മടക്കര മീൻപിടിത്ത തുറമുഖം വേണ്ടത് ഇടപെടൽ

ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി പുനഃക്രമീകരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണം
ചെറുവത്തൂർ : ജില്ലയിൽ വലിയതോതിൽ കടൽമീനെത്തിക്കുന്ന കേന്ദ്രമാണ് മടക്കര മീൻപിടിത്ത തുറമുഖം. ട്രോളിങ് നിരോധന കാലയളവിൽപോലും തിരക്കൊഴിയാറില്ല. മറുനാടൻ ബോട്ടുകളും വള്ളങ്ങളും ഉൾപ്പെടെ മീനെത്തിക്കുന്ന കേന്ദ്രം. പരിമിതസൗകര്യം മാത്രമുണ്ടായിരുന്ന മടക്കര ബോട്ട് ജെട്ടിയിൽനിന്ന് ഇന്നത്തെ മീൻപിടിത്ത തുറമുഖമായി വികസിപ്പിച്ചത് 2015-ലാണ്. പുലിമുട്ട് നിർമിക്കുകയും തുറമുഖം വികസിക്കുകയും ചെയ്തതോടെ മീൻ വരവ് കൂടി. ബോട്ടുടമകൾ, വള്ളം ഉടമകൾ, മീൻപിടിത്ത തൊഴിലാളികൾ, ഫിഷ് മർച്ചന്റ്‌സ്, വില്പനക്കാർ, അനുബന്ധ തൊഴിലാളികൾ ഉൾപ്പെടെ ഒട്ടേറെപേർ ദിവസവും തുറമുഖത്തെത്തുന്നുണ്ട്.
ദൈനംദിന പ്രവർത്തനം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതിനാൽ കൈയൂക്കുള്ളവരാണിപ്പോൾ തുറമുഖത്തിന്റെ ‘നടത്തിപ്പ്’. തീരദേശ മീൻപിടിത്ത തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് തുറമുഖ വികസനത്തിനായി രൂപവത്കരിച്ച ഹാർബർ ഡിവലപ്‌മെന്റ് കമ്മിറ്റിയുടെ പ്രവർത്തനഫലമായാണ് തുറമുഖ വികസനവും പുലിമുട്ടും യാഥാർഥ്യമായത്. തുറമുഖം നാടിന് സമർപ്പിച്ചതോടെ ഡിവലപ്‌മെന്റ് കമ്മിറ്റി ഇല്ലാതായി.
കളക്ടർ ചെയർമാനും തുറമുഖ എൻജിനിയറിങ് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ വൈസ് ചെയർമാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറുമായി ഹാർബർ മാനേജ്മെന്റ് സൊസൈറ്റിക്കാണ് തുറമുഖത്തെ പ്രവർത്തനം നിയന്ത്രിക്കാനുള്ള ചുമതല. മീൻപിടിത്ത മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികൾ സൊസൈറ്റിയിൽ അംഗങ്ങളാണ്.
ഡിവല്‌പെന്റ് കമ്മിറ്റി ഇല്ലാതാകുകയും മാനേജ്‌മെന്റ് സൊസൈറ്റി നിലവിൽവരികയും ചെയ്തതോടെ തുറമുഖത്തിന്റെ ദൈനംദിന പ്രവർത്തനം താളംതെറ്റി.
ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം
:തുറമുഖത്ത് ദൈനംദിനം ഇടപെടാൻ കഴിയുംവിധം ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി പുനഃക്രമീകരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ മാനേജ്‌മെന്റ് സൊസൈറ്റി യോഗം ചേരുകയോ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയോ ചെയ്യാറില്ല. നിലവിലെ മാനേജ്‌മെന്റ് സൊസൈറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അംഗങ്ങളല്ല. തുറമുഖത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ ഓടിയെത്തേണ്ടവർ ജനപ്രതിനിധികളും തദ്ദേശീയരായ രാഷ്ട്രീയപാർട്ടി നേതാക്കളുമാണ്.
തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം
:മീൻ ലേലംവിളിക്കുന്നവർക്കും മറ്റ് അനുബന്ധ തൊഴിലാളികൾക്കും തിരിച്ചറിയൽ (തൊഴിൽ) കാർഡ് നിർബന്ധമാക്കണം. ലേലം വിളിച്ചെടുക്കുന്ന മീനിൽനിന്ന് കൈയിട്ടുവാരുന്നതുൾപെടെയുള്ള അനഭിലഷണീയ പ്രവണതകൾ അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് സൊസൈറ്റിക്ക് കഴിയണം.
നിരീക്ഷണ ക്യാമറകൾ പ്രവർത്തിപ്പിക്കണം
:ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം തുറമുഖത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളെല്ലാം മിഴിയടച്ചു. 55 ലക്ഷം രൂപ ചെവിട്ട് 17 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ട് രണ്ടുവർഷമായിട്ടില്ല. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ് തുറമുഖത്ത് പ്രവർത്തിക്കണമെന്ന ആവശ്യവും ശക്തമണ്.
ചുങ്കം പിരിക്കുന്നത് ബിനാമി
:മടക്കര തുറമുഖത്തേക്ക് കടക്കാനുള്ള ചുങ്കം പിരിക്കാൻ കരാറെടുത്തത് കാടങ്കോട്ടെ വ്യക്തിയാണ്. ഒരുവർഷത്തേക്ക് 30 ലക്ഷം രൂപ. ഒപ്പിട്ട രേഖയിൽ മാത്രമാണ് കരാർ. തുറമുഖത്തേക്ക് തിരിഞ്ഞുനോക്കാറില്ല. തുറമുഖത്ത് മറ്റ് വ്യാപരങ്ങളിൽ ഏർപ്പെടുന്ന സംഘമാണ് ചുങ്കം പിരിക്കുന്നത്. തുറമുഖം ശുചിയാക്കാനുള്ള ഉത്തരവാദിത്വം കരാറുകാരനാണ്. ശുചീകരണം കാര്യക്ഷമമല്ലെന്ന ആക്ഷേപം വ്യാപകമാണ്.