പപ്പടം വിറ്റുകിട്ടിയ കാശുകൊണ്ട് പരമു എന്തൊക്കെ വാങ്ങിയെന്നറിയണ്ടേ? കഥ വായിക്കാം!

#രമേശ്ചന്ദ്ര വര്‍മ. ആര്‍

ഴുന്നുമാവ് കുഴച്ചുരുട്ടി, പരത്തി പപ്പടമുണ്ടാക്കുകയായിരുന്നു, പപ്പടക്കാരൻ പരമു. പരത്തിയ പച്ചപ്പപ്പടമെല്ലാം ഉണക്കിയെടുക്കാൻ വെയിലുള്ള ഇടം നോക്കി പരമു ഒരു പായ വിരിച്ചു. പായയിൽ പച്ചപ്പപ്പടങ്ങൾ എണ്ണിയെണ്ണി വരിവരിയായി നിരത്തി പപ്പടപ്പരമു. ഒന്ന്, രണ്ട്, മൂന്ന്, നാല്... നൂറ് പപ്പടങ്ങൾ!

പപ്പടങ്ങൾ പായയിൽ നിരത്തിക്കഴിഞ്ഞ് വീണ്ടും പപ്പടങ്ങളെടുത്ത് കൊണ്ടുവന്ന് പരമു പായയിൽ നോക്കി. സ്ഥലമില്ല. ഇനി എന്തുചെയ്യും? പരമു വീടിന്റെ ഓട്ടിൻപുറത്ത് നല്ല ഷീറ്റ് വിരിച്ച് പപ്പടമുണക്കാനിട്ടു. ഉച്ചവെയിൽ വന്നതോടെ ഓട്ടിൻപുറത്ത് വിരിച്ചുനിരത്തിയ പപ്പടങ്ങളെല്ലാം പട!പടാ! യെന്ന് ഉണങ്ങിക്കഴിഞ്ഞിരുന്നു.

ആ പപ്പടങ്ങൾ ഒന്നൊന്നായി എണ്ണിയെടുക്കുമ്പോഴേക്കും ദേ ശീ! ശ്ശീ! യെന്നു വീശിയടിച്ചൊരു കാറ്റുവന്നു! ശക്തിയായി വീശിയ കാറ്റിനെ നോക്കി പരമു പറഞ്ഞു:

''കാറ്റേ വീശരുതേ നീ

കാറേ പെയ്യരുതേ നീ

പപ്പടമെല്ലാം പറന്നുപോവും

ബാക്കിയുള്ളവ നനഞ്ഞുംപോവും!''

നല്ലവനായ പപ്പടപ്പരമുവിന്റെ ദുഃഖം കണ്ടപ്പോൾ കാറ്റിന്റെ മനസ്സലിഞ്ഞു. കാറ്റ് തന്റെ ശക്തികുറച്ചു. കാർമേഘങ്ങൾ വഴിമാറിപ്പോയി.

പരമു കാറ്റിനോട് നന്ദിപറഞ്ഞു. മഴക്കാറിനോടും നന്ദിപറഞ്ഞു. ഉണക്കിയെടുത്ത പപ്പടങ്ങൾ കെട്ടുകളാക്കി പപ്പടപ്പരമു ചന്തയിൽ കൊണ്ടുപോയി വിറ്റു. പപ്പടം വിറ്റുകിട്ടിയ കാശുകൊണ്ട് പരമു അരിയും പച്ചക്കറിയും വാങ്ങി. കുട്ടികൾക്ക് കളിക്കാൻ കളിക്കോപ്പുംവാങ്ങി വീട്ടിലെത്തി. കുഞ്ഞുങ്ങൾക്ക് സന്തോഷമായി.

Content Highlights: Engaging Malayalam children's story about Pappadakkaran Paramu