കരയുന്ന കുപ്പി: കുപ്പിക്കുള്ളിൽ നിന്ന് ശബ്ദം കേൾക്കുന്ന പരീക്ഷണം

ആവശ്യമായ സാധനങ്ങൾ:
വാവട്ടം കൂടിയ ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ, 2 പഴയ സ്‌കെച്ച് പെൻ, 2 ബലൂൺ
പരീക്ഷണരീതി:
കുപ്പിയുടെ മൂടി ഒഴിവാക്കുക. കുപ്പിയുടെ വായഭാഗത്ത് പൊട്ടിയ ബലൂണിന്റെ കഷണം വലിച്ചുകെട്ടുക. കുപ്പിയുടെ അടിഭാഗത്തായി സ്‌കെച്ച്പേന കടക്കുന്നരീതിയിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കുക. പേനയുടെ കൂർത്ത അറ്റം മുറിച്ചുമാറ്റിയശേഷം കുഴൽ ഈ ദ്വാരത്തിലൂടെ കുപ്പിക്കുള്ളിൽ കടത്തി ബലൂണിനോട് ചേർന്നുനിൽക്കുന്നരീതിയിൽ വയ്ക്കുക. പേനയുടെ പിന്നിലെ അടപ്പും ഊരിമാറ്റണം.
രണ്ടാമത്തെ പേനയുടെ അടപ്പ് ഒഴിവാക്കിയശേഷം കൂർത്ത അറ്റം മുറിച്ചുമാറ്റുക. കുപ്പിയുടെ വശത്ത് ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിൽ രണ്ടാമത്തെ കുഴൽ കയറ്റിവയ്ക്കുക. ഈ കുഴലിന്റെ പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗത്ത് ഒരു ബലൂൺ കെട്ടിയുറപ്പിക്കുക.
പ്രവർത്തിപ്പിക്കുന്ന രീതി:
ബലൂൺ കെട്ടിയ സ്‌കെച്ച് പേന ഊരിയെടുത്ത് ബലൂൺ ഊതിവീർപ്പിക്കുക. ശേഷം ഇത് കുപ്പിക്കുള്ളിലേക്ക് കടത്തിവയ്ക്കുക. ബലൂണിലെ വായു കുപ്പിക്ക് അടിവശത്ത് സ്ഥാപിച്ച കുഴലിലൂടെ പുറത്തുപോകും. അപ്പോൾ മനോഹരമായ ശബ്ദം കേൾക്കാം.
ശാസ്ത്രതത്വം:
ബലൂണിൽനിന്ന് വായു കുപ്പിക്കുള്ളിലേക്ക് കടക്കുമ്പോൾ അതിനുള്ളിലെ മർദം കൂടും. ഈ വായു കുപ്പിക്കടിയിൽ സ്ഥാപിച്ച കുഴലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കും. ആ സമയത്ത് ഈ കുഴലിനോട് തൊട്ടുകിടക്കുന്ന ബലൂൺ വിറയ്ക്കാൻതുടങ്ങും. കുപ്പിക്കുള്ളിലെ വായുവും കമ്പനംചെയ്യും. ഇതാണ് ശബ്ദമുണ്ടാകാൻ കാരണം.
Content Highlights: Step-by-step assembly using plastic bottles and sketch pens, Demonstrates principles of air pressure and sound vibration.