നീലേശ്വരം റെയിൽവേ സ്റ്റേഷനെ ദേശീയപാതയുമായി ബന്ധിപ്പിക്കാൻ റോഡ് സംവിധാനം വേണമെന്നാവശ്യം

നീലേശ്വരം: ദേശീയപാതയിൽനിന്ന് നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് സൗകര്യം ഒരുക്കണമെന്നാവശ്യം. നേരിട്ടുള്ള റോഡ് സംവിധാനമില്ലാത്തതിനാൽ ദേശീയപാതയിലൂടെ വരുന്ന യാത്രക്കാർ കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞാണ് ഇപ്പോൾ സ്റ്റേഷനിലേക്ക് എത്തുന്നത്. ദേശീയപാതയോരത്തെ കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്തുനിന്ന് തുടങ്ങി റെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന നിലവിലുള്ള റോഡ് റെയിൽവേ ഭൂമിയിലൂടെ നീട്ടി സ്റ്റേഷനുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യം.
നിലവിൽ നടന്നുവരുന്ന രണ്ടാംഘട്ട റെയിൽവേ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ഈ പദ്ധതി നടപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ചും സാധ്യതകൾ ചൂണ്ടിക്കാട്ടിയും നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷൻ കെ. സതീശൻ, കൗൺസിലർമാരായ കെ.പി. ശ്രീനിവാസൻ, കെ.വി. ലീല, നീലേശ്വരം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എൻ. സദാശിവൻ, പി.ടി. രാജേഷ്, കെ. ഗീതാറാവു എന്നിവരുടെ നേതൃത്വത്തിൽ ഡിവിഷണൽ മാനേജരെ സ്വീകരിച്ചു. സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ബാലമുരളി, ഡിവിഷണൽ എൻജിനീയർ അഭിഷേക് വർമ തുടങ്ങിയവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.
Content Highlights: Commuters and Nileshwaram municipality demand direct road connectivity linking the National Highway to Nileshwaram railway station.