ആരായിരിക്കും നിലവിളിച്ചത്? അവർ സംശയത്തോടെ മുഖത്തോട് മുഖം നോക്കി!

രവിയും ഹരിയും മുമ്പോട്ടു മാറിയതും ആ മരത്തിന്റെ മുകളിലെ ഒരു കൂറ്റൻ ശിഖരം തീപിടിച്ച് ആളിക്കത്തി.
തായ്തടിയിൽ നിന്നും അടർന്ന് ആ ശിഖരം കത്തിയെരിഞ്ഞ് അവർക്ക് സമീപം വന്നു വീണു.
ആരോ അടർത്തിയെടുത്ത് എറിഞ്ഞത് പോലെയാണ് അവർക്ക് തോന്നിയത്.
രവിയും ഹരിയും വിറച്ചുപോയി. തലമുടിനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
പച്ചമരം ഉണക്കപ്പുല്ല് കത്തുന്നതു പോലെ നിന്ന് കത്തുന്ന കാഴ്ച അവർ ആദ്യം കാണുകയായിരുന്നു.
'എന്തോ കുഴപ്പമുണ്ട്. വരൂ ഹരി... നമുക്കു പോകാം...'
വിറച്ചു കൊണ്ടാണ് ധീരനായ രവിശങ്കർ അത്രയും പറഞ്ഞത്.
എന്തോ നാശം സംഭവിക്കാൻ പോകുന്നതിന്റെ സൂചനകളാണ് തങ്ങൾക്ക് മുമ്പിൽ ഓരോന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രവിക്ക് അങ്ങനെയാണ് തോന്നിയത്.
മിന്നൽ പോലെ മനസ്സിലേക്ക് ജലജയുടെയും മോന്റെയും മുഖം കയറി വന്നു. അവർക്ക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട്. രവിയുടെ അന്ത:കരണം മന്ത്രിച്ചു.
ഒരു തീഗോളം വീടിരിക്കുന്ന ഭാഗത്തേക്ക് പറന്നുപോയത് അയാൾ ഓർത്തു.
അവർ ധൃതിയിൽ മുന്നോട്ടാഞ്ഞതും ആരോ നിലവിളിക്കുന്ന ശബ്ദം കേട്ടു.
'ആരാ അത്...?' കാതോർത്തുകൊണ്ട് രവി ചോദിച്ചു. 'പരിചയമുള്ള ശബ്ദമൊന്നുമല്ല...' ശ്രദ്ധിച്ചുകൊണ്ട് ഹരി പറഞ്ഞു.
'പോകാം... 'ഹരി പറഞ്ഞിട്ട് മുമ്പോട്ട് നടക്കാൻ ശ്രമിച്ചു.
'നിൽക്ക് ഹരി... ആരോ അപകടത്തിൽ ആണെന്നു തോന്നുന്നു. നമുക്കൊന്ന് പോയി നോക്കാം. ചിലപ്പോൾ പുഴയിൽ ചൂണ്ടയിടാൻ വന്ന നമ്മുടെ തൊഴിലാളികളിൽ ആരെങ്കിലുമാണെങ്കിലോ...?'
ഹെഡ് ലൈറ്റ് നന്നായി തലയിൽ ഉറപ്പിച്ചുകൊണ്ട് രവി പറഞ്ഞു.
'പുലിക്കയത്തിന്റെ ഭാഗത്തുനിന്നാണ് കരച്ചിൽ കേട്ടതെന്നു തോന്നുന്നു... '
അവർ പിന്തിരിഞ്ഞു പുഴയിറമ്പ് വഴി മുന്നോട്ടു നടന്നു.
അവിടുന്ന് രണ്ടുമൂന്നു ഫർലോങ്ങ് ദൂരം ഉണ്ടായിരുന്നു പുലിക്കയത്തേക്ക്. കന്നാരം പുഴയിലെ വലിയൊരു കയമാണ് പുലിക്കയം. ആ കയത്തിലും ചുറ്റിലും പ്രേതബാധ ഉണ്ടെന്നാണ് തൊഴിലാളികളുടെ വിശ്വാസം. അതുകൊണ്ട് പകൽ സമയത്ത് പോലും ആ ഭാഗത്തേക്ക് ആരും എത്തി നോക്കാറില്ല. എന്നാൽ ചില ധൈര്യശാലികൾ ചൂണ്ടയിടാൻ രാത്രികാലങ്ങളിൽ അങ്ങോട്ട് പോകാറുണ്ട്.
