ആലൂർ ഏകാധ്യാപക വിദ്യാലയം എൽ.പി. സ്കൂളായി ഉയർത്തി

ബോവിക്കാനം : നാട്ടുകാരുടെ സമരവും സമ്മർദവും ഫലം കണ്ടു. മുളിയാർ ആലൂരിലെ ഏകാധ്യാപക വിദ്യാലയം (മൾട്ടിഗ്രേഡ് ലേണിങ് സെന്റർ) എൽ.പി. സ്കൂളായി ഉയർത്തി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിലുൾപ്പെടുത്തിയാണ് എൽ.പി. സ്കൂളായി ഉയർത്തിയത്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയും നിലനിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികൾക്ക് അടിസ്ഥാനവിദ്യാഭ്യസം നൽകുന്നതിനാണ് ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്.
ആലൂരിൽ രണ്ടരപതിറ്റാണ്ടിലേറെ കാലമായി അക്ഷരവെളിച്ചം പകർന്നുനൽകിയ വിദ്യാലയം നാലുവർഷം മുമ്പ് പൂട്ടുന്നതിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി അമ്പതോളം കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്.
വികസനപരമായി ഏറെ പിന്നാക്കം നിൽക്കുന്ന മുളിയാർ ആലൂരിലെ മൾട്ടിഗ്രേഡ് ലേണിങ് സെന്റർ (ഏകാധ്യാപക വിദ്യാലയം) 2022 ജൂൺ മാസത്തിലാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സർക്കാർ ഉത്തരവിട്ടത്. സംസ്ഥാനത്ത് പ്രവർത്തിച്ചുവന്നിരുന്ന ഏകാധ്യാപവിദ്യാലയത്തിൽ ആലൂരിലേത് ഉൾപ്പെടെ 262 എണ്ണമാണ് പൂട്ടാൻ തീരുമാനിച്ചിരുന്നത്. ആലൂർ ഏകാധ്യാപക വിദ്യാലയം പി.ടി.എ. കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ച് പൂട്ടുന്നതിനെതിരേ മൂന്ന് വർഷം മുമ്പ് സ്റ്റേ ഉത്തരവും നേടിയിരുന്നു.
2000-ലാണ് ആലൂരിൽ വിദ്യാലയം തുടങ്ങിയത്. രണ്ട് വിദ്യാ വൊളന്റിയർമാരും ഒരു ആയയുമാണ് ജോലിചെയ്തിരുന്നത്. ഇവിടെ പഠിച്ചിരുന്ന നിരവധിപ്പേർ പിന്നീട് ഉന്നതവിഭ്യാസവും നേടിയിട്ടുണ്ട്. ആലൂരിലെ ഒരുഭാഗത്ത് പയസ്വിനി പുഴയും മറ്റ് മൂന്ന് ഭാഗങ്ങളിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലുള്ള സ്ഥലവുമാണ്. പൊതുഗതാഗത സൗകര്യമോ മറ്റ് യാത്രാസൗകര്യമോ ഇല്ല. എൻഡോസൾഫാൻ ദുരിതബാധിതരായ നിരവധി കുടുംബങ്ങളുമുണ്ട്. ആലൂരിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടണമെങ്കിൽ കാൽനടയായി