കോളിച്ചാലിൽ രാസലഹരിവേട്ട; മൂന്നുപേർ അറസ്റ്റിൽ

രാജപുരം : കോളിച്ചാലിൽ വൻ രാസലഹരിവേട്ട. കാറിൽ കടത്തുകയായിരുന്ന 70.87 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ. പൈവളികെ ചേവാറിലെ സിദ്ദിഖ് മൻസിലിൽ മുഹമ്മദ് ഷെറീഫ് (38), പുത്തിഗെ എ.കെ.ജി. നഗറിലെ ഷാഹീർ മൻസിലിൽ പി.കെ. അബ്ദുൾ ഷാഹീർ (38), ബംബ്രാണ പൂക്കട്ടയിലെ എം. മുഹമ്മദ് നാസർ (39) എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാനപാതയിൽ കോളിച്ചാൽ പാലത്തിന് സമീപം പ്രതികൾ സഞ്ചരിച്ച കാറിനെ പോലീസ് പിന്തുടർന്നെത്തി തടയുകയായിരുന്നു. തുടർന്ന് രാജപുരം എസ്.ഐ. കെ. അഭിജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളുടെ കൈവശവും വാഹനത്തിലുമായി സൂക്ഷിച്ച എംഡിഎംഎ പിടികൂടുകയായിരുന്നു. കർണാടകയിൽനിന്നും വാങ്ങിയ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ. കാസർകോട് കുമ്പള മേഖലയിൽ വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നുവന്ന് പോലീസ് പറയുന്നു. മറ്റ് സംസ്ഥാന അതിർത്തികൾ വഴിയുമുള്ള ലഹരിക്കടത്ത് തടയാൻ നടപടി ശക്തമാക്കിയതോടെയാണ് വലിയ പോലീസ് പരിശോധനകളില്ലാത്ത ഭാഗമണ്ഡല, സുള്ള്യ അന്തസ്സംസ്ഥാന പാതകളിലൂടെ ലഹരിക്കടത്ത് തുടങ്ങിയിരിക്കുന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം കള്ളാറിൽവെച്ച് എംഡിഎംഎയുമായി പാറപ്പള്ളി സ്വദേശിയെ എക്സൈസ് സംഘം പിടികൂടിയിരുന്നു.