അങ്ങനെ വന്ന ആർക്കെങ്കിലും അപകടം പിടഞ്ഞതാണെന്ന ധാരണയിൽ രവിയും ഹരിയും പെട്ടെന്ന് പുലിക്കയം ലക്ഷ്യമാക്കി കുതിച്ചു.
നടപ്പിനും ഓട്ടത്തിനുമിടയിലുള്ള അവസ്ഥയിലായിരുന്നു അവർ. എല്ലാ ക്ഷീണവും രണ്ടുപേരും മറന്നിരുന്നു. പതിനഞ്ചു മിനിറ്റ് കൊണ്ട് അവർ പുലിക്കയത്തിനു മുകളിൽ പുഴക്കരയിൽ എത്തിച്ചേർന്നു.
കരയിൽ നിന്നും കാടുപിടിച്ചു കിടക്കുന്ന ഒരു പഴുതാരച്ചാൽ മാത്രമേ പുഴയിലേക്ക് ഇറങ്ങാൻ വഴിയായി ഉണ്ടായിരുന്നുള്ളൂ.
കിഴ്ക്കാം തൂക്കായ ഇറക്കമായിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ കയത്തിലേക്ക് മൂക്ക് കുത്തിയത് തന്നെ.
വളരെ ശ്രദ്ധയോടെ രവിയും ഹരിയും പുലിക്കയത്തിന്റെ സമീപമുള്ള പാറക്കെട്ടിൽ എത്തിച്ചേർന്നു.
ഹരി ചുറ്റും ടോർച്ച് അടിച്ചു. ഭയാനകമായ ശാന്തതയോടെ പുലിക്കയം നിശ്ചലമായി കിടക്കുന്നത് അവർ കണ്ടു.
ചുറ്റുവട്ടത്തിലെങ്ങും ആരെയും കാണാനില്ല? പിന്നെ ആരായിരിക്കും നിലവിളിച്ചത്? അവർ സംശയത്തോടെ മുഖത്തോട് മുഖം നോക്കി!
ഒരാൾ മാത്രമേ നിലവിളി കേട്ടിട്ടുള്ളൂവെങ്കിൽ മനസ്സിന്റെ തോന്നലാണെന്ന് സമാധാനിക്കാമായിരുന്നു. ഇത് പക്ഷേ തങ്ങൾ രണ്ടാളും കേട്ടതാണ്.
അതുകൊണ്ട് തോന്നലാവാൻ വഴിയില്ല.
നിലവിളിച്ചയാൾ എവിടെ?
അപ്പോഴാണ് ആരോ ഞെരങ്ങുന്നതു പോലെ ഒരു ശബ്ദം അവർ കേട്ടത്.
രവിയും ഹരിയും ഒരുപോലെ ഞെട്ടി!
'എവിടുന്നാ ആ ശബ്ദം...?' രവിചോദിച്ചു.
ഹരി ഒരിക്കൽ കൂടി ടോർച്ചടിച്ച് ചുറ്റുപാടും നോക്കി. ഒരു വലിയ പാറയുടെ മറവിൽ നിന്നാണ് ശബ്ദം കേട്ടതെന്ന് അവർക്ക് മനസ്സിലായി. ഒറ്റക്കുതിപ്പിനവർ പാറയുടെ അടുത്തെത്തി.
ടോർച്ചിന്റെ വെളിച്ചത്തിൽ അവർ ആ കാഴ്ച കണ്ടു!
ഒരു മനുഷ്യൻ പാറപ്പുറത്ത് കമിഴ്ന്നു കിടക്കുന്നു
ഹരി ടോർച്ച് അടിച്ചു പിടിച്ചു. രവി അയാളെ തിരിച്ചു കിടത്തി.
'ങേ? ..' രണ്ടു ജോഡി കണ്ണുകളിൽ നിന്നും ആ ശബ്ദം പുറത്തു വന്നു. രാമേട്ടൻ ആയിരുന്നത് !
'രാമേട്ടൻ എങ്ങനെ ഇവിടെ എത്തി..?' രവി ഹരിയോട് ചോദിച്ചു.
ഹരി രാമേട്ടനെ അടിമുടി പരിശോധിക്കുകയായിരുന്നു. തലയുടെ പിൻഭാഗം അല്പം പൊട്ടിയിട്ടുണ്ട്. അതുകൊണ്ടുള്ള ബോധക്ഷയമാണെന്ന് തോന്നുന്നു.
ഹരി തോളിൽക്കിടന്ന കിറ്റിൽ നിന്നും കുറച്ചു തുണിയെടുത്ത് രാമേട്ടന്റെ തലയിൽ കെട്ടി. പുഴയിൽ നിന്നും കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്ത് അയാളുടെ മുഖത്ത് തളിച്ചു.
