AI ലോകത്തെ ഈ ‘പണക്കാരനെ’ അറിയാമോ?

#സൂരജ് ചീക്കിലാട്ട്
എലോൺ മസ്കും ഗ്രോക്ക് ആപ്ലിക്കേഷനും
എലോൺ മസ്കും ഗ്രോക്ക് ആപ്ലിക്കേഷനും

ചാറ്റ് ജിപിടിയുടെ ഗിബ്ലി ചിത്രങ്ങൾ ട്രെൻഡിങ്ങായപ്പോഴാണ് എഐ ലോകത്ത് മറ്റൊരാളും ശ്രദ്ധനേടിയത്. ഗിബ്ലി ചിത്രങ്ങൾ എല്ലാവർക്കും ഫ്രീയായി നിർമിച്ചുനൽകുന്ന ‘ഗ്രോക്ക് AI’ എന്ന വിരുതൻ. എന്താണീ ഗ്രോക്കെന്നും ആരാണിതിന്റെ ഉടമയെന്നും ഇന്റർനെറ്റിൽ തിരഞ്ഞവർ ഞെട്ടി. ലോകത്തെ ഏറ്റവും സമ്പന്നനും എക്സിന്റെ ഉടമയുമായ സാക്ഷാൽ ഇലോൺ മസ്‌ക്!
എന്താണ് ഗ്രോക്ക്?
ഇലോൺ മസ്‌കിന്റെ കമ്പനിയായ xAI വികസിപ്പിച്ചെടുത്ത ഒരു എഐ ചാറ്റ്ബോട്ടാണ് ഗ്രോക്ക്. ചാറ്റ്ജിപിടിയെയും ഗൂഗിൾ ജെമിനിയെയും പോലെ ടെക്സ്റ്റ് ജനറേറ്റ് ചെയ്യാനും സംഭാഷണങ്ങളിലേർപ്പെടാനും ഗ്രോക്കിന് കഴിയും. ഇപ്പോൾ നമ്മുടെ കമാൻഡിനനുസരിച്ച് ചിത്രങ്ങൾ നിർമിക്കാനുള്ള സൗകര്യവും ഗ്രോക്കിലുണ്ട്.
മസ്‌കിന്റെ പ്രതികാരം!
2015-ൽ ഇലോൺ മസ്‌കും സാം ആൾട്ട്മാനുമുൾപ്പെട്ട സംഘമാണ് ‘ഓപ്പൺ എഐ’ എന്ന കമ്പനി സ്ഥാപിച്ചത്. 2018-ൽ അധികാരപോരാട്ടങ്ങളെത്തുടർന്ന് മസ്‌ക് കമ്പനി വിട്ടു. സാം ആൾട്ട്മാന്റെ നേതൃത്വത്തിലാണ് 2022-ൽ ഓപ്പൺ AI, ചാറ്റ്ജിപിടി അവതരിപ്പിച്ചത്. ഓപ്പൺ എഐയുടെയും ചാറ്റ്ജിപിടിയുടെയും ഒത്ത എതിരാളി എന്നനിലയിലാണ് മസ്‌കിന്റെ xAI-യും ഗ്രോക്കും വളർന്നുവരുന്നത്.
ലൈവാണ്, സ്‌മാർട്ടാണ്
മനുഷ്യനുമായി ആശയവിനിമയം നടത്താൻ കഴിയുന്ന ലാർജ് ലാംഗ്വേജ് മോഡൽ (LLM) എന്ന എഐ ടെക്‌നോളജി നമ്മൾ പരിചയപ്പെട്ടിട്ടുണ്ടല്ലോ. ഇതടിസ്ഥാനമാക്കിയാണ് ഗ്രോക്കും പ്രവർത്തിക്കുന്നത്. ഇന്റർനെറ്റിൽനിന്ന് ശേഖരിച്ച വൻതോതിലുള്ള ഡേറ്റയിൽ ഗ്രോക്ക് പരിശീലനം നേടിയിട്ടുണ്ട്. എന്നാൽ, ഗ്രോക്കിനെ വ്യത്യസ്തനാക്കുന്നത് മറ്റൊരു പ്രത്യേകതയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്സിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കാൻ ഗ്രോക്കിന് കഴിയും. അതായത്, നിലവിൽ നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുടെ വിവരങ്ങൾ ഗ്രോക്ക് നമുക്ക് തരും. ചാറ്റ് ജിപിടിക്കാകട്ടെ, 2023-ന് ശേഷമുള്ള വിവരങ്ങൾ കൃത്യമായി തരാൻ ബുദ്ധിമുട്ടാണ്. ലോകത്തെ ലൈവ് വിവരങ്ങൾ നൽകാൻ ഗ്രോക്കിന് കഴിയുമെന്നും ഇത് മറ്റ് മോഡലുകളെയപേക്ഷിച്ച് വലിയ നേട്ടമാണെന്നും മസ്‌ക് അവകാശപ്പെടാൻ കാരണമിതാണ്.

Content Highlights: groak ai can generate ghibli images for free