'ഹിംസിക്കുന്നവൻ അല്ല രക്ഷിക്കുന്നവനാണ് യഥാർത്ഥ അവകാശി' കഥ വായിക്കാം

ചെറുപ്പത്തിൽതന്നെ ഏകാന്തതയിൽ കഴിയാനാണ് ഗൗതമൻ ഇഷ്ടപ്പെട്ടിരുന്നത്. കളിക്കാനായി കൂട്ടുകാർ വന്നുവിളിച്ചാലും അവരോടൊത്തു പോകാൻ കുമാരൻ തയ്യാറായിരുന്നില്ല. ക്ഷത്രിയരുടെ വിനോദമായിരുന്നു നായാട്ട്. എന്നാൽ ഗൗതമകുമാരൻ പക്ഷികളെയും ജന്തുക്കളെയും സംരക്ഷിക്കാൻ താല്പര്യപ്പെട്ടു.
ഒരു ദിവസം ഗൗതമന്റെ മാതുലപുത്രനായ ദേവദത്തൻ ഒരു ഹംസത്തെ അമ്പെയ്തു വീഴ്ത്തി. വേദനകൊണ്ട് പുളഞ്ഞ ഹംസം പ്രാണവെപ്രാളത്തിൽ പറന്നു ചെന്നുവീണത് ഗൗതമന്റെ അടുത്തായിരുന്നു. അദ്ദേഹം കരുണാപൂർവ്വം അതിനെ കൈയിലെടുത്ത് പതുക്കെ അമ്പ് ഊരി മാറ്റി. ഉടൻതന്നെ മുറിവിൽ മരുന്നു വെച്ച് കെട്ടുകയും ചെയ്തു.
ദേവദത്തൻ ഹംസത്തിനെ അന്വേഷിച്ച് ഗൗതമന്റെ അടുത്തെത്തി. താൻ അമ്പെയ്തു വീഴ്ത്തിയ പക്ഷി തന്റേതാണെന്നും അതിനെ മടക്കി കൊടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഗൗതമൻ അതിനു വഴങ്ങിയില്ല. വളരെ ശാന്തനായി ഗൗതമൻ പറഞ്ഞു: ''ഹിംസിക്കുന്നവരെക്കാൾ രക്ഷിക്കുന്നവനാണ് ഇതിന്റെ അവകാശി.''
രണ്ടുപേരും പരസ്പരം തർക്കിച്ചെങ്കിലും ആരും വഴങ്ങി കൊടുത്തില്ല. അവസാനം പ്രശ്നം രാജസന്നിധിയിൽ എത്തി. തർക്ക വസ്തുവായ ഹംസത്തെ മണ്ഡപത്തിന്റെ മധ്യത്തിൽ ഒരു പീഠത്തിൽ ഇരുത്തി. ശുദ്ധോദന മഹാരാജാവ് ഇരുവരെയും അടുത്തു വിളിച്ചിട്ടു പറഞ്ഞു: ''പക്ഷി ആരുടെ വിളി കേൾക്കുന്നുവോ അവർക്ക് അത് അവകാശപ്പെട്ടതാണ്.''
ദേവദത്തനോട് ആദ്യം പക്ഷിയെ വിളിക്കാൻ പറഞ്ഞു. എന്നാൽ ദേവദത്തന്റെ വിളി കേട്ട് പക്ഷി ഭയന്ന് വിറയ്ക്കാൻ തുടങ്ങി. പിന്നീട് ഗൗതമനോട് പക്ഷിയെ വിളിക്കാൻ ആവശ്യപ്പെട്ടു. ഗൗതമൻ കൈകാട്ടി വിളിച്ചപ്പോൾ വേദന കടിച്ചമർത്തിക്കൊണ്ട് അത് പറന്നു ചെന്നു കുമാരന്റെ മടിയിലിരുന്നു.
പക്ഷി ഗൗതമന് അവകാശപ്പെട്ടതാണെന്ന് മഹാരാജാവ് കൽപ്പിച്ചു. ഹിംസിക്കുന്നവൻ അല്ല രക്ഷിക്കുന്നവനാണ് യഥാർത്ഥ അവകാശി എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തു.
Content Highlights: Young Siddhartha preferred solitude and protected animals instead of hunting.