രാജുവും തെരുവുനായ്ക്കളും; വിശ്വാസത്തിന്റെ കരുത്തു തെളിയിച്ച കഥ!

രാജു എന്നും ഓഫീസിൽനിന്ന് മടങ്ങിവരുമ്പോൾ അയാളെകാത്ത് ഒരുപാട് തെരുവുപട്ടികൾ വീട്ടുപടിക്കൽ ഉണ്ടാവും. എന്നും അവർക്ക് രാജു ബിസ്കറ്റ് കൊടുക്കാറുണ്ട്. അത് കിട്ടാൻവേണ്ടിയുള്ള കാത്തുനിൽപ്പാണ്.
ഒരുദിവസം വളരെ വൈകിയാണ് രാജു വീട്ടിലെത്തിയത്. കടകളൊക്കെ അടച്ചിരുന്നതിനാൽ അന്ന് ബിസ്കറ്റ് വാങ്ങാനും പറ്റിയില്ല. പട്ടികളെല്ലാം തന്നെകാത്തുനിൽക്കുന്നത് രാജു കണ്ടു. ബിസ്കറ്റ് കിട്ടാൻ ഒരുമാർഗവുമില്ല. ഇവർക്ക് നാളെ എന്തെങ്കിലും വാങ്ങിക്കൊടുക്കാം എന്നുകരുതി രാജു വീടിനുള്ളിലേക്ക് കയറിപ്പോയി.
കുറച്ചുകഴിഞ്ഞ് രാജു ജനലിലൂടെ നോക്കിയപ്പോൾ പട്ടികൾ പുറത്ത് കാത്തുനിൽക്കുന്നതുകണ്ടു. രാജുവിന് വിഷമം തോന്നി. രാജു വീട്ടിലെല്ലാം തപ്പിനോക്കി. കുറേനേരം തപ്പിയപ്പോൾ രണ്ടുദിവസം മുമ്പ് രാജുവിന്റെ സുഹൃത്ത് സമ്മാനിച്ച വിലകൂടിയ ബിസ്കറ്റുകൾ കിട്ടി.
രാജു വേഗം അതിന്റെ കവർപൊട്ടിച്ച് ബിസ്കറ്റുകളുമായി പുറത്തേക്ക് ചെന്നു. എന്നാൽ ഒന്നൊഴികെ ബാക്കി പട്ടികളെല്ലാം മടങ്ങിപ്പോയിരുന്നു.
ഒരുപട്ടിമാത്രം രാജുവിന്റെ വരവ് കാത്ത് പ്രതീക്ഷയോടെ നിൽക്കുകയായിരുന്നു.
രാജു ആ ബിസ്കറ്റെല്ലാം ആ പട്ടിക്ക് കൊടുത്തു. അത് ആർത്തിയോടെ ബിസ്കറ്റുകളെല്ലാം വെട്ടി വിഴുങ്ങിയിട്ട് സന്തോഷത്തോടെ മടങ്ങിപ്പോയി.
ഇതുകണ്ടപ്പോൾ രാജുവിന് തോന്നി. ഇതുപോലെയല്ലേ മനുഷ്യന്റെയും കാര്യം. പലതും ആഗ്രഹിച്ച് ദൈവത്തോട് പ്രാർത്ഥിക്കും. ദൈവം മനുഷ്യന് പലതും കൊടുത്തുകൊണ്ടേയിരിക്കും. എന്നാൽ നമ്മൾ ആഗ്രഹിച്ചത് കിട്ടാൻ വൈകിയാലോ? അതോടെ ദൈവത്തെ പഴിക്കാനും അവിശ്വസിക്കാനും തുടങ്ങും.
Content Highlights: A touching narrative about a man who feeds stray dogs daily., Highlights the emotional bond and expectations of animals.