കുട്ടികളിലെ പേടി: കാരണങ്ങളും പരിഹാരങ്ങളും അറിയാം

''ഹയ്യോ പാറ്റ! എനിക്ക് പേടിയാ പാറ്റയെ!'' മിക്ക കുട്ടികളും ഇങ്ങനെയാണ്. പട്ടി, പാമ്പ്, എട്ടുകാലി, അട്ട, പുഴു ഇങ്ങനെ എന്തിനെയെങ്കിലും പേടിക്കാത്ത കുട്ടികൾ വിരളമായിരിക്കും. ഇനി ഇതൊന്നുമല്ലെങ്കിൽ ഭൂതം, ഇരുട്ട് എന്നിവയൊക്കെ പേടിച്ചായിരിക്കും അവർ ജീവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.
- മിക്കപ്പോഴും അച്ഛനമ്മമാർ തന്നെയായിരിക്കും അവരുടെ പേടിയുടെ കാരണക്കാർ. ചെറുപ്പംതൊട്ടേ അവരെ അനുസരിപ്പിക്കാനും അനുനയിപ്പിക്കാനും ഓരോന്ന് പറഞ്ഞ് പേടിപ്പിക്കും.
- അരുതാത്തതിനൊക്കെ കുട്ടിയെ പേടിപ്പിക്കാൻ ശ്രമിക്കരുത്. തങ്ങൾക്ക് പേടിയുള്ള കാര്യങ്ങൾ കുട്ടികളിൽ അടിച്ചേൽപിക്കാനും പാടില്ല.
- കുട്ടികളുടെ പേടിയുടെ കാരണം എന്തായാലും അതുകണ്ടുപിടിച്ച് മാറ്റുക. കഥകളിലൂടെയും ടിവിയിലൂടെയും കണ്ടറിഞ്ഞ ഭൂതപ്രേതങ്ങളൊന്നും യഥാർഥത്തിൽ ഇല്ലെന്നും അവയൊക്കെ വെറും കഥകൾ മാത്രമാണെന്നും പറഞ്ഞുമനസ്സിലാക്കണം.
- ഉറങ്ങാൻ കിടക്കുന്ന നേരത്ത് പേടിപ്പെടുത്തുന്ന കഥകളും മറ്റും അവരോട് പറയരുത്.
- ഇരുട്ടിനെ ഭയക്കുന്ന കുട്ടിയാണെങ്കിൽ കിടപ്പുമുറിയിൽ പ്രകാശം കുറഞ്ഞ ബൾബ് ഇടാം. അച്ഛനും അമ്മയും അരികിൽ തന്നെയുണ്ടെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിക്കാം. ക്രമേണ ഇരുട്ടിനോടുള്ള പേടി ഇല്ലാതാകും.
- കുട്ടികൾ ഭയപ്പെടുന്ന സാഹചര്യങ്ങളുമായി കൂടുതൽ ഇടപഴകാൻ അവരെ അനുവദിക്കുക. അവരോടൊപ്പം നിന്ന് എല്ലാ പേടിയും മാറ്റാം.
- പേടിക്കുന്ന കുട്ടിയെ ഒരിക്കലും അതുപറഞ്ഞ് കളിയാക്കരുത്. അത് അവരിൽ അപകർഷതാബോധം വളർത്തും. ഏതു സാഹചര്യത്തിലും കുട്ടികളോടൊപ്പം നിന്ന് അവർക്ക് ധൈര്യം പകരുന്ന രക്ഷിതാക്കളാവുകയാണ് വേണ്ടത്.
Content Highlights: Identify the root cause of the child's fear., Avoid using fear as a tool for discipline., Normalize fears and provide emotional support rather than mocking., Gradual exposure to feared objects or situations., Create a secure environment to foster confidence.