ഭാഷ ചിൽ ആക്കും QuillBot!

കൂട്ടുകാർ വലിയ ഇംഗ്ലീഷ് പാരഗ്രാഫുകൾ വായിക്കുമ്പോൾ അർഥം മനസ്സിലാകാതെ ബുദ്ധിമുട്ടാറുണ്ടോ? പലപ്പോഴും കട്ടിയുള്ള ഭാഷ വില്ലനാവും.
അവിടെ നമ്മെ സഹായിക്കാനെത്തുന്ന A.I. ചങ്ങാതിയെ പരിചയപ്പെടാം. അവനാണ് QuillBot. നമ്മൾ നൽകുന്ന വാക്യങ്ങൾ അതിന്റെ അർഥം മാറാതെ, സിംപിളായ വാക്കുകളുപയോഗിച്ച് മാറ്റിയെഴുതുകയാണ് ഈ ചങ്ങാതി ചെയ്യുന്നത്. അർഥം മാറാതെ ഒരു വാക്യം മറ്റു വാക്കുകളുപയോഗിച്ച് മാറ്റിയെഴുതുന്നതിനെ പാരാഫ്രേസിങ് എന്നാണ് പറയുന്നത്. കൂട്ടുകാർ മുതിർന്ന ക്ലാസുകളിൽ പാരാഫ്രേസിങ്ങിനെക്കുറിച്ച്
കൂടുതൽ പഠിക്കും.
സ്മാർട്ടാണ് QuillBot
ബ്രൗസറിൽ quillbot.com എന്ന് ടൈപ്പ് ചെയ്താൽ നമുക്ക് വെബ്‌സൈറ്റിലെത്തിച്ചേരാം. ശേഷം നമ്മുടെ ഇ-മെയിൽ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. Try Sample Text അല്ലെങ്കിൽ Paste Text എന്ന ഭാഗത്താണ് സംശയമുള്ള പാരഗ്രാഫ് നൽകേണ്ടത്. ശേഷം Paraphrase എന്ന പച്ചബട്ടൺ അമർത്തിയാൽ മതി, സിംപിളായ പാരഗ്രാഫ് റെഡി.
PDF ഫോർമാറ്റിലുള്ള നോട്ടുകൾ ചെറിയ പാരഗ്രാഫുകളായിവേണം Paraphrase ചെയ്യാൻ. Paraphrase Modes എന്ന ഭാഗത്ത് Natural, Formal, Academic, Creative, Simple തുടങ്ങിയ ഓപ്ഷനുകളുണ്ട്. ഇതിൽ നമുക്ക് ഇഷ്ടാനുസരണം Paraphrase ചെയ്യാവുന്നതാണ്. നമ്മുടെ കൈയിലുള്ള സിംപിൾ പാരഗ്രാഫ് ഫോർമൽ രീതിയിൽ മാറ്റിയെഴുതാനും QuillBot സഹായിക്കും.
QuillBot എടുത്താൽ
എട്ടുണ്ട് കാര്യം!
വിവിധ ആപ്പുകളിലായി നാമുപയോഗിക്കുന്ന എട്ടോളം ഫീച്ചറുകൾ നമുക്ക് QuillBotൽ ലഭിക്കും. പാരാഫ്രേസറിനെക്കൂടാതെ ഗ്രാമർ ചെക്കർ, ട്രാൻസ്ലേറ്റർ, സമ്മറൈസർ തുടങ്ങിയ ഫീച്ചറുകളും QuillBotൽ ഉണ്ട്. കോളേജ് പ്രോജക്ടുകൾക്ക് സഹായിക്കുന്ന പ്ലേജറിസം ചെക്കർ, സൈറ്റേഷൻ ജനറേറ്റർ തുടങ്ങിയവയും QuillBotന്റെ സവിശേഷതയാണ്.
QuillBot നിസ്സാരക്കാരനല്ലെന്ന് മനസ്സിലായില്ലേ. കോളേജിൽ പഠിക്കുന്ന ചേട്ടൻമാർക്കും ചേച്ചിമാർക്കും പരിചയപ്പെടുത്താൻ മറക്കണ്ട.
Content Highlights: artificial intelligence tool for creating simple paragraphs, paraphrasing sentences checking grammar