മത്തങ്ങയും പടവലങ്ങയും ചങ്ങാതിമാരായതെങ്ങനെ? കഥ വായിക്കാം

#രമേശ് ചന്ദ്രവര്‍മ്മ ആര്‍.

അപ്പുണ്ണിയുടെയും അനുജത്തി അമ്മിണിയുടെയും വീട്ടിലെ അടുക്കളത്തോട്ടത്തിൽ ഒരു മത്തൻവള്ളിയും പടവലവള്ളിയുമുണ്ടായിരുന്നു.

മത്തൻവള്ളിയിൽ ഉരുണ്ട്, ഓറഞ്ച് നിറത്തിലുള്ള നല്ല മത്തങ്ങയുണ്ടായി. തൊട്ടടുത്തുതന്നെ നിന്നിരുന്ന പടവലവള്ളിയിലാവട്ടെ നീണ്ടുതുടുത്ത് മിനുത്ത ഒരു പടവലങ്ങയുമുണ്ടായി. അപ്പുണ്ണിയും അമ്മിണിയുംകൂടി മത്തനും പടവലത്തിനും വെള്ളമൊഴിച്ചു; വളമിട്ടുവളർത്തി.

ഒരുദിവസം പടവലങ്ങ മത്തങ്ങയെ നോക്കി കളിയാക്കിപ്പറഞ്ഞു:

''ഉരുണ്ട് വെറുതെ നിലത്ത് കിടക്കും

പൊണ്ണത്തടിയൻ മത്തങ്ങേ!

നിന്നെക്കാണാൻ ഇല്ലൊരു ചന്തം

നിന്നെക്കാളും സുന്ദരി ഞാൻ!''

പടവലങ്ങ കളിയാക്കിയതുകേട്ടപ്പോൾ മത്തങ്ങയ്ക്ക് വലിയ ദുഃഖം തോന്നി.

മത്തങ്ങ പടവലങ്ങയോടു പറഞ്ഞു. ''പടവലച്ചങ്ങാതീ, കളിയാക്കല്ലേ! നമ്മൾ ഒരു തോട്ടത്തിൽ ഒരുമിച്ചു വളർന്നുവരുന്നവരല്ലേ?''

പക്ഷേ, പടവലങ്ങ ഇത് കേട്ടഭാവം നടിക്കാതെ ഗൗരവം നടിച്ചിരുന്ന് തൂങ്ങി ആടി.

''മത്തങ്ങേ, ഇതുപോലെ നിനക്ക് ഊഞ്ഞാലാടാനറിയാമോ? പൊണ്ണത്തടിയനായി വെറുതെ നിലത്തുകിടക്കാനല്ലാതെ നിന്നെക്കൊണ്ട് എന്തിനു പറ്റും?!'' മത്തങ്ങ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.

അപ്പോഴാണ് 'മേ... മേ...' എന്ന് കരഞ്ഞുകൊണ്ട്് കൊമ്പൻ മുട്ടനാട് അതുവഴി വന്നത്. മുട്ടനാട് തോട്ടത്തിലേക്കുകടന്നു. അവിടെ തൂങ്ങിയാടുന്ന പടവലങ്ങയെ അവൻ കണ്ടു.

''ഇതുകൊള്ളാമല്ലോ! ഈ പടവലങ്ങ ഒന്ന് രുചിച്ചുനോക്കിയിട്ടുതന്നെ കാര്യം!'' മുട്ടനാട് പടവലങ്ങയുടെ മൂക്കിന്റെ തുമ്പത്ത് കടിച്ചുവലിച്ചു. താഴെക്കിടന്ന മത്തങ്ങയെ

അവൻ കണ്ടതേയില്ല.

''അയ്യോ! വേദനിക്കുന്നു. രക്ഷിക്കണേ!'' പടവലങ്ങ ഉറക്കെ നിലവിളിച്ചുകരഞ്ഞു. ഭാഗ്യത്തിന് അപ്പുണ്ണിയും അമ്മിണിയും അതുകണ്ടു.

അവർ ഓടിവന്ന് മുട്ടനാടിന് പ്ലാവില തിന്നാൻകൊടുത്ത് മെല്ലെ തോട്ടത്തിൽനിന്നും മാറ്റി! ''ഹാവൂ രക്ഷപ്പെട്ടു! തൂങ്ങിയാടി നിന്നതുകൊണ്ടാ മുട്ടനാട് എന്നെ കണ്ടത്.

എന്റെ അഹങ്കാരമാ ഇതിനെല്ലാം കാരണം!'', പടവലങ്ങ പറഞ്ഞു. കളിയാക്കിയതിന് പടവലങ്ങ മത്തങ്ങയോട് മാപ്പു പറഞ്ഞു. പിന്നീട് പടവലങ്ങയും മത്തങ്ങയും ചങ്ങാതി

മാരായി കഴിഞ്ഞു.

Content Highlights: Teaches children the value of friendship and mutual respect