നീലേശ്വരം താലൂക്ക് ആസ്പത്രിയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം

നീലേശ്വരം : നീലേശ്വരം താലൂക്കാസ്പത്രിയുടെ സമഗ്രവികസനത്തിന്റെ ഭാഗമായി ആധുനികസൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന്റെ പണി ഉടൻ തുടങ്ങും. 2027 ഡിസംബർ 31-നകം പൂർത്തിയാകുംവിധമാണ് ക്രമീകരണം. 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ താലൂക്കാസ്പത്രിക്ക് 13 കോടി രൂപ അനുവദിച്ചത്. മലപ്പുറത്തെ മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
ആറുമാസം മുൻപ് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ഇരുനിലകളിലായി 1853.42 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പുതുതായി നിർമിക്കുന്ന കെട്ടിടം. 26 പേർക്ക് ഉപയോഗിക്കാവുന്ന ബെഡ് ലിഫ്റ്റ്, ഫയർസേഫ്റ്റി സംവിധാനങ്ങൾ, പുതിയ ഡ്രൈനേജ്, കോൺക്രീറ്റ് റോഡ്, ജലസംഭരണസംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കും.
നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ താലൂക്കാസ്പത്രി സൂപ്രണ്ട് സോനു ബി. നായർ അടക്കമുള്ള ഉദ്യോഗസ്ഥരും കരാർ ഏറ്റെടുത്ത മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനി ഉദ്യോഗസ്ഥരും ചേർന്ന്് സ്ഥലനിർണയം നടത്തി.
നഗരസഭാ സെക്രട്ടറി അനുപമാ സദാനന്ദൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.വി. സുരേന്ദ്രൻ, വാർഡ് കൗൺസിലർ ഇ. അനീഷ് എന്നിവരും സംബന്ധിച്ചു.