നെയ്യ് ഇഷ്ടമുള്ളവരുണ്ടോ? ശാന്തിമുത്തശ്ശി നെയ്യ് ഉണ്ടാക്കിയ കഥ വായിച്ചാലോ?

ശാന്തിമുത്തശ്ശിയുടെ അരുമ പേരക്കുട്ടിയാണ് ചക്കി. എന്നും പാൽ വാങ്ങാൻ മുത്തശ്ശിയും ചക്കിയുംകൂടി പോകും. പാൽകൊണ്ടുവന്ന് കാച്ചി മുത്തശ്ശി ചക്കിക്ക് കൊടുക്കും. ബാക്കി പാൽ മുത്തശ്ശി ഉറയൊഴിക്കും. പാൽ ഉറയൊഴിക്കുന്നതുകണ്ടപ്പോൾ ചക്കിക്ക് ആശ്ചര്യമായി. ''എന്തിനാണ് മുത്തശ്ശീ പാലിൽ മോര് ഒഴിക്കുന്നത്?'', ചക്കി ചോദിച്ചു. അപ്പോൾ മുത്തശ്ശി പറഞ്ഞു.
''പാലുറ കൂട്ടുമ്പോൾ തൈര് കിട്ടും!
തൈര് കടഞ്ഞാലോ വെണ്ണ കിട്ടും!
വെണ്ണയുരുക്കിയാലെന്തുകിട്ടും?
വെണ്ണയുരുക്കിയാൽ നെയ്യ് കിട്ടും!''
ചക്കിക്ക് സന്തോഷമായി. ''മുത്തശ്ശീ എനിക്ക് നെയ്യുണ്ടാക്കിത്തരുമോ?'', അവൾ ചോദിച്ചു. മുത്തശ്ശി സ്നേഹത്തോടെ പറഞ്ഞു: ''തരാലോ! ചക്കിക്കും കൂട്ടുകാർക്കും ധാരാളം നെയ്യുംകൂട്ടി ചോറുകുഴച്ച് ഉരുളകളാക്കി മുത്തശ്ശി തരാമല്ലോ!'' അങ്ങനെ മുത്തശ്ശി പാൽകൊണ്ടുവന്ന് കാച്ചി. കുറച്ചുപാൽ ചക്കിക്ക് കുടിക്കാൻ കൊടുത്തു. ആറിത്തണുത്തപ്പോൾ ബാക്കി പാലിൽ അല്പം പുളിച്ച മോരൊഴിച്ചുവെച്ചു. രാവിലെ ചക്കി ഉണർന്നെഴുന്നേറ്റ് അടുക്കളയിൽ പോയി നോക്കി. ഉറയൊഴിച്ചുവെച്ച ഭരണിയിൽ അതാ കട്ടത്തൈര് റെഡി. മുത്തശ്ശി വേഗം തൈരെടുത്ത് കടകോലുകൊണ്ട് കടഞ്ഞു. 'കട! കടാ! കട കടാ!' തൈര് കടഞ്ഞപ്പോൾ ദാ നല്ല വെണ്ണ പൊങ്ങിവരുന്നു.
ചക്കിക്ക് ഒരു ചെറിയ പാത്രത്തിൽ മുത്തശ്ശി വെണ്ണ കഴിക്കാൻ കൊടുത്തു. ''ഹായ്, എന്തുസ്വാദ്!'' ചക്കി പറഞ്ഞു. വെണ്ണ മുഴുവനുമെടുത്ത് മുത്തശ്ശി കട്ടിയാക്കിവെച്ചു. വെണ്ണക്കട്ടി കണ്ടപ്പോൾ ചക്കിക്ക് വായിൽ വെള്ളമൂറി. ''മുത്തശ്ശീ, നെയ്യെപ്പഴാ കിട്ടുന്നത്?'' ചക്കി ചോദിച്ചു. ''ദേ, ഇപ്പോ കിട്ടും!'' മുത്തശ്ശി പറഞ്ഞു. എന്നിട്ട് ചീനച്ചട്ടി അടുപ്പിൽവെച്ച്, വെണ്ണ ഉരുക്കി. നെയ്യുടെ മണം അടുക്കളയിൽ നിറഞ്ഞപ്പോൾ ചക്കിക്ക് നെയ്യ് കഴിക്കാൻ കൊതിയായി. ചക്കി ഓടിപ്പോയി തന്റെ കളിക്കൂട്ടുകാരെയൊക്കെ വിളിച്ചുകൊണ്ടുവന്നു. ഉച്ചയ്ക്ക് മുത്തശ്ശി നല്ല നറുനെയ്യ് കൂട്ടി ചോറ് കുഴച്ച് ഉരുളകളാക്കി ചക്കിക്കും കൂട്ടുകാർക്കും വായിൽവെച്ചുകൊടുത്തു. കൂട്ടുകാരെല്ലാവരും തുള്ളിച്ചാടി. ''ഹായ്, എന്തുസ്വാദ്!'' മുത്തശ്ശിക്ക് എല്ലാവരും ചക്കരമുത്തം കൊടുത്തു.
Content Highlights: Step-by-step traditional method of making ghee from milk.