില്‍ ഇല്ല. ചോദിച്ചപ്പോള്‍ കൂട്ടുകാരിക്ക് കൊടുത്തു എന്ന് മറുപടി. പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞുവന്നപ്പോള്‍ റബ്ബറും ഇല്ല. അതും മറ്റൊരു കൂട്ടുകാരിക്ക് കൊടുത്തതാണ്. പൂജയെപ്പോലെ സ്വന്തം സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് സമ്മാനിച്ച് വരുന്നവരാണ് മിക്ക കുട്ടികളും. സ്വന്തം സാധനങ്ങള്‍ സ്വാര്‍ഥ ചിന്തയില്ലാതെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ഈ ഗുണം യഥാര്‍ഥത്തില്‍ പ്രശംസിക്കപ്പെടേണ്ടതാണ്. പക്ഷേ, പലപ്പോഴും കുട്ടികള്‍ ചെയ്യുന്ന ഇത്തരം സഹായങ്ങള്‍ വിപരീതഫലം നല്‍കുന്നു.

ചില കുട്ടികളുണ്ട്. വീട്ടില്‍ ഭിക്ഷക്കാരാരെങ്കിലും വന്നാല്‍ വീട്ടിലുള്ള വിലപിടിപ്പുള്ളതൊക്കെ എടുത്തുകൊടുക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ വഴക്കുപറയാതെ വേണം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍.

അര്‍ഹിക്കുന്നവരെയല്ലാതെ സഹായിച്ചാല്‍ അതുകൊണ്ട് പ്രയോജനമില്ലെന്നു പറഞ്ഞുകൊടുക്കണം. സ്വന്തം സാധനങ്ങള്‍ എന്നും മറ്റുള്ളവര്‍ക്ക് ദാനംചെയ്യുമ്പോള്‍ വീണ്ടും ആ സാധനം വാങ്ങാന്‍ അച്ഛനുമമ്മയ്ക്കുമുണ്ടാകുന്ന പണച്ചെലവുകളെക്കുറിച്ച് അവരോട് പറയാം. ക്ലാസ്സിലുള്ള കുട്ടികള്‍ അവരെപ്പോലെതന്നെ ഇതൊക്കെ വാങ്ങാന്‍ കഴിവുള്ളവരാണെന്നും അല്ലാത്ത കുട്ടികളെ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം അച്ഛനോടോ അമ്മയോടോ പറയണമെന്നും ആവശ്യപ്പെടാം. അത്തരം കുട്ടികളെ സഹായിക്കാന്‍ അവര്‍ക്കൊപ്പം കൂടിയാല്‍ കുട്ടികള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം കൂടും.

സ്വയം തെറ്റും ശരിയും തിരിച്ചറിയാന്‍ പ്രായമാകുംവരെ അല്പം നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തുന്നത് നല്ലതാണ്. പക്ഷേ, അതിനിടയില്‍ സഹജീവികളെ സഹായിക്കുക എന്ന മഹത്തായ മൂല്യം അവര്‍ക്ക് കൈമോശം വരാതെയും അത് തെറ്റായ രീതിയില്‍ അവര്‍ ഉള്‍ക്കൊള്ളാതെയും ശ്രദ്ധിക്കണേ.

Content Highlights: Is your child overly generous? Learn how to guide their giving nature and teach them about thoughtful sharing.