ഒന്ന് ഞെട്ടിയശേഷം രാമേട്ടൻ കണ്ണു വലിച്ചു തുറന്നു. അവരെ കണ്ട് എന്താണ് സംഭവിച്ചതെന്നറിയാതെ കണ്ണു മിഴിച്ച് നോക്കി.
' രാമേട്ടാ... ഇത് ഞങ്ങളാ...' അയാളെ താങ്ങി എണീപ്പിച്ചുകൊണ്ട് ഹരി പറഞ്ഞു.
അപ്പോൾ കല്ലുകൾക്കിടയിൽ നിന്നും രാമേട്ടന്റെ ടോർച്ച് രവി എടുത്തുകൊണ്ടുവന്നു.
' രാമേട്ടൻ എങ്ങനെ ഇവിടെ എത്തി...?' വിസ്മയത്തോടെ രവി ചോദിച്ചു.
'പറയാം സാറേ..!' പേടിയോടെ ചുറ്റും നോക്കിയിട്ട് രാമേട്ടൻ പറഞ്ഞു.
' സാറന്മാരെ കാണാത്തതുകൊണ്ട് ജലജക്കൊച്ചമ്മ പറഞ്ഞയച്ചതാ... ഇതിലെ ഒരു കുറുക്കു വഴിയുണ്ട്. ഞാൻ കുറുക്കുവഴിക്ക് ഇവിടെ എത്തിയതും ആരോ പിന്നിൽ നിന്ന് അടിച്ചു. നിലവിളിച്ചത് ഓർമ്മയുണ്ട്. ' അയാൾ പറഞ്ഞു.
'നിലവിളി ഞങ്ങൾ കേട്ടത് ഭാഗ്യമായി... തിരിച്ചു പോകാൻ തുടങ്ങുകയായിരുന്നു. വരൂ...നമുക്ക് പോകാം..' രവി പറഞ്ഞു!
രവിയാണ് മുമ്പിൽ നടന്നത്. അതിനു പിന്നിൽ രാമേട്ടൻ. ഏറ്റവും പിന്നിലായി ഹരിയും.
പുഴയിൽ നിന്നും അവർ കരയ്ക്ക് കയറി. രാമേട്ടന്റെ തലയ്ക്ക് നല്ല വേദന ഉണ്ടായിരുന്നു.
'രക്തം വരവ് നിലച്ചിട്ടില്ല...' ലൈറ്റ് അടിച്ചു നോക്കിക്കൊണ്ട് ഹരി പറഞ്ഞു.
മുറിവിൽ ചുറ്റികെട്ടിയ തുണി ചോരയിൽ നനഞ്ഞു കുതിർന്നിരുന്നു.
തങ്ങൾ നേരത്തെ വിശ്രമിച്ച മരത്തിന്റെ ചുവട്ടിൽ അവർ എത്തി. തീപിടിച്ചു കത്തിക്കരിഞ്ഞ മരത്തിന്റെ കൊമ്പ് അവിടെ കിടപ്പുണ്ടായിരുന്നു.
'സാറേ...വല്ലാത്ത ക്ഷീണം.. തല ചുറ്റുന്ന പോലെ തോന്നുന്നു...' തലയ്ക്ക് പിൻഭാഗത്ത് അമർത്തി പിടിച്ചുകൊണ്ട് രാമേട്ടൻ പറഞ്ഞു.
' വീട്ടിലെത്തിയാൽ ഫസ്റ്റ് എയ്ഡ് ചെയ്യാം. രാവിലെ ഡോക്ടറെ കാണാം. കുറവില്ലെങ്കിൽ രാത്രി തന്നെ പോകാം.. ' രവി പറഞ്ഞു.
'പത്തു മിനിറ്റ് ഇവിടെ ഇരുന്നിട്ട് പോകാം...' രാമേട്ടൻ പറഞ്ഞു.
'അങ്ങനെയാവട്ടെ...'
മൂവരും മരത്തിന്റെ ചുവട്ടിൽ പാറപ്പുറത്ത് ഇരുന്നു. കത്തിക്കരിഞ്ഞു കിടക്കുന്ന മരക്കൊമ്പു ചൂണ്ടിക്കൊണ്ട് കുറച്ചുമുമ്പുണ്ടായ സംഭവം രവി രാമേട്ടനോട് പറഞ്ഞു. അത്ഭുതത്തോടെ അയാൾ കേട്ടിരുന്നു.
'ഈ കാട്ടിൽ ഇതൊക്കെ സർവസാധാരണമാണ് സാറേ... അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്... ഇന്ന് വീടിനുള്ളിൽ ഒരു തീപിടുത്തം ഉണ്ടായി... '
'എന്ത് ...? ' രവി അമ്പരന്നുപോയി.
'അതേ സാറേ... ഇന്ന് രാത്രിയാണ് സംഭവം. വീട്ടിനുള്ളിൽ നിന്നും ഭയങ്കര വെളിച്ചം കണ്ടു ഞാൻ മുറിയിൽ നിന്നും ഓടി ചെല്ലുമ്പോൾ അകത്തു തീ ആളിപ്പടർന്ന് കത്തുന്നു. ജലജ കൊച്ചമ്മയെ വിളിച്ചിട്ട് കേൾക്കുന്നുമില്ല. ഒടുവിൽ ഞാൻ വാതിൽ ചവിട്ടിത്തുറന്നുനോക്കുമ്പോൾ....!
രാമേട്ടൻ ഒന്ന് നിർത്തി.
' നോക്കുമ്പോൾ.. രവി ഉദ്വിഗ്നനായി.
'കൊച്ചമ്മ തറയിൽ ബോധംകെട്ട് കിടക്കുന്നു. ജനൽ കർട്ടൻ കത്തി തീരാറായി. കൊച്ചമ്മയുടെ സാരിത്തുമ്പിനും തീ പിടിച്ചിരുന്നു. അപ്പോഴെങ്കിലും ഞാൻ കണ്ടത് ഭാഗ്യമായി.'
ഒരു കിതപ്പോടെ രാമേട്ടൻ പറഞ്ഞു നിർത്തി.
കുറച്ചുമുമ്പ് തന്റെ മനസ്സിൽ എന്തോ ആപത് ശങ്ക ഉണ്ടായ കാര്യം രവി ഓർമ്മിച്ചു. അപ്പോഴാണ് വീടിനു നേരെ ഒരു തീ ഗോളം പറന്നു പോയ കാര്യം ഓർത്തത്.
'ആ തീഗോളം ആയിരിക്കണം വീട്ടിൽ തീപിടുത്തം ഉണ്ടാകാൻ കാരണം... '
'ഏത് തീ ഗോളം..?' ഒന്നും മനസ്സിലാകാതെ രാമേട്ടൻ രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കി.
രവി തങ്ങൾ തീഗോളം പറന്നുപോകുന്നത് കണ്ടത് രാമേട്ടനോട് പറഞ്ഞു.
' എന്റെ സാറേ... ഇന്ന് വെള്ളിയാഴ്ചയാണെന്നറിഞ്ഞുകൂടെ.. ദുഷ്ടാത്മാക്കൾ ഇറങ്ങി നടക്കുന്ന ദിവസമാ ഇന്ന്. പുലിക്കയത്തിൽ വീണ് ചത്തവന്റെ പ്രേതമാ എന്നെ അടിച്ചു താഴെയിട്ടത് ...' രാമേട്ടൻ പറഞ്ഞു.
'രവിയേട്ടാ അത് നോക്കൂ ... 'ഹരി ദൂരേക്ക് ടോർച്ചടിച്ചു. ഏതാണ്ട് നൂറ് മീറ്റർ അകലെ കുറ്റിക്കാടുകളുടെ മറവിൽ ഒരു മുയൽ നിൽക്കുന്നത് രവി കണ്ടു.
അയാൾ തോക്കെടുത്ത് ഉന്നം നോക്കി. കാഞ്ചിയിൽ വിരൽ അമർന്നു. ഒരു വെടി പൊട്ടി.
ഇപ്രാവശ്യം അതിന് വെടിയേറ്റിട്ടുണ്ടെന്ന് ഉറപ്പായിരുന്നു. 'ഹരി നീ ചെന്ന് ആ മുയലിനെ എടുത്തോണ്ട് വാ.. '
ഹരി ടോർച്ചുമായി മുയൽ വെടിയേറ്റു വീണ ഭാഗത്തേക്ക് പോയി. പോയ വേഗത്തിൽ തന്നെ അയാൾ മടങ്ങി വന്നു.
'എന്താ ഹരി..! മുയൽ എവിടെ..?'
'ഏട്ടാ...അത് മുയലല്ല...'
പേടിച്ചു വിറച്ചുകൊണ്ട് ഹരി പറഞ്ഞു.
'പിന്നെ..!?'
'ഒരു മനുഷ്യൻ...
'ങേ?' അതുകേട്ട് നെഞ്ചിൽ ശ്വാസം വിലങ്ങിയതു പോലെ രവിശങ്കർ മരവിച്ചു നിന്നുപോയി
(തുടരും)
Content Highlights: Kadal Chekuthan Horror Novel Part 4