കുട്ടികൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി വളർത്തുന്ന രക്ഷിതാക്കളാണോ ? ശ്രദ്ധിക്കാം ചില കാര്യങ്ങൾ

രീക്ഷയിൽ നല്ല മാർക്കുവാങ്ങിയാൽ വാച്ച് വാങ്ങിത്തരാം, സൈക്കിൾ വാങ്ങിത്തരാം എന്നിങ്ങനെ കുട്ടികൾക്ക് പല വാഗ്ദാനങ്ങളും നൽകുന്നവരാണ് രക്ഷിതാക്കൾ. ഇത്തരം വാഗ്ദാനങ്ങളിലൂടെയാണ് കുട്ടികളെക്കൊണ്ട് പലകാര്യങ്ങളും സാധിപ്പിക്കുന്നതും. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • കുട്ടികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ ചെറുതാണെങ്കിൽപോലും അവ പാലിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
  • വാക്ക് പറഞ്ഞാൽ പാലിക്കുന്നവരല്ല തങ്ങളുടെ അച്ഛനമ്മമാർ എന്ന ചിന്ത കുട്ടികൾക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും.
  • നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ള വാഗ്ദാനങ്ങൾ മതി. അതുകൊണ്ട് മോഹനവാഗ്ദാനങ്ങൾ നൽകുമ്പോൾ വളരെ സൂക്ഷിച്ച് മാത്രം നൽകുക.
  • വാക്ക് പറഞ്ഞിട്ട് അത് നടത്തിക്കൊടുക്കുമ്പോൾ വാക്കുകൾ പാലിക്കേണ്ടതാണെന്ന ബോധ്യംകൂടി കുട്ടികളിൽ ഉണ്ടാക്കും.

മിഠായി വാങ്ങിത്തരാം, ഉടുപ്പ് വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞിട്ട് വാക്ക് മാറ്റുമ്പോൾ മുതിർന്നവർക്ക് അത് നിസാരമായി തോന്നാം. എന്നാൽ അക്കാര്യം മാത്രം ചിന്തിച്ച് കാത്തിരിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ നമ്മൾ മനസ്സിലാക്കണം. ചിലപ്പോൾ ഓഫീസിലെയോ മറ്റോ തിരക്കുകൊണ്ട് കുട്ടികൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ കഴിയാതെ വരും. ഈ സന്ദർഭത്തിൽ അതിനുള്ള കാരണം കുട്ടികളോട് പറയണം. രക്ഷിതാക്കൾ വാക്ക് പാലിക്കുമ്പോൾ കുട്ടികളും ആ പാത പിൻതുടരും. ഉത്തരവാദിത്വബോധമുള്ളവരായി അവർ വളരുകയും ചെയ്യും. എന്നു കരുതി എപ്പോഴും വാഗ്ദാനങ്ങൾ നൽകി കാര്യം സാധിപ്പിക്കുന്ന രീതി ശരിയല്ല.

Content Highlights: Always fulfill promises made to children to maintain trust