തത്തക്കുഞ്ഞിനെ കൂട്ടിലടച്ച അപ്പുക്കുട്ടനും ഒരു പാഠം പഠിച്ചു. എങ്ങിനെയെന്നറിയണ്ടേ?

#പ്രവീണ

അപ്പുക്കുട്ടൻ ഒരുനിമിഷംപോലും വീട്ടിൽ അടങ്ങിയിരിക്കില്ല. തരം കിട്ടിയാൽ മരങ്ങളായ മരങ്ങളിലെല്ലാം വലിഞ്ഞു കയറും. വയലിൽ പാറി നടക്കുന്ന തുമ്പികളെ പിടിക്കാനോടും. തോട്ടിൽ കല്ലെറിഞ്ഞ് മീനുകളെ തുരത്തും.

''ആടിപ്പാടി ഓടി നടക്കും

വികൃതിക്കുട്ടൻ ചങ്ങാതി

പറമ്പിലോടും തോട്ടിലിറങ്ങും

മരത്തിലൂഞ്ഞാലാടീടും!''

ഒരു ദിവസം ഏതോ മരപ്പൊത്തിൽ നിന്നും അവനൊരു തത്തക്കുഞ്ഞിനെ കിട്ടി. വീട്ടിൽ പൊടിപിടിച്ചു കിടന്ന പഴയൊരു കൂട്ടിൽ അവൻ അതിനെ അടച്ചു. ''അപ്പുക്കുട്ടാ അതൊരു കൊച്ചു തത്തയല്ലേ. അതിനെ തുറന്നു വിട്ടേക്ക്!'' അമ്മ പറഞ്ഞാലും അപ്പുക്കുട്ടൻ കേൾക്കില്ല.

''കൂട്ടിന്നുള്ളിൽ അപ്പു വളർത്തിയ

പാവം കുഞ്ഞി തത്തമ്മ

പാലും പഴവും പതിവായ് നൽകി

അപ്പു വളർത്തിയ തത്തമ്മ!''

അങ്ങനൊരു ദിവസം അപ്പുക്കുട്ടൻ അമ്മയെ പറ്റിക്കാൻ മുറിക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. അവൻ വയലിലൊ പറമ്പിലൊ കളിച്ചുനടക്കുകയാണെന്നു കരുതി അമ്മ വീടും പൂട്ടി എന്തോ ആവശ്യത്തിന് പുറത്തിറങ്ങി.

അതോടെ കളി കാര്യമായി. ''അയ്യോ, എനിക്ക് ബോറടിക്കുന്നേ. എന്നെ ആരെങ്കിലും ഒന്നു പുറത്തിറക്കണേ!'' ഒരു നിമിഷം പോലും വീട്ടിൽ അടങ്ങിയിരിക്കാനറിയാത്ത അപ്പുക്കുട്ടന് ഇതിലും വലിയൊരു അബദ്ധം ഇനി പറ്റാനുണ്ടോ. എന്തായാലും അമ്മ വരാൻ കുറേ വൈകി.

അമ്മ വന്ന് വാതിൽ തുറന്നതും അപ്പുക്കുട്ടൻ ആദ്യം ചെയ്തത് എന്താണെന്നോ! അവൻ ഓടിച്ചെന്ന് തത്തക്കുഞ്ഞിനെ കൂട് തുറന്ന് പുറത്തേക്ക് പറത്തിവിട്ടു. ''അടച്ചിട്ട വീടിനുള്ളിൽ ആരോരുമില്ലാതെ ഇത്തിരി നേരം ഇരുന്നപ്പോൾ തന്നെ എനിക്കെത്ര സങ്കടം തോന്നി. അമ്മയെ കാണാതെ എങ്ങും പാറി നടക്കാനാവാതെ കൂട്ടിനുള്ളിൽ കിടന്ന് പാവം തത്തക്കുഞ്ഞ് എത്ര സങ്കടപ്പെട്ടിട്ടുണ്ടാകും!''

ഇതുകേട്ട് അമ്മ അപ്പുക്കുട്ടനെ ചേർത്തുപിടിച്ചു. ''സ്വാതന്ത്ര്യത്തെക്കാൾ മൂല്യം ഉള്ളതായി മറ്റൊന്നുമില്ല അപ്പുക്കുട്ടാ...'' അമ്മ പറഞ്ഞതു ശരിയാണെന്ന് അപ്പുക്കുട്ടനു തോന്നി.

Content Highlights: The importance of freedom for all living beings, Empathy development in children through storytelling.