കുഞ്ഞിക്കുരുവിയുടെ ഊഞ്ഞാലാട്ടം! കഥ വായിക്കാം

ഈ കുഞ്ഞിക്കുരുവിയെക്കൊണ്ട് തോറ്റല്ലോ! കഥ വായിക്കാം
പണ്ടുപണ്ട് ഒരു കുരുവിയുണ്ടായിരുന്നു. ഒരുദിവസം അവൻ പറന്നുചെന്ന് ഒരു മുൾച്ചെടിയിലിരുന്നു. കുരുവി പതിയെ മുൾച്ചെടിയോടു ചോദിച്ചു: ''മുൾച്ചെടീ, എന്നെയൊന്ന് ഊഞ്ഞാലാട്ടാമോ?''
''എന്നെക്കൊണ്ട് വയ്യ!'', മുൾച്ചെടി മുഖംതിരിച്ചു. അതുകേട്ട് കുരുവിക്ക് ആകെ സങ്കടമായി. കുറച്ച് ദേഷ്യവും വന്നു. അവൻ പറന്ന് ഒരു ആടിന്റെ അടുത്തെത്തിയിട്ട് പറഞ്ഞു: ''ആടേ, ഈ കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടി കരളൂ.''
''നീയൊന്ന് പോയേ, എനിക്കു വേറെ പണിയുണ്ട്!'', ആട് ഒഴിഞ്ഞുമാറി.
ഇപ്പോൾ കുരുവി ശരിക്കും ദേഷ്യംകൊണ്ട് വിറച്ചു. അവൻ പറന്നുപൊങ്ങി ചെന്നായയുടെ അടുത്തെത്തി. ''ചെന്നായേ, കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടിയെ കരളാത്ത ആടിനെ തിന്നൂ, വേഗം...''
''എനിക്കിപ്പൊ വിശക്കുന്നില്ല. നീ പോയിട്ട് പിന്നെ വാ!'', ചെന്നായ തീർത്തുപറഞ്ഞു.
കലിപൂണ്ട കുരുവി അവിടെനിന്നു പറന്ന് കുറെ ആളുകളുടെ അടുത്തുചെന്ന് നിർദേശിച്ചു: ''നാട്ടുകാരേ, കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടി കരളാത്ത ആടിനെ തിന്നാത്ത ചെന്നായയെ കൊല്ലൂ.''
''ഒന്നു പോടാ അവിടന്ന്!'', ആളുകൾ മുഖം കോട്ടി. ചമ്മിപ്പോയ കുരുവിക്ക് അവരെ കൊത്തിക്കീറാനുള്ള ദേഷ്യം തോന്നി.
അരിശംപിടിച്ച കുരുവി പറന്ന് ആളുന്ന തീയിനടുത്തെത്തി ഇങ്ങനെ പറഞ്ഞു: ''തീയേ, കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടിയെ കരളാത്ത ആടിനെ തിന്നാത്ത ചെന്നായയെ കൊല്ലാത്ത ആളുകളെ കരിച്ചുകളയൂ.''
''കുരുവീ, നീ നിന്റെ പാട്ടിനുപോയില്ലെങ്കിൽ ഞാൻ നിന്നെ കരിക്കും!'', തീ വീണ്ടുമൊന്നാളി. ഇതിങ്ങനെ വിട്ടാൽ പറ്റില്ല, കുഞ്ഞിക്കുരുവി ആലോചിച്ചു. അവൻ പിന്നീട് പോയത് വെള്ളത്തിന്റെയടുത്തേക്കാണ്. അവൻ വെള്ളത്തോട് അല്പം മയത്തിൽ പറഞ്ഞുനോക്കി: ''വെള്ളമേ, കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടിയെ കരളാത്ത ആടിനെ തിന്നാത്ത ചെന്നായയെ കൊല്ലാത്ത ആളുകളെ കരിക്കാത്ത തീയിനെ കെടുത്തൂ.''
''നിന്റെ കളിക്ക് ഞാൻ നിന്നാൽ ആവശ്യക്കാർക്ക് വെള്ളം കിട്ടില്ല! അതുകൊണ്ട് ഞാൻ പോകുന്നു!'', വെള്ളം അവനുമുന്നിലൂടെ ആർത്തലച്ച് ഒഴുകിപ്പോയി. ദേഷ്യംകൊണ്ടു വിറച്ച കുരുവി പറന്ന് കാളയുടെ മുൻപിലെത്തി: ''കാളേ, കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടിയെ കരളാത്ത ആടിനെ തിന്നാത്ത ചെന്നായയെ കൊല്ലാത്ത ആളുകളെ കരിക്കാത്ത തീയിനെ കെടുത്താത്ത വെള്ളം കുടിച്ചുവറ്റിക്കൂ.''
''ഞാനിപ്പൊ വെള്ളം കുടിച്ചതേയുള്ളൂ. ഇനിയും കുടിച്ചാൽ എന്റെ വയറ് പൊട്ടിപ്പോകും!'', കാള കൊമ്പുകുലുക്കിപ്പറഞ്ഞു. കുരുവി കൊക്കിറുമ്മിപ്പറന്ന് കോടാലിപ്പിടിയെ കണ്ട് പറഞ്ഞു: ''കോടാലിപ്പിടീ, കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടിയെ കരളാത്ത ആടിനെ തിന്നാത്ത ചെന്നായയെ കൊല്ലാത്ത ആളുകളെ കരിക്കാത്ത തീയിനെ കെടുത്താത്ത വെള്ളം കുടിച്ചുവറ്റിക്കാത്ത കാളയെ കശാപ്പുചെയ്യൂ.''
''എനിക്ക് ഒരുപാട് മരം വെട്ടാനുണ്ട്!'', കോടാലിപ്പിടിയും കുരുവിയുടെ വഴിക്ക് വന്നില്ല.
കുഞ്ഞിക്കുരുവി വീണ്ടും പറന്ന് പുഴുക്കളുടെ അടുത്തെത്തി പറഞ്ഞു: ''കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടിയെ കരളാത്ത ആടിനെ തിന്നാത്ത ചെന്നായയെ കൊല്ലാത്ത ആളുകളെ കരിക്കാത്ത തീയിനെ കെടുത്താത്ത വെള്ളം കുടിച്ചുവറ്റിക്കാത്ത കാളയെ കശാപ്പുചെയ്യാത്ത കോടാലിപ്പിടിയെ കരണ്ടുതിന്നൂ.''
''ഞങ്ങളില്ല. പല്ലിന് മൂർച്ച കുറഞ്ഞിരിക്കുകയാ!'', കോടാലിപ്പിടിയെ കരളാനില്ലെന്ന് പുഴുക്കളും പറഞ്ഞു.
അവിടന്നും പറന്ന് കുരുവി പിടക്കോഴിയുടെ അടുത്തെത്തി: ''പിടക്കോഴീ, കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടിയെ കരളാത്ത ആടിനെ തിന്നാത്ത ചെന്നായയെ കൊല്ലാത്ത ആളുകളെ കരിക്കാത്ത തീയിനെ കെടുത്താത്ത വെള്ളം കുടിച്ചുവറ്റിക്കാത്ത കാളയെ കശാപ്പുചെയ്യാത്ത കോടാലിപ്പിടിയെ കരണ്ടുതിന്നാത്ത പുഴുക്കളെ കൊത്തിവിഴുങ്ങൂ.''
''എനിക്കു തിന്നാൻ നല്ല നെല്ലും ഗോതമ്പുമൊക്കെയുണ്ട്. പിന്നെന്തിനാ പുഴുക്കൾ!'', അതുംപറഞ്ഞ് പിടക്കോഴി കൊക്കിക്കൊക്കി നടന്നകന്നു.
ക്ഷമനശിച്ച കുരുവി പറന്നുപൊങ്ങി പ്രാപ്പിടിയനെക്കണ്ട് കെഞ്ചിപ്പറഞ്ഞു: ''പ്രാപ്പിടിയാ, കുഞ്ഞിക്കുരുവിയെ ഊഞ്ഞാലാട്ടാത്ത മുൾച്ചെടിയെ കരളാത്ത ആടിനെ തിന്നാത്ത ചെന്നായയെ കൊല്ലാത്ത ആളുകളെ കരിക്കാത്ത തീയിനെ കെടുത്താത്ത വെള്ളം കുടിച്ചുവറ്റിക്കാത്ത കാളയെ കശാപ്പുചെയ്യാത്ത കോടാലിപ്പിടിയെ കരണ്ടുതിന്നാത്ത പുഴുക്കളെ കൊത്തിവിഴുങ്ങാത്ത പിടക്കോഴിയെ റാഞ്ചിക്കൊണ്ടുപോകൂ.''
പ്രാപ്പിടിയനും തന്റെ ആവശ്യം അവഗണിക്കുമെന്നാണ് കുരുവി കരുതിയത്. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. കുരുവിയോട് സഹതാപം തോന്നിയ പ്രാപ്പിടിയൻ പിടക്കോഴിയെ റാഞ്ചാൻ ചെന്നു. പേടിച്ചുപോയ പിടക്കോടി പുഴുക്കളെ കൊത്തിവിഴുങ്ങാൻ ചെന്നു. അപകടം മണത്ത പുഴുക്കൾ കോടാലിപ്പിടി കരളാൻ തുടങ്ങി. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ കോടാലിപ്പിടി കാളയെ കശാപ്പുചെയ്യാനായി ഉരുണ്ടുചെന്നു. പ്രാണഭയംകൊണ്ട് കാള വെള്ളം കുടിച്ചുവറ്റിക്കാൻ തയ്യാറായി. ഭയന്നുവിറച്ച വെള്ളം ഓടിച്ചെന്ന് തീയിനെ കെടുത്താൻ നോക്കി. ആകെ പരിഭ്രമിച്ച തീ ആളുകളെ കരിക്കാൻ ആളി. ഇതെല്ലാം കണ്ട് ആലിലപോലെ വിറച്ച ആളുകൾ ചെന്നായയെ കൊല്ലാനൊരുങ്ങി. ജീവരക്ഷയ്ക്കായി ചെന്നായ ആടിനെ തിന്നാൻ വാപൊളിച്ചു. ആട് ജീവനുംകൊണ്ടോടി മുൾച്ചെടി കരളാൻ തുടങ്ങി. മുൾച്ചെടിക്കും പേടിയായി. അത് ഉറക്കെ വിളിച്ചുകൂവി: ''കുഞ്ഞിക്കുരുവീ, ഞാൻ എത്രനേരം വേണമെങ്കിലും നിന്നെ ഊഞ്ഞാലാട്ടിക്കൊള്ളാം...!''
അതുകേട്ട് കുരുവിയുടെ ദേഷ്യമെല്ലാം മാറി. അവൻ മുൾച്ചെടിയുടെ തണ്ടിൽ ചെന്നിരുന്നു. മുൾച്ചെടി അവനെ ദിവസങ്ങളോളം ആട്ടി. കുഞ്ഞിക്കുരുവി ഇന്നും ആ മുൾച്ചെടിയിലിരുന്ന് സുഖമായി ആടിക്കൊണ്ടിരിക്കുകയാണത്രേ!
Content Highlights: A captivating fable about persistence and negotiation., Features a little sparrow who uses a chain reaction to get his way.