ആലിപ്പഴം തിന്നാൻ നോക്കിയ ചിക്കുവിന്റെ കഥ വായിക്കാം

#ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്

''മോനേ... ചിക്കൂ... മതി മതി മഴ നനയണ്ട... പനിവരും... വേഗം കേറിവരൂ...''

''ചിക്കുക്കുട്ടാ പൊന്നുണ്ണീ...

മഴയത്തോടി നടക്കല്ലേ

പുതുമഴയിങ്ങനെ കൊണ്ടാലോ...

ചുമയും പനിയും വന്നീടും!''

അമ്മ വിളിച്ചുകൂവിയിട്ടും ചിക്കു കേട്ടഭാവം നടിച്ചില്ല. ''ഇപ്പൊ വരാം... ഈ മാമ്പഴമൊന്ന് പെറുക്കട്ടെ!'' എന്നുപറഞ്ഞ് ഒറ്റയോട്ടം.

മാവിൻചുവട്ടിലെത്തിയപ്പോൾ കാറ്റത്ത് മാമ്പഴത്തോടൊപ്പം ആലിപ്പഴവും വീഴുന്നുണ്ട്. മഴയും മാമ്പഴവും ആലിപ്പഴവും ഒന്നിച്ച് വീഴുന്നതുകണ്ട് അവൻ ആഹ്ലാദിച്ചു.

''ഓ... ഇതാണല്ലേ മുത്തശ്ശി പറഞ്ഞ ആലിപ്പഴം! ഹായ്... എന്തൊരു തണുപ്പ്. ഐസ് കട്ട പോലെയുണ്ട്...''

ആലിപ്പഴം വീഴുന്നെന്നു പറയുന്നത്, മാനത്തൂന്ന് ഐസ് കട്ടകൾ വീഴുന്നതിനാണെന്ന് ചിക്കുവിന് അറിയില്ലായിരുന്നു.

''അമ്മേ, ദേ നോക്കൂ, ഈ കുട്ട നിറയെ വെളുവെളുത്ത പഴങ്ങൾ! ഇതാണോ ആലിപ്പഴം?''

അവൻ പെറുക്കിയെടുത്ത ആലിപ്പഴങ്ങൾ അമ്മയെ കാണിച്ചു.

''അതെ... ഇതാണ് ആലിപ്പഴം. അതായത് ഐസ് കട്ട തന്നെ!'', അമ്മ പറഞ്ഞു.

''ഓ... പിന്നേ... ഐസ് കട്ട... എന്നെ പറ്റിക്കാൻ നോക്കണ്ട!'', ചിക്കു വിശ്വസിച്ചില്ല. ചിക്കു മാനത്തേക്ക് നോക്കി പറഞ്ഞു:

''ഇല്ല, തരില്ല ഞാനാർക്കും

വെള്ളിവെളുമ്പൻ പഴമൊന്നും

ആലിപ്പഴമിത് തിന്നാലോ

ഹയ്യട, രസികൻ സ്വാദാവും!''

''ഹും... ഐസ് കട്ടയാണത്രെ... ഐസ്‌കട്ട. ഞാനിതാർക്കും കൊടുക്കില്ല. ഒറ്റയ്ക്ക് തിന്നും!'' എന്നുപറഞ്ഞ് ചിക്കു കുട്ടയുമായി മുറിയിലെത്തി.

തലയും ദേഹവും തോർത്തി. ഫാനിന് ചുവട്ടിലിരുന്നു. എന്നിട്ട് ആലിപ്പഴം തിന്നാനായി കുട്ടയിൽ നോക്കി. കഷ്ടം! ഐസല്ലേ! അത് പകുതിയും അലിഞ്ഞുപോയിരുന്നു. അവിടെ മുഴുവനും വെള്ളമൊഴുകിയിട്ടുമുണ്ട്.

'ഛെ! നാണക്കേടായി... അമ്മ പറഞ്ഞത് ശരിയാ... ഇത് പഴമൊന്നുമല്ല... ഐസ് കട്ട തന്നെയാ...' എന്ന് മനസ്സിലോർത്ത് പുറത്തേക്കിറങ്ങിയ ചിക്കുവിനെ നോക്കി മുത്തശ്ശി ചോദിച്ചു: ''ആലിപ്പഴത്തിന് നല്ല മധുരമാണോ ചിക്കൂ...?''

ഇതു കേട്ട അമ്മ ഉറക്കെ പൊട്ടിച്ചിരിച്ചു. ചെറിയ ചമ്മലോടെ ചിക്കുവും ചിരിച്ചു.

Content Highlights: A charming short story about a boy named Chikku playing in the rain.