AI - യോട് കണക്കുചോദിച്ചാലോ?

ഹോംവർക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ റീനുവിന് ഒരു സംശയം. വൃത്തത്തിന്റെ പരപ്പളവ് കാണാനുള്ള സമവാക്യം എന്തായിരുന്നു? ചേച്ചി പത്താംക്ലാസ്സിലല്ലേ, ചോദിച്ചുനോക്കാം.
“നീയൊന്നു പോയേ, ഞാനിവിടെ സൈനും കോസും കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാ. എന്റെ ഹോംവർക്കിന്റെ ഉത്തരം ചാറ്റ് GPT- യ്ക്കു പോലും അറിയില്ല,” ചോദ്യവുമായെത്തിയ റീനുവിനെ ചേച്ചി ഓടിച്ചു.
എങ്ങനെയെങ്കിലും ഇതിനൊരു പരിഹാരം കണ്ടെത്തണം. വിക്കിച്ചേട്ടൻ എഐ ലോകത്തെ ബുദ്ധിജീവിയാണല്ലോ. വിളിച്ചുനോക്കാം. റീനു കസിൻ വിക്കിയെ ഫോൺ ചെയ്തു.
“അപ്പോൾ കണക്കിലെ ചോദ്യങ്ങൾക്ക് ഉത്തരം തരുന്ന എഐ അപ്ലിക്കേഷൻ വേണമല്ലേ.. ഇതാ പിടിച്ചോ..” വിക്കിയുടെ മറുപടി വന്നു:
ഫോട്ടോ മതി, ഉത്തരം റെഡി!
ഗണിതത്തിലെ ഏത് ചോദ്യത്തിനും എളുപ്പത്തിൽ ഉത്തരം നൽകുന്ന എഐ ആപ്ലിക്കേഷനാണ് Photomath. ഉത്തരങ്ങൾ മാത്രമല്ല, ഉത്തരത്തിലേക്കെത്തിയ സ്റ്റെപ്പുകളും ആപ്പ് കൃത്യമായി ചെയ്തുകാണിച്ചുതരും. ഇനി ആപ്പിനോട് എങ്ങനെ ചോദ്യം ചോദിക്കുമെന്നല്ലേ? സംശയമുള്ള ചോദ്യത്തിന്റെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്താൽ മാത്രം മതി, ഉത്തരം റെഡിയാവും.
സൂപ്പർ കാൽക്കുലേറ്റർ!
ചെറിയ കണക്കുമുതൽ ഇന്റഗ്രേഷനും ഡിഫറൻസിയേഷനും വരെ ചെയ്തുനോക്കാൻ കഴിയുന്ന കിടിലൻ കാൽക്കുലേറ്റർ ഈ ആപ്പിലുണ്ട്. സൈനും കോസും ടാനുമൊന്നും ഇനി ബുദ്ധിമുട്ടിക്കില്ല!
സർവം എഐ മയം!
ഏത് ചോദ്യങ്ങൾക്കും ഇത്രയെളുപ്പം എങ്ങനെ ഉത്തരം കിട്ടുന്നു എന്നതിലാണ് എഐ മായാജാലം. ചോദ്യത്തിനനുസരിച്ച് കൃത്യമായ സമവാക്യങ്ങൾ ഉപയോഗിക്കുന്നതും ഉത്തരങ്ങൾ വിവരിക്കുന്നതുമെല്ലാം എഐ ടെക്നോളജി ഉപയോഗിച്ചാണ്.
അനിമേഷൻ കാണാം, കൂടുതൽ പഠിക്കാം
പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും Photomath ആപ്ലിക്കേഷൻ ലഭിക്കും. ആപ്പിന്റെ പ്ലസ് പാക്കേജ് വാങ്ങിയാൽ ജിയോമെട്രി, ഗ്രാഫുകൾ എന്നിവ ഉപയോഗിച്ചുള്ള അനിമേറ്റഡ് രീതിയിൽ ഉത്തരങ്ങൾ കാണാം.
“വിക്കിചേട്ടൻ ഒരു സംഭവം തന്നെ” കണക്ക് ചോദിക്കാൻ പുതിയ എഐ ചങ്ങാതിയെ കിട്ടിയ സന്തോഷത്തിൽ റീനു പറഞ്ഞു.
“ഹ! ഹ! ബാലഭൂമിയിലെ HAI പേജ് സ്ഥിരമായി വായിച്ചോ. ഇതുപോലെയുള്ള കിടിലൻ എഐ ടൂൾസിനെ പരിചയപ്പെടാം,” വിക്കി ഗമയിൽ സൂത്രം പങ്കുവെച്ചു.
Content Highlights: we can scan and upload maths problems