കുട്ടികളെ മിടുക്കരായി വളർത്താൻ മാതാപിതാക്കൾ ചെയ്യേണ്ടതെന്ത്?

കുട്ടികളുടെ കൊച്ചു പിഴവുകളും കുസൃതിയും പരിഹരിക്കാൻ വടിയും വഴക്കും ആയുധമാക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. എന്നാൽ ഇവ രണ്ടും കുട്ടികളുടെ വ്യക്തിത്വവികാസത്തിന് ഗുണം ചെയ്യില്ലെന്ന കാര്യം ഓർത്തോളൂ. ഇതിനെ നേരിടേണ്ടതെങ്ങനെയെന്നു നോക്കാം.
തെറ്റ് തിരുത്തുന്നത് എങ്ങനെ?
- കുഞ്ഞുങ്ങൾ നല്ലവരായി വളരാൻ ഏറ്റവും പ്രധാനം നിങ്ങൾ ഒരു നല്ല രക്ഷകർത്താവായിരിക്കുക എന്നതാണ്.
- സ്നേഹത്തോടെ തിരുത്തുക. കുറ്റപ്പെടുത്താതെയും ഒറ്റപ്പെടുത്താതെയും ഒപ്പം നിൽക്കാൻ അച്ഛനമ്മമാരുണ്ടെന്ന തോന്നൽ കുഞ്ഞുങ്ങളെ ആത്മവിശ്വാസം ഉള്ളവരാക്കി മാറ്റും.
- വികൃതി പരിധികടക്കുന്നുണ്ടെന്ന് വന്നാൽ അവരെ വിളിച്ചിരുത്തി കണ്ണിൽ നോക്കി ക്ഷമയോടെ സംസാരിക്കുക. വാരി വലിച്ചിട്ട സാധനങ്ങൾ സ്വയം അടുക്കിവെക്കാനും കേടാക്കിയ വസ്തു സ്വയം നന്നാക്കാനും അവരോട് ആവശ്യപ്പെടാം.
- കുഞ്ഞുങ്ങളെ അധിക്ഷേപിച്ചും കുറ്റപ്പെടുത്തിയും വാക്കുകൾ ഉപയോഗിക്കുമ്പോൾ നാളെ അതേ വാക്കുകൾ അവർ മറ്റുള്ളവരുടെ നേരെയും ഉപയോഗിച്ചേക്കാമെന്നും ഓർക്കുക. അലറിയും ആക്രമിച്ചും ആരെയും അടക്കിയിരുത്താമെന്ന മോശം സന്ദേശം അവരിൽ പതിയുകയാണ് ചെയ്യുന്നത്.
- ഗുണപരമായ രീതിയിൽ കുഞ്ഞുങ്ങളുടെ സ്വഭാവത്തെ മാറ്റിയെടുക്കാൻ കഥകളിലൂടെയും കൊച്ചു കളികളിലൂടെയും കഴിയും.
- നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ശേഷി കുട്ടികളിൽ വളർത്തിയെടുക്കാൻ അച്ഛനമ്മമാരുടെ ക്ഷമയോടെയുള്ള പെരുമാറ്റത്തിനും വാക്കുകൾക്കും കഴിയും. അവരുടെ തെറ്റുകൾക്കു നേരെ കണ്ണടയ്ക്കുന്നതും അടിച്ചും ശകാരിച്ചും തിരുത്താൻ ശ്രമിക്കുന്നതും ഒരുപോലെ ദോഷകരമാണ്.
Content Highlights: Avoid using physical punishment or harsh scolding to correct children.