ഉപ്പ് അത്ര നിസ്സാരക്കാരനല്ല, ഉപ്പിനെക്കുറിച്ച് രസകരമായ കാര്യങ്ങളറിയാം

പിങ്ക് ഉപ്പ്, ചുവന്ന ഉപ്പ്
പിങ്ക് ഉപ്പ്, ചുവന്ന ഉപ്പ്

നമ്മുടെ അടുക്കളയിലെ ചെറിയ കുപ്പിയിലിരിക്കുന്ന ഉപ്പിന് ഒട്ടേറെ 'മാന്ത്രിക ശക്തികൾ' ഉണ്ട്. ഭക്ഷണത്തിന് രുചി കൂട്ടുന്നത് മാത്രമല്ല, ഭക്ഷണം കേടാകാതെ സൂക്ഷിക്കാനും ശരീരം ശരിയായി പ്രവർത്തിക്കാനും ഉപ്പ് സഹായിക്കുന്നു.

അൽപം ചരിത്രം 
കാലങ്ങൾക്ക് മുൻപ് ഉപ്പ് ഇന്നത്തെപ്പോലെ എളുപ്പത്തിൽ കിട്ടിയിരുന്നില്ല. അതുകൊണ്ട് അതിന് സ്വർണത്തിനോളം വിലയുണ്ടായിരുന്നു!

ചില രാജ്യങ്ങളിൽ സൈനികർക്ക് ശമ്പളത്തിന്റെ ഭാഗം ഉപ്പായിട്ടാണ് നൽകിയിരുന്നത്.

ഇംഗ്ലീഷിലെ Salary എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ Sal (ഉപ്പ്) എന്ന വാക്കിൽനിന്നാണ് ഉണ്ടായത്!

മഞ്ഞുരുക്കും വിദ്യ: മഞ്ഞ് വീഴുന്ന രാജ്യങ്ങളിൽ റോഡുകളിലും നടപ്പാതകളിലും ഉപ്പ് വിതറാറുണ്ട്. ഉപ്പ് മഞ്ഞിന്റെ ഉരുകൽ താപനില (freezing- point) കുറയ്ക്കുന്നതിനാൽ, മഞ്ഞ് വേഗത്തിൽ ഉരുകുന്നു. ഇതുമൂലം റോഡുകൾ വഴുക്കാതെ വാഹനങ്ങൾക്കും ആളുകൾക്കും സുരക്ഷിതമായി യാത്രചെയ്യാൻ കഴിയും.

കേടാവാത്ത മമ്മി: പുരാതന ഈജിപ്തിൽ മമ്മികൾ ഉണ്ടാക്കാൻ ഉപ്പ് ഉപയോഗിച്ചിരുന്നു. 'നാട്രോൺ' (Natron) എന്ന പ്രത്യേകതരം പ്രകൃതിദത്ത ഉപ്പ് ഉപയോഗിച്ച് മൃതദേഹത്തിലെ വെള്ളം നീക്കംചെയ്യും. സാധാരണ ഉപ്പും ബേക്കിങ് സോഡയും ചേർന്ന ഒരു പ്രകൃതിദത്ത മിശ്രിതമാണ് നാട്രോൺ. മൃതദേഹം കേടാകാൻ പ്രധാന കാരണം അതിലെ ജലാംശവും ബാക്ടീരിയകളുമാണ്. നാട്രോൺ ശരീരം വറ്റിച്ചുണക്കി ജലാംശം പൂർണമായും കളയുന്നു.

മൃതദേഹത്തിന്റെ അവയവങ്ങൾ നീക്കംചെയ്തശേഷം ഏകദേശം 40 ദിവസത്തോളം അതിനെ പൂർണമായി നാട്രോൺ ഉപ്പിൽ മൂടിവയ്ക്കുമായിരുന്നു.

പല തരം ഉപ്പുകൾ

1. പിങ്ക് ഉപ്പ് (Himalayan Pink Salt): പാകിസ്ഥാനിലെ ഹിമാലയൻ പർവതനിരകളിലെ ഖനികളിൽ നിന്നാണ് ലഭിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ തനിമയാർന്ന 84-ഓളം ധാതുക്കളാണ് ഇതിന് നേർത്ത പിങ്ക് നിറം നൽകുന്നത്.

2. കറുത്ത ഉപ്പ് (Black Salt): ഇന്ത്യ, നേപ്പാൾ തുടങ്ങിയ ഹിമാലയൻ മേഖലകളിൽ കാണപ്പെടുന്നതാണ് കറുത്ത ഉപ്പ്.

കല്ലുപ്പ് ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ അതിലെ സൾഫർ, മഗ്‌നീഷ്യം എന്നിവയുടെ സാന്നിധ്യം കൊണ്ടാണ് കറുപ്പും പർപ്പിളും കലർന്ന നിറമാകുന്നത്. (പൊടിക്കുമ്പോൾ ഇത് നേർത്ത റോസ്/തവിട്ട് നിറമായി മാറും).

3. നീല ഉപ്പ് (Persian Blue Salt): ഇറാനിലെ പുരാതനമായ ഉപ്പുഖനികളിൽ നിന്ന് മാത്രം ലഭിക്കുന്ന വളരെ അപൂർവ്വമായ ഉപ്പാണിത്. സിൽവിക്കോൾ എന്ന പൊട്ടാസ്യം മിനറലിന്റെ സാന്നിധ്യവും, ലക്ഷക്കണക്കിന് വർഷങ്ങളായി ഉണ്ടായ മർദ്ദം കാരണം ഇതിന്റെ ക്രിസ്റ്റൽ ഘടനയിലുണ്ടായ മാറ്റവുമാണ് നീല നിറത്തിന് കാരണം.

4. ചുവന്ന ഉപ്പ് (Hawaiian Red Alaea Sea Salt): ഹവായ് ദ്വീപുകളിൽ നിന്ന് ലഭിക്കുന്നു. ഹവായിയൻ കടലുപ്പിൽ അവിടെയുള്ള അഗ്‌നിപർവ്വതങ്ങളിൽ നിന്നുള്ള 'അലേയാ' (Alaea) എന്ന പ്രത്യേക ചുവന്ന കളിമണ്ണ് കലരുമ്പോഴാണ് ഇതിന് കടും ചുവപ്പ് നിറം ലഭിക്കുന്നത്.

Content Highlights: Salt was historically so valuable that it was used as currency and soldiers' pay., Salt lowers the freezing point of water, making it useful for melting snow on roads., Ancient Egyptians used a natural salt mixture called Natron for mummification.