മംഗളൂരു ദസറയ്ക്ക് വർണാഭ സമാപനം

മംഗളൂരു : പത്തുനാൾ മംഗളൂരു നഗരത്തെ വർണശോഭയിലാറാടിച്ച ദസറ ആഘോഷത്തിന് ഉത്സവപ്പൊലിമയിൽ സമാപനം. നഗരം മൊത്തം വർണ വെളിച്ചത്താൽ അലങ്കരിച്ചും വിവിധ കലാപരിപാടികളാൽ ആസ്വാദ്യമാക്കിയും

പ്രത്യേക ലൈറ്റ് ഷോയിലൂടെ ദൃശ്യവിരുന്നൊരുക്കിയും മൈസൂരു ദസറ യോട് കിടപിടിക്കുന്നതായി മംഗളൂരു ദസറ.നഗരത്തിലെ വിവിധയിടങ്ങളിൽ കലാസാംസ്കാരിക പരിപാടികളുണ്ടായി. സിനിമ, നാടകം, സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തികൾ മംഗളൂരു ദസറ യുടെ ഭാഗമാകാനെത്തി.പ്രത്യേകം തയാറാക്കിയ വേദികളിൽ പുലികളി, യക്ഷഗാനം, നൃത്തങ്ങൾ നാടകങ്ങൾ എന്നിവ അരങ്ങേറി.

ദസറ ആഘോഷത്തിന്റെ അവസാനദിവസമായ ബുധനാഴ്ച വൈകീട്ട് കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിലെ പ്രത്യേക വേദിയിൽ സ്‌ഥാപിച്ച ശാരദാ ദേവി, നവദുർഗ പ്രതിമകളെ പുറത്തേക്ക് എഴുന്നള്ളിച്ച് ഘോഷയാത്ര നടത്തി. വിവിധ നിശ്ചല ദൃശ്യങ്ങളും ആയിരക്കണക്കിന് ആളുകളും ഘോഷയാത്രക്ക് അകമ്പടിയേകി.

ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് നാരായണ ഗുരു സർക്കിൾ, ബല്ലാൽ ബാഗ്, സായിബീൻ കോംപ്ലക്‌സ്, പി.വി.എസ്. സർക്കിൾ, സിറ്റി സെർ, ഹംപൻകട്ട വഴി ഘോഷയാത്ര അർധരാത്രിക്ക് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി. ദേവി പ്രതിമകൾ വ്യാഴാഴ്ച പുലർച്ചക്ക് കുദ്രോളി ക്ഷേത്രക്കുളത്തിൽ നിമഞ്ജനം ചെയ്തതോടെ ഈ വർഷത്തെ മംഗളൂരു ദസറക്ക് സമാപനമായി.