ശ്രദ്ധിക്കുക; അച്ഛന്മാര് നിരീക്ഷണത്തിലാണ്

''എന്നെ അച്ഛന് കുളിപ്പിച്ചാല്‍ മതി, അച്ഛന് ചോറു തന്നാല്‍ മതി...'' അച്ഛന് വീട്ടിലുണ്ടെങ്കില്‍ ചില കുട്ടികള്‍ ചിണുങ്ങല് തുടങ്ങും. അപ്പോള്‍ അമ്മമാര്‍ക്ക് ദേഷ്യം വരാനും തുടങ്ങും. ഒരു പ്രായത്തില്‍ കുട്ടികളുടെ ഹീറോ അവരുടെ അച്ഛനാണ്. അച്ഛനേക്കാള്‍ ശക്തി ആര്‍ക്കും ഇല്ല എന്ന് അവര്‍ പറയുന്നത് കേട്ടാല്‍ അദ്ഭുതപ്പെടാനില്ല. അച്ഛന് ഒരു കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്.
കുഞ്ഞുങ്ങളുടെ സ്വാഭാവരൂപീകരണത്തില്‍ അമ്മമാരെപ്പോലെ തന്നെ സ്വാധീനം ചെലുത്താന്‍ അച്ഛന്മാര്ക്കു കഴിയും. അമ്മ ശാസിക്കുന്നതിനേക്കാള്‍ അച്ഛന്റെ ശാസനകള്‍ അവരില്‍ എളുപ്പം മാറ്റം ഉണ്ടാക്കും. കഴിവതും നഴ്സറി/ പ്രൈമറി പ്രായത്തില്‍ കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ രണ്ടുപേരും ഒപ്പമുണ്ടാകുന്നതാണ് എപ്പോഴും നല്ലത്. അച്ഛന്റെ അഭാവത്തില്‍ അക്കാര്യം കൂടി കണക്കിലെടുത്തുവേണം അമ്മമാര്‍ കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്. കുട്ടികള്‍ക്ക് നല്ലൊരു മാതൃകയാകാന്‍ എപ്പോഴും ശ്രമിക്കുക. കുഞ്ഞിക്കണ്ണുകള്‍ എപ്പോഴും അച്ഛനെ നിരീക്ഷിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
അച്ഛന് കൂടെയില്ലാത്ത കുട്ടികളേക്കാള്‍ അച്ഛന്റെ സംരക്ഷണത്തിലും ശ്രദ്ധയിലും വളരുന്ന കുട്ടികളുടെ മാനസിക നിലവാരമാണ് കൂടുതല്‍ മെച്ചപ്പെട്ടതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അതുകൊണ്ട് കുഞ്ഞിന്റെ വളര്‍ച്ചയുടെ കുറച്ചുനാളുകളെങ്കിലും ഒപ്പം ഉണ്ടാകാന്‍ അച്ഛന്മാര് ശ്രമിക്കണം. അവരുടെ കൊച്ചുകൊച്ചു മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്നത് എത്ര സന്തോഷകരമാണെന്ന് ഓര്‍ത്തുനോക്കൂ.
Content Highlights: The crucial impact of fathers on children`s development, behavior, and well-being.