സാബു ഒറ്റയ്ക്ക് പോരാടി വിളയിച്ചത് 30 ക്വിന്റൽ പച്ചക്കറി

പണിക്ക് ആളെ കിട്ടാനില്ല, മഴയുമില്ല
പനങ്ങാട്: ഇത്തവണ ഒരു ദിവസത്തെ പണിക്കുപോലും കൂലിക്ക് ആളെകിട്ടിയില്ല. രണ്ടര ഏക്കറിൽ യുവ കർഷകൻ ഒറ്റയ്ക്ക് വിളയിച്ചെടുത്തത് 30 ക്വിന്റൽ പച്ചക്കറി. മടിക്കൈ കാരാക്കോട്ടെ ജൈവ കർഷകനായ സാബു കാരാക്കോടാണ് കുന്നിൽചെരിവിൽ ചരൽപാടത്ത് ഒറ്റയ്ക്ക് അധ്വാനിച്ച് ഇത്തവണയും നാടിന്റെ മാതൃക കർഷകനായി മാറിയത്.
വർഷങ്ങളായി മഴക്കാല പച്ചക്കറി കൃഷി നടത്തുന്ന സാബു മുൻകാലങ്ങളിൽ കൃഷിയിടത്തിൽ കൂലിപ്പണിക്കാരെ ഒപ്പം കൂട്ടിയിരുന്നു. എന്നാൽ കഴിഞ്ഞവർഷം മുതൽ കൂലിപ്പണിക്കാരെ തീർത്തും കിട്ടാതായതായി സാബു പറയുന്നു. ഇത്തവണ നിലമൊരുക്കുന്നത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചതൊഴിച്ച് നിർത്തിയാൽ വിളവെടുപ്പ് വരെയുള്ള മുഴുവൻജോലികളും സാബു ഒറ്റയ്ക്കാണ് ചെയ്ത് തീർത്തത്. ചാല് കീറൽ നടീൽ, തടംകോരൽ, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങിയ 120 ദിവസത്തോളം നീണ്ടുനിന്ന മുഴുവൻജോലികളും പരസഹായമില്ലതെയാണ് സാബു നടത്തിയത്.
വെള്ളരി, കുമ്പളം, മത്തൻ തുടങ്ങിയ സൂക്ഷിച്ചു വയ്ക്കാവുന്ന ഇനങ്ങളുടെ വിളവെടുപ്പാണ് കഴിഞ്ഞദിവസം നടന്നത്. ഒരുമാസം മുൻപ് കക്കരി വിളവെടുപ്പ് നടത്തി. ചെറിയതോതിൽ വെണ്ടയും പച്ചമുളകും വഴുതിനയുമൊക്കെ കൃഷിയിറക്കിയിരുന്നു. മികച്ച ജൈവകർഷകനുള്ള കൃഷിവകുപ്പിന്റെ ആദരം മുതൽ സംസ്ഥാന പുരസ്കാരം വരെ സാബുവിനെ തേടിയെത്തിയിട്ടുണ്ട്.
മാറിനിന്ന മഴ, വിളവെടുപ്പ് നേരത്തെയാക്കി
നവരാത്രി ആഘോഷക്കാലം മുൻകൂട്ടിക്കണ്ടാണ് കൃഷിയിറക്കിയതെങ്കിലും മഴ പൂർണമായും മാറിനിന്ന കടുത്ത വേനലിൽ വിളവെടുപ്പ് നേരത്തേയാക്കേണ്ടിവന്നതായി സാബു പറഞ്ഞു. കടുത്തവേനലിൽ പച്ചക്കറിച്ചെടികൾ അപ്പാടെ വാടി ഉണങ്ങുകയും കളപ്പുല്ലുകൾ പടർന്നുകയറുകയും ചെയ്തതോടെയാണ് വിളവെടുപ്പ് നേരത്തേയാക്കേണ്ടിവന്നത്. ഇനിയും വിളവെടുക്കാതിരുന്നാൽ വിളവ് നശിച്ചുപോകാനുള്ള സാധ്യതയും ഏറെയാണ്. നവരാത്രികാലത്ത് വിളകൾക്ക് ഉയർന്ന വില കിട്ടുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.