രാത്രി ഇരുട്ടിയപ്പോൾ ഉണ്ണിക്കുട്ടൻ എങ്ങനെ വീടെത്തി? കഥ വായിച്ചോളൂ...

കുറച്ചുദൂരെയുള്ള ഒരു ചങ്ങാതിയുടെ വീട്ടിൽ കളിക്കാൻ പോയതാണ് ഉണ്ണിക്കുട്ടൻ. ''മോനേ, നേരമിരുട്ടും മുൻപ് ഇങ്ങു വരണേ!'', പോകും മുൻപ് അമ്മ പറഞ്ഞു. എന്നാൽ കളിക്കിടയിൽ അവൻ അതെല്ലാം മറന്നു. കുറേനേരം കഴിഞ്ഞ് അവൻ പുറത്തേക്കു നോക്കി. ''ഹയ്യയ്യോ! നേരം വല്ലാതെ ഇരുട്ടിയല്ലോ!'' ഉണ്ണിക്കുട്ടൻ വേഗം വീട്ടിലേക്കോടി. ചെടികൾ നിറഞ്ഞ വഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ

അവനു വല്ലാതെ പേടിയായി. അപ്പോഴതാ ഒരിത്തിരി വെട്ടം! ഒരു മിന്നാമിന്നിയായിരുന്നു അത്. അപ്പോഴേക്കും കുറേ മിന്നാമിന്നികൾകൂടി അങ്ങോട്ടെത്തി. ഉണ്ണിക്കുട്ടന് ആശ്വാസമായി.

അവൻ അവരുടെ വെളിച്ചത്തിൽ മുന്നോട്ടു നടന്നു. അപ്പോഴതാ അമ്മ അവനേയും തേടി വരുന്നു. ഉണ്ണിക്കുട്ടന് സന്തോഷമായി. വൈകിയതിന് അവൻ അമ്മയോട് മാപ്പ് ചോദിച്ചു. എന്നിട്ട് മിന്നാമിന്നികൾക്കു നേരെ നന്ദിയോടെ കൈവീശി.

Content Highlights: Unnikuttan plays late at a friend's house and gets scared in the dark