രണ്ടുമിനിറ്റുമതി, കിടിലന്‍ വെബ്സൈറ്റുണ്ടാക്കാം

#സൂരജ് ചീക്കിലാട്ട്
ലോഗോ
ലോഗോ

കൂട്ടുകാർ ഇന്റർനെറ്റ് വഴി വിവിധ വെബ്സൈറ്റുകൾ സന്ദർശിക്കാറില്ലേ? ഓൺലൈൻ ഷോപ്പിങ്‌, ന്യൂസ് റീഡിങ്‌, എഐ ടൂളുകൾ ഉപയോഗിക്കൽ, സ്പോർട്സ് സ്‌കോറുകൾ ട്രാക്ക് ചെയ്യൽ തുടങ്ങി ബ്രൗസറിൽ എന്തിനും നമ്മൾ ആശ്രയിക്കുന്നത് വെബ്സൈറ്റുകളെയാണ്. 
ഒരുപാട് വിവരങ്ങൾ ഒരു ലൈബ്രറിയിലെന്നപോലെ വെബ്സൈറ്റിൽ അടുക്കിവെച്ചിരിക്കും. അതിൽനിന്ന്‌ നമുക്കുവേണ്ട കാര്യങ്ങൾ കണ്ടെത്താനും എളുപ്പമാണ്.

നമ്മൾ സന്ദർശിക്കാറുള്ള വെബ്സൈറ്റുകളുടെ ചിത്രം ഒന്ന്‌ മനസ്സിൽ കണ്ടുനോക്കൂ. ചിലത് കളർഫുൾ ആയിരിക്കും. മറ്റൊന്നിൽ മിന്നിമറയുന്ന അക്ഷരങ്ങളുണ്ടാകും. ചിലപ്പോൾ വെബ്സൈറ്റിലെ ചിത്രങ്ങളായിരിക്കും നമ്മെ ആകർഷിക്കുന്നത്. നമ്മൾ ഓൺലൈനിൽ ഒരു സാധനം വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിൽ വെബ്സൈറ്റിന് പങ്കുണ്ട് എന്ന് പറഞ്ഞാൽ കൂട്ടുകാർ വിശ്വസിക്കുമോ? 

വെബ്സൈറ്റിൻ്റെ ശില്പികൾ!  
ഒരു വെബ്സൈറ്റിൽ കയറുമ്പോൾ ‘ഹായ് എന്തൊരു കിടിലൻ ഡിസൈനാ’ എന്ന് നമ്മൾ അദ്ഭുതപ്പെടുന്നുണ്ടെങ്കിൽ അതിനു പുറകിൽ വെബ് ഡിസൈനർമാരുടെ മിടുക്കാണ്. വെബ്സൈറ്റ് നിർമിക്കുന്നതാവട്ടെ, വെബ് ഡെവലപ്പർമാരും. 

ഒരാളെ പരിചയപ്പെടുത്താം! 
ഓൺലൈനിൽ കാണുന്നതുപോലുള്ള കിടിലൻ വെബ്സൈറ്റുകൾ നമുക്കും നിർമിക്കാം. അതിന് എഐ സഹായിക്കും. https://hocoos.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മാത്രം മതി.
ആരാണ് Hocoos? 
ചെറിയ ബിസിനസ് വെബ്സൈറ്റുകൾ നിർമിക്കാൻ സഹായിക്കുന്ന എഐ വെബ്സൈറ്റാണിത്. നമുക്ക് ബർത്ത്ഡേ കേക്കുകൾ നിർമിക്കുന്ന ഒരു ചെറിയ ബിസിനസ് ഉണ്ടെന്നിരിക്കട്ടെ. നമ്മുടെ നമ്പറും കേക്കുകളുടെ ഫോട്ടോയുമെല്ലാം ഉപയോഗിച്ച് അടിപൊളി വെബ്സൈറ്റ് Hocoos നിർമിച്ചുതരും. ഇത് കൂടുതൽപേരിലേക്ക് ബിസിനസ് വളർത്താനും സഹായിക്കും. 

ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ...
Hocoos- ൽ സൈൻ ഇൻ ചെയ്താൽ നമ്മുടെ ബിസിനസിനെക്കുറിച്ച് Hocoos ചില ചോദ്യങ്ങൾ ചോദിക്കും. ശേഷം ഡിസൈനിങ്‌. നമുക്ക് ഇഷ്ടപ്പെട്ട ഫോണ്ടുകളും ചിത്രങ്ങളുമെല്ലാം ചേർക്കാനും എഡിറ്റ് ചെയ്യാനുമെല്ലാം സാധിക്കും. 
ഇതാ വെബ്സൈറ്റ് റെഡി! 
Hocoos ഉപയോഗിച്ച് നമുക്ക് എത്ര വെബ്സൈറ്റ് വേണമെങ്കിലും നിർമിക്കാം. ഇവ പണംനൽകി സ്വന്തമാക്കാനുള്ള സൗകര്യവുമുണ്ട്. വെക്കേഷനല്ലേ വരുന്നത്, സ്കൂൾ തുറക്കുമ്പോഴേക്കും സ്കൂളിനായി ഒരു വെബ്സൈറ്റ് നിർമിച്ചുനോക്കൂ.
 

Content Highlights: we can purchase our own webiste from hocoos