മോമു പറഞ്ഞ കഥകൾ: നോവൽ ഭാഗം 3

#സ്വപ്ന സി. കോമ്പാത്ത്

''തമിഴ്‌നാട്ടിലെ ഏറ്റവും പ്രസിദ്ധമായ പാവയേതാണെന്ന് നിനക്കറിയാമോ?'', മോമു ചോദിച്ചു.

സത്യം പറഞ്ഞാൽ, എനിക്ക് അതിന്റെ പേരറിയുമായിരുന്നില്ല. പക്ഷേ, അത് തലയാട്ടുന്ന പാവകളാണെന്ന് അറിയാമായിരുന്നു. പണ്ടൊരിക്കൽ മുത്തച്ഛൻ ഒരു കടയിൽ അത്തരത്തിലൊന്ന് കാണിച്ചുതന്നിട്ടുണ്ട്.

''തലയാട്ടുന്ന പാവയല്ലേ? ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് പക്ഷേ, അതിന്റെ പേരറിയില്ല,'' ഞാൻ സത്യം പറഞ്ഞു.

''അതുതന്നെ, ഗുഡ് ഗേൾ...'', മോമു ചിരിച്ചു.

അന്നാ കടയിൽ വലിയ കുടവയറുള്ള ഒരു അപ്പൂപ്പനും തലയിൽ പൂ ചൂടിയ ഒരമ്മൂമ്മയും ചിരിച്ചുകൊണ്ട് തലയാട്ടിയിരുന്നത് എനിക്ക് ഓർമ്മ വന്നു.

''തഞ്ചാവൂർ ഡോൾസ് എന്നാണ് അതിന്റെ പേര്,'' മോമു പറഞ്ഞുതന്നു: ''നല്ല കളിമണ്ണുകൊണ്ടാണ് ആ പാവകളുണ്ടാക്കുന്നത്. കളിമണ്ണാണെന്നുവെച്ച് അത്ര പെട്ടെന്നൊന്നും അത് പൊട്ടില്ലാട്ടോ. തമിഴിലവരെ തഞ്ചാവൂർ തലയാട്ടിബൊമ്മകൾ എന്നാണ് പറയാറുള്ളത്.''

''എല്ലാ നാട്ടിലും ഓരോരോ തരം പാവക്കുട്ടികളുണ്ടല്ലേ?''

എന്റെ ചോദ്യം കേട്ടപ്പോൾ ഉണ്ടെന്ന അർഥത്തിൽ മോമുവും തലയാട്ടി. 'തലയാട്ടിമോമു' എന്ന് ഞാൻ പറഞ്ഞത് അവളെ രസിപ്പിച്ചു. ഞങ്ങൾ രണ്ടാളും ചിരിച്ചു.

''എനിക്കിങ്ങനെ പല നാടുകളിലുള്ള പാവകളെക്കുറിച്ചൊന്നും അറിയില്ലാട്ടോ,'' ഞാൻ പറഞ്ഞു.

''അതിനെന്താ, പാത്തുവിന് അവരെക്കുറിച്ചെല്ലാം ഞാൻ വിശദമായി പറഞ്ഞുതരാം. പാത്തു കർണാടകയെക്കുറിച്ച് കേട്ടിട്ടില്ലേ? അവിടത്തെ ഏറ്റവും പ്രധാന പാവകളാണ് ചന്നപട്ടണ ടോയ്‌സ്.''

''അതും മണ്ണുകൊണ്ട് ഉണ്ടാക്കുന്നതാണോ?''

''അല്ല പാത്തൂ, മരംകൊണ്ടുണ്ടാക്കുന്ന പ്രത്യേകതരം പാവകളാണ് അവ. കർണാടകയിലെ രാമനഗര ജില്ലയിലെ ഒരു സ്ഥലമാണ് ചന്നപട്ടണം. അവിടെ ധാരാളമായി കണ്ടുവരുന്ന 'വെട്ടുപാല' എന്ന മരത്തിന്റെ തടിയിൽനിന്നാണ് ചന്നപട്ടണപ്പാവകൾ ഉണ്ടാക്കുന്നത്. ചില ആളുകൾ ചന്ദനംകൊണ്ടും രക്തചന്ദനംകൊണ്ടുമൊക്കെ ഇപ്പോൾ പാവകളുണ്ടാക്കുന്നുണ്ട്.''

''അതിനൊക്കെ ഒരുപാട് വിലയാവുമല്ലേ, മോമൂ?''

''അതെ പാത്തൂ, അതെല്ലാം കൂടുതലായി വാങ്ങുന്നത് വിദേശികളായ ടൂറിസ്റ്റുകളാണ്. പണ്ട് ചന്നപട്ടണത്തെ 'ഗൊമ്പഗാലു ഊര്' എന്നാണ് വിളിച്ചിരുന്നത്.കന്നഡഭാഷയിലത് 'പാവക്കുട്ടികളുടെ നഗരം' എന്നാണ്,'' മോമു പറഞ്ഞു.

പാവവിശേഷങ്ങൾ പറഞ്ഞിരുന്ന് എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് എനിക്കോർമ്മയില്ല. രാവിലെ അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാനുറക്കത്തിൽനിന്ന് എഴുന്നേൽക്കുന്നത്.

''ആഹാ, പാവയെയും കെട്ടിപ്പിടിച്ചാണോ മോളുറങ്ങിയത്?''

അമ്മയുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് കഴിഞ്ഞ രാത്രിയിൽ നടന്ന സംഭവങ്ങളെല്ലാം ഓർമ്മ വന്നു. മോമുവിനെ ഒളികണ്ണിട്ട് നോക്കി. അവൾക്കിപ്പോൾ ഒരു അനക്കവുമില്ല.

'ഓ, രാത്രിമാത്രമല്ലേ, അവൾ സംസാരിക്കുകയുള്ളൂ,' എനിക്ക് പെട്ടെന്ന് ഓർമ്മ വന്നു.

ഇന്നലെ നടന്നത് അമ്മയോട് പറയണോ? സത്യം പറഞ്ഞാൽ, ഒരു ആശയക്കുഴപ്പമുണ്ട്. പറഞ്ഞാൽ അമ്മ വിശ്വസിക്കില്ലെന്ന് ഉറപ്പാണ്. ഞാൻ സ്വപ്നം കണ്ടതാണെന്നേ പറയൂ.

''അമ്മേ, ഈ പാവക്കുട്ടിക്ക് ഞാനൊരു പേര് കണ്ടുപിടിച്ചു, മോമു...'', മോമുവിനെ കൈയിലെടുത്തുകൊണ്ട് ഞാനമ്മയോട് പറഞ്ഞു.

മോമു എന്ന പേര് അമ്മയ്ക്ക് ഒരുപാടിഷ്ടമായി. അമ്മയ്ക്കുമാത്രമല്ല, വീട്ടിൽ എല്ലാവർക്കും മോമു എന്ന പേര് ഇഷ്ടമായി.

രാവിലെ സ്‌കൂളിൽ പോകാനുള്ള തിടുക്കത്തിനിടയിലും ഞാൻ ഒന്നുരണ്ടുതവണ മോമുവിന്റെ അടുത്ത് പോയി വിളിച്ചുനോക്കി. പക്ഷേ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടിലാണ് മോമു കിടക്കുന്നത്.

(തുടരും….)

Content Highlights: Continuation of the engaging children's novel series by Swapna C. Kombath.