ഓൺലൈൻ ചതിക്കുഴികളിൽനിന്ന് കുട്ടികൾക്ക് രക്ഷാകവചവുമായി പോലീസിന്റെ ‘കിഡ് ഗ്ലൗ’

കാസർകോട് : ഇന്റർനെറ്റിന്റെയും സാമൂഹികമാധ്യമങ്ങളുടെയും അമിത ഉപയോഗംമൂലം കുട്ടികൾ ഓൺലൈൻലോകത്ത് നേരിടുന്ന ചതിക്കുഴികളും സൈബർഭീഷണികളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, കേരള പോലീസ് നടപ്പിലാക്കുന്ന ‘കിഡ് ഗ്ലൗ’ പദ്ധതി ജനശ്രദ്ധ നേടുന്നു. കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് സൈബർ ഡിവിഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഈ ബോധവത്കരണ കാംപെയ്‌ൻ മുന്നോട്ടുകൊണ്ടുപോകുന്നത്.

കുട്ടികൾ ഓൺലൈൻലോകത്ത് എളുപ്പത്തിൽ ഇരകളാകാൻ സാധ്യതയുള്ളതിനാൽ, അവരെ ഉത്തരവാദിത്ത്വമുള്ള ഡിജിറ്റൽപൗരന്മാരായി വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സൈബർ ഭീഷണികൾ, ഓൺലൈൻ ചൂഷണം, സൈബർ ബുള്ളിയിങ്, വ്യാജവാർത്തകൾ, സ്വകാര്യതാലംഘനം എന്നിവയ്ക്കെതിരേ കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും മികച്ച അവബോധമാണ് ഈ പദ്ധതിയിലൂടെ സൃഷ്ടിക്കുന്നത്.

സ്കൂളുകളിൽ സൈബർ ക്ലബുകൾ

പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സൈബർ സെക്യൂരിറ്റി ക്ലബുകൾ രൂപവത്കരിക്കുകയും വിദ്യാർഥികൾക്കായി പ്രത്യേക സൈബർ സുരക്ഷാ പ്രതിജ്ഞകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിപ്രതിനിധികൾക്ക് ‘സൈബർ ക്യാപ്റ്റൻ’ പദവിയും ‘സൈബർ സ്റ്റാർ ബാഡ്ജും’ നൽകി ആദരിക്കും. ഇവർ കൂട്ടുകാർക്കിടയിൽ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ പോലീസിനെ സഹായിക്കും.

സിമുലേറ്റർ റൂമുകളും ഡിജിറ്റൽ പരിശീലനവും

കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ കുട്ടികൾക്കായി ‘കിഡ് ഗ്ലൗ സിമുലേറ്റർ റൂമുകൾ’ സജ്ജമാക്കിയിട്ടുണ്ട്. ഡിജിറ്റൽലോകത്തെ ഒളിച്ചിരിക്കുന്ന അപകടങ്ങൾ കുട്ടികൾക്ക് നേരിട്ടുകണ്ട് മനസ്സിലാക്കാനുള്ള 'വാക്ക്-ത്രൂ' അനുഭവം ഈ റൂമുകൾ സമ്മാനിക്കും. പൊതുവിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക പരിശീലന പരിപാടികളും ശില്പശാലകളും പോലീസ് നടത്തുന്നുണ്ട്.

ഓൺലൈൻ പഠനവും ഗെയിമിങ്ങും കൂടിവരുന്ന കാലഘട്ടത്തിൽ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന സ്ക്രീൻ അഡിക്ഷൻ തടയാൻ ‘കിഡ് ഗ്ലൗ’ പദ്ധതി ഏറെ സഹായകരമാണെന്നാണ് വിലയിരുത്തൽ. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി ഇത്തരം വിപുലമായ ഇ-ലേണിങ് പ്ലാറ്റ്‌ഫോമും ബോധവത്കരണവും നടപ്പാക്കിയ രാജ്യത്തെ ആദ്യ പോലീസ് സേനകളിലൊന്നാണ് കേരള പോലീസ്.

സൈബർ സ്റ്റാർ ബാഡ്ജ് നൽകി

ജില്ലയിലെ കിഡ് ഗ്ലൗ സൈബർ ക്യാപ്റ്റൻ കുട്ടികൾക്കുള്ള സൈബർ സ്റ്റാർ ബാഡ്ജ് വിതരണം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് നിർവഹിച്ചു. സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. രാജീവൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത വിശിഷ്ടാതിഥിയായിരുന്നു.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാർ, ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, സോഷ്യൽ പോലീസിങ് എ.ഡി.എൻ.ഒ. രാമകൃഷ്ണൻ ചാലിങ്കാൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ. നൗഷാദ്, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.വി. സുധീഷ്, കിഡ് ഗ്ലൗ ജില്ലാ കോഡിനേറ്റർ രവീന്ദ്രൻ മടിക്കൈ തുടങ്ങിയവർ സംസാരിച്ചു.