പാട്ടും പറച്ചിലുമായി നാടകാസ്വാദകർ

തച്ചങ്ങാട് : നാടകപാരമ്പര്യത്തിന്റെ ഓർമച്ചെപ്പ് തുറന്ന് പോയകാലത്തെ അരങ്ങനുഭവങ്ങൾ പങ്കുവെച്ച് അരവത്തെ മരത്തണലിൽ നാട്ടിലെ നാടകപ്രേമികൾ പാട്ടും പറച്ചിലുമായി ഒത്തുകൂടി. കഥാപാത്രങ്ങളായി അരങ്ങിൽ ജീവിച്ച കലാകാരന്മാരും പിന്നണിയിൽ ഒപ്പംനിന്ന അണിയറ പ്രവർത്തകരും, നാടകങ്ങളെ നെഞ്ചോടുചേർത്തുനിർത്തുന്ന ആസ്വാദകരും ഈ കൂടിച്ചേരലിനെത്തി. ‘നാടക്’ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയും അരവത്ത് ഇ.കെ. നായനാർ ഗ്രന്ഥാലയവും ചേർന്നാണ് ഈ സാംസ്കാരികസംഗമം ഒരുക്കിയത്.
നാടക് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിപാടി എഴുത്തുകാരൻ ഡോ. സന്തോഷ് പനയാൽ ഉദ്ഘാടനംചെയ്തു. പ്രഭാകരൻ ചാലിങ്കാൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വിജയൻ കാടകം മുഖ്യപ്രഭാഷണം നടത്തി. പപ്പൻ കുട്ടമത്ത്, അജയൻ ചാലിങ്കാൽ, വി.വി. സുകുമാരൻ, രാമകൃഷ്ണൻ വാണിയമ്പാറ, സതീശ് പനയാൽ, വി.വി. ശശിധരൻ, ശശി ആറാട്ടുകടവ്, കണ്ണാലയം നാരായണൻ, കെ.ടി. അനിൽ, ദാമോദരൻ കരിഞ്ചാൽ മണി അരവത്ത് തുടങ്ങിയവർ സംസാരിച്ചു. ദിവ്യാ ഹരീഷ്, അനഘ പ്രഭാകരൻ, രാജേന്ദ്രൻ മീങ്ങോത്ത്, ഉദയൻ കാടകം, കിഷോർ നാരായണൻ, ഗോവിന്ദൻ അരവത്ത്, എന്നിവർ നാടകഗാനങ്ങൾ ആലപിച്ചു. 12, 13 തീയതികളിൽ കാഞ്ഞങ്ങാട്ടാണ് ജില്ലാ സമ്മേളനം.