ഓവുചാൽ നിർമാണം നിലച്ചു; വെള്ളക്കെട്ടിന് പരിഹാരമായില്ല

പെരിയ : ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള ഓവുചാൽ നിർമാണം പാതിവഴിയിൽ നിലച്ചതൊടെ പെരിയ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസ് ഓവുചാൽ നിർമാണത്തിൽ കാട്ടുന്ന അശാസ്ത്രീയതയാണ് വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയത്. നിലവിൽ പെരിയ-ഒടയംചാൽ റോഡിന് ഓവുചാലില്ല. വെള്ളം റോഡിലൂടെ പരന്നൊഴുകി സർവീസ് റോഡിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇവിടെ രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം പെരിയ ടൗണിൽ കാൽനടയാത്ര പോലും സാധ്യമാകാത്ത സ്ഥിതിയാണ്.

വ്യാഴാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രശ്നത്തിന് അടിയന്തര പരിഹാരമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പിന്റെ കാഞ്ഞങ്ങാട് അസി. എക്സി. എൻജിനീയർ ശ്രീനിഥിന് മുന്നിലും മേഘ കൺസ്ട്രക്ഷൻസിന്റെ മൈലാട്ടിയിലെ ഓഫീസിലും പരാതിയുമായി എത്തി. പെരിയ-ഒടയംചാൽ റോഡിൽ പെരിയയിൽ ഓവുചാൽ നിർമിക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പെരിയയിൽ നിർമിക്കുന്ന ഓവുചാലിന് ദേശീയപാതയിലെ ഓവുചാലുമായി ബന്ധിപ്പിക്കാൻ സൗകര്യ മൊരുക്കാൻ നടപടിയുണ്ടാകണമെന്ന് മേഘ കൺസ്ട്രക്ഷൻസ് അധികൃതരോട് അഭ്യർഥിച്ചു. രണ്ടുദിവസത്തിനകം അപാകം പരിഹരിച്ച് നിർമാണം തുടങ്ങിയില്ലെങ്കിൽ ഓവുചാലിനായെടുത്ത കുഴികൾ ജനങ്ങളുടെ സഹകരണത്തോടെ മൂടുമെന്ന് വ്യാപാരി നേതാക്കൾ മുന്നറിയിപ്പ് നൽകി.