പശുവമ്മയും കുഞ്ഞപ്പൻ ഉറുമ്പും കണ്ട സ്വപ്‌നം എന്താണെന്നോ? കഥ വായിക്കൂ

#സന്ധ്യ

പശുവമ്മയ്ക്ക് തലവേദന. പുല്ലുതിന്നുന്നതു നിർത്തി പശുവമ്മ പുഴക്കരയിൽ കിടന്നുറക്കമായി. ഈ സമയം കുഞ്ഞപ്പൻ കട്ടുറുമ്പ് അവിടെ എത്തി.

അവൻ പശുവമ്മയുടെ വയറ്റത്തേക്ക് ചാടിക്കയറി. 'ഒരു കടിവച്ചുകൊടുത്താലോ?' അവന് തോന്നി. അപ്പോഴാണ് ഒരു പഞ്ചപാവം ഇളംകാറ്റുവീശിയത്. കുഞ്ഞപ്പന് പെട്ടെന്ന് വല്ലാതെ ഉറക്കം വന്നു. അവൻ പശുവമ്മയുടെ വയറ്റിൽ പറ്റിച്ചേർന്നുകിടന്ന് ചായുറങ്ങി.

ഉറക്കത്തിൽ രണ്ടുപേരും ഓരോ സ്വപ്നങ്ങൾ കണ്ടു. പശുവമ്മയുടെ സ്വപ്നത്തിൽ പശുക്കുട്ടി മണികിലുക്കി ഓടിച്ചാടി നടക്കുന്നു. അതുകണ്ട് പശുവമ്മ ഉറക്കത്തിൽ കുലുങ്ങിച്ചിരിച്ചു. കുഞ്ഞപ്പന്റെ സ്വപ്നത്തിൽ അവൻ കൂട്ടുകാരോടൊപ്പം ലഡുവിന്റെ മലയിൽ കുട്ടിക്കരണം മറിയുകയാണ്. കൊതികൊണ്ട് ഉറക്കത്തിലും അവന്റെ വായിൽ വെള്ളമൂറി.

പെട്ടെന്നാണ് ആകാശം കറുത്തിരുണ്ടത്. ശറുശറോന്ന് എടുപിടിയിലൊരു മഴയും പെയ്തു.

''മഴ വന്നേ, നനയുന്നേ

ശറുശറു തുള്ളികൾ പെയ്യുന്നേ

മഴ വന്നാൽ സുഖമല്ലേ

കുളിരും മഴയതു രസമല്ലേ!''

അതൊരു കൊച്ചുമഴയായിരുന്നു. ചറപറേന്ന് പേനയിലെ മഷിപോലെ വെള്ളം കുടഞ്ഞ് ആകാശം മഴകൊണ്ട് കളിച്ചു. ഉറങ്ങിക്കിടന്ന പശുവമ്മയുടെ നെറ്റിത്തടത്തിൽ ഒരു തണുതണുപ്പൻ വെള്ളത്തുള്ളി വീണു. അവൾ ഞെട്ടിയുണർന്നു.

അപ്പോഴേക്കും പശുവമ്മയുടെ തലവേദന പമ്പ കടന്നിരുന്നു. കുഞ്ഞിപ്പശുവിനെ കാണാൻ പശുവമ്മ മഴയത്ത് ഒറ്റയോട്ടം വച്ചുകൊടുത്തു. ഈ ബഹളത്തിനിടയിലാണ് കുഞ്ഞപ്പൻ ഉറക്കമുണർന്നത്. ഓടിപ്പോകുന്ന പശുവമ്മയുടെ ദേഹത്ത് നിന്ന് വീഴാതിരിക്കാൻ അവൻ അള്ളിപ്പിടിച്ചിരുന്നു. എന്നാൽ ഉറക്കത്തിൽ കണ്ട നല്ല സ്വപ്നം അവനെ ആകെ സന്തോഷിപ്പിച്ചിരുന്നു. അതുകാരണം അവന് പശുവമ്മയോട് ഒട്ടും ദേഷ്യം തോന്നിയില്ല. പശുവമ്മ പശുക്കുട്ടിയുടെ അടുത്തെത്തിയപ്പോൾ കുഞ്ഞപ്പൻ പതുക്കെ നൂണ്ട് താഴേക്കിറങ്ങി. എന്നിട്ട് കൊച്ചുമഴയിൽ ഒരു പാട്ടുംപാടി വീട്ടിലേക്കു നടന്നു.

കൂട്ടുകാരേ, നമ്മുടെ മനസ്സിൽ സന്തോഷമുണ്ടെങ്കിൽ അത് ചുറ്റുമുള്ളവരിലേക്കും പടരുമെന്ന് മനസ്സിലായില്ലേ?

''അങ്ങനെയിങ്ങനെ അടിവേണ്ട

തമ്മിൽത്തല്ലുക ഇനി വേണ്ട

കുഞ്ഞിച്ചിരികൾ പൊഴിക്കുമ്പോൾ

എങ്ങും വിടരും സന്തോഷം!''

Content Highlights: Engaging Malayalam children's story featuring Pasuvamma the cow and Kunjappan the ant, Depicts a refreshing rain scene and sweet dreams of the characters, Delivers a strong moral message about spreading happiness to others