നിങ്ങൾക്കുമുണ്ടോ ചൂലുവണ്ടി? ചൂലുവണ്ടിയുടെയും കുട്ടിച്ചാത്തന്മാരുടെയും കഥ വായിച്ചോളൂ...

ഒരിടത്തൊരു കാട്ടിൽ രണ്ടു കുട്ടിച്ചാത്തന്മാർ ഉണ്ടായിരുന്നു. പുട്ടുവും ഗുട്ടുവും. പുട്ടുക്കുട്ടിച്ചാത്തന് ഒരു ചൂലുവണ്ടി ഉണ്ടായിരുന്നു. അതിലാണ് അവന്റെ യാത്ര. ഇത് ഗുട്ടുക്കുട്ടിച്ചാത്തന് അത്ര ഇഷ്ടമായില്ല. 'ഹും, അവന്റെ ശകടം അടിച്ചു മാറ്റണം!' ഗുട്ടു ഇതു തീരുമാനിച്ചിട്ട് കുറേക്കാലമായി. പക്ഷേ, ഇതുവരെ പറ്റിയൊരു അവസരം കിട്ടിയിട്ടില്ല.
“പുട്ടുച്ചാത്തനുണ്ട്
ചൂലുവണ്ടിയൊന്ന്
വണ്ടിസ്വന്തമാക്കാൻ
ഗുട്ടുകാത്തിരുന്നു!”
കരിമ്പനയുടെ മുകളിലാണ് പുട്ടുവിന്റെ താമസം. ഒരിക്കൽ സൂത്രത്തിൽ അതിന്റെ ചുവട്ടിൽ പോയിനിന്ന ഗുട്ടു പനമുകളിലിരിക്കുന്ന ചൂലുവണ്ടി കണ്ടു. ഗുട്ടു പനയിൽ വലിഞ്ഞു കയറി. എന്നിട്ട് ചൂലുവണ്ടിയിൽ ഇരുന്നു. പക്ഷേ, പണി പാളി. വെട്ടിയിട്ട ചക്കപോലെ ദേ കിടക്കുന്നു ഗുട്ടു താഴെ.
“പുട്ടുവില്ലാ നേരം നോക്കി
വണ്ടികട്ടു ഗുട്ടു
വണ്ടിക്കൊപ്പം മൂക്കുംകുത്തി
താഴെവീണു ഗുട്ടു!”
''ഹയ്യോ... ഹമ്മേ... വീണേ!'' കരച്ചിൽ കേട്ട് ഓടി വന്ന പുട്ടുവിന് കാര്യം മനസ്സിലായി. ''വെറുതേ കയറിയിരുന്നാൽ ചൂലുവണ്ടി പറക്കില്ല. അതിന് ഒരു മന്ത്രം ചൊല്ലണം. ഇല്ലെങ്കിൽ നീ വീണതുപോലെ മൂക്കുംകുത്തി താഴെക്കിടക്കും കേട്ടോ!'', പുട്ടു പറഞ്ഞതുകേട്ട് ഗുട്ടു ശരിക്കും ചമ്മിപ്പോയി.
എന്തായാലും ഗുട്ടുവിന്റെ മോഹം ഒന്നു നടത്തിക്കൊടുക്കാൻ പുട്ടു തയ്യാറായിരുന്നു. അവൻ പുട്ടുവിനേയും ചൂലുവണ്ടിയിൽ കയറ്റിയിരുത്തി മന്ത്രം ചൊല്ലി. എന്നിട്ട് രണ്ടുപേരും കൂടി ആകാശത്തൂടൊരു യാത്രപോയി.
പുട്ടു ചൊല്ലിയ മന്ത്രം ഗുട്ടു ഓർത്തു വച്ചു. എന്തിനാണെന്നോ. പുട്ടുവില്ലാത്ത തക്കത്തിന് ചൂലുവണ്ടിയിൽ ചുറ്റിക്കറങ്ങാൻ. എന്നിട്ട് ഓരോരോ പൊല്ലാപ്പ് ഒപ്പിക്കാൻ...അങ്ങനങ്ങനെ ഓരോരോ സൂത്രങ്ങൾ ആലോചിച്ചിരുന്ന ഗുട്ടു ഒടുവിൽ മന്ത്രം അങ്ങു മറന്നു പോയി.
അങ്ങനെ പുട്ടുവിന്റെ ചൂലുവണ്ടി പുട്ടുവിന്റേത് മാത്രമായി തുടർന്നു. പിന്നെപ്പിന്നെ ചൂലുവണ്ടി സ്വന്തമാക്കണമെന്ന മോഹം ഗുട്ടു വിട്ടുകളയുകയും ചെയ്തു. അതെന്തായാലും നന്നായി അല്ലേ?
Content Highlights: Engaging Malayalam story about two little forest spirits, Puttu and Guttu., Features a magical flying broom (chooluvandi) that belongs to Puttu.