കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതാ നവീകരണം വേഗത്തിലാക്കും -എം.എൽ.എ.

രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ പൂടംകല്ല് മുതൽ ചിറംകടവ് വരെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്ന നവീകരണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. സംസ്ഥാനപാതാവികസനവുമായി ബന്ധപ്പെട്ട് പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള ഭാഗം എം.എൽ.എ. സന്ദർശിച്ചു. തുടർന്ന് പൊതുജനങ്ങളിൽനിന്ന് ലഭിച്ച പരാതികളിൽ അടിയന്തര നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കള്ളാർ-പനത്തടി പഞ്ചായത്തുകളിൽ പാതാനവീകരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച മോണിറ്ററിങ് കമ്മിറ്റി, ജനപ്രതിനിധികൾ, കെ.ആർ.എഫ്.ബി. എൻജിനീയർമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് 59.94 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പാതയുടെ നവീകരണം തുടങ്ങിയത്. എന്നാൽ കരാറുകാരന്റെ അനാസ്ഥയും മെല്ലെപ്പോക്കും കാരണം പലതവണ കരാർ കാലാവധി ദീർഘിപ്പിച്ച് നല്കേണ്ടി വന്നു.
നിലവിൽ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള 18 കിലോമീറ്റർ ഭാഗത്തെ മെക്കാഡം ടാറിടുന്നതിന്റെ ഭാഗമായി ബി.എം. പ്രവൃത്തി പൂർത്തിയായി. അവസാനഘട്ടത്തിൽ നടത്തേണ്ട ബി.സി. പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ എൻജിനീയർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കള്ളാർ-പനത്തടി പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രജിത, പി.രഘുനാഥ്, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഒക്ലാവ് കൃഷ്ണൻ, ഇരു പഞ്ചായത്തുകളിലെയും വൈസ് പ്രസിഡന്റുമാരായ എം.എം.സൈമൺ, എം.പദ്മകുമാരി, എം.വി.കൃഷ്ണൻ, പി.ജി.മോഹൻ, ടി.കെ.നാരായണൻ, കെ.ആർ.എഫ്.ബി. എക്സിക്യൂട്ടീവ് എൻജിനിയറുടെ ചുമതലയുള്ള പി.എം.യമുന, എ.ഇ.പി.മധു, കരാറുകാരന്റെ പ്രതിനിധി വിഷ്ണു തുടങ്ങിയവരും എം.എൽ.എ.ക്ക് ഒപ്പമുണ്ടായിരുന്നു.