പകൽ പഠനം, പിന്നെ രോഗീപരിചരണം; ഇത് മനാസിന്റെ നന്മമനസ്സ്

തളങ്കര : പഠനത്തോടൊപ്പം രോഗീപരിചണം വഴി സമൂഹത്തിനും താങ്ങായി ഒരു വിദ്യാർഥി. മംഗളൂരുവിലെ കോളേജിൽ ബി.എസ്‌സി. എമർജൻസി മെഡിസിൻ പഠിക്കുന്ന തളങ്കര ഖാസിലൈനിലെ അബ്ദുൽ റഹ്മാൻ മനാസാണ് പഠനം കഴിഞ്ഞ്‌ വീട്ടിലെത്തിയാൽ ദിവസവും നാട്ടിലെ രോഗികൾക്കായി സമയം ചെലവഴിക്കുന്നത്. നാട്ടിലെ ഏതുതരം രോഗികളുടെയും പരിചരണം സൗജന്യമായി ചെയ്തുകൊടുക്കും.

രാത്രിമുതൽ രാവിലെവരെ രോഗിയെ പരിചരിച്ച്‌ നേരംവെളുത്തശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു. കാൻസർ രോഗികളായ രണ്ടുപേർക്ക് ദിവസവും മൂന്നുപ്രാവശ്യം വീതം വീട്ടിൽ പോയി കുത്തിവെപ്പു നല്കും. മൂന്നുമാസംവരെ അവരെ പരിചരിക്കുകയും ചെയ്തു. രണ്ടുമണിക്കൂർ ഇടവേളയിൽ വെക്കേണ്ട കുത്തിവെപ്പിന് വേണ്ടി ഒരു വീട്ടിൽ തന്നെ ആറുമണിക്കൂർ ചെലവഴിച്ചു.

ആശുപത്രിയിൽ പോയി ചികിത്സിക്കാൻ കഴിയാതെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം രോഗികൾക്ക് മനാസിന്റെ സേവനം വലിയ തണലാവുകയാണ്. ഏതു പാതിരാത്രിയിൽ വിളിച്ചാലും ഓടിയെത്തുകയും അവർക്കാവശ്യമായ പരിചരണം നൽകുകയും ചെയ്യും. കിടപ്പു രഗികളെ കുളിപ്പിക്കാനും വൃത്തിയാക്കാനും മനാസ്സിനു മടിയില്ല. അതിനാൽ പ്രദേശത്തുകാർക്ക് ഇപ്പോൾ അത്യാവശ്യഘട്ടത്തിൽ മാത്രമേ ആശുപത്രിയിൽ പോകേണ്ടിവരുന്നുള്ളൂ.

അവധിദിവസം വെറുതേയിരിക്കാൻ ഇപ്പോൾ മനാസിന് സമയമില്ല. പഠനം കഴിഞ്ഞുള്ള സമയത്തിലേറെയും നാട്ടിലെ രോഗികൾക്കായി ചെലവഴിക്കാൻ മടിക്കാത്ത മനാസിനെ യു.എ.ഇ. ഖാസിലൈൻ ജമാഅത്ത് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു. സ്വന്തം സേവനത്തിനുപുറമേ ഇടയ്ക്ക് കൂട്ടുകാരെ സംഘടിപ്പിച്ച് വൃദ്ധസദനങ്ങൾ സന്ദർശിക്കുകയും അവിടത്തെ അന്തേവാസികൾക്കാവശ്യമായ പരിചരണം നൽകാനും സമയം കണ്ടെത്തുന്നുണ്ട്. തളങ്കര ഖാസിലൈനിലെ മുജീബു റഹ്‌മാന്റെയും മിസിരിയയുടെയും മകനാണ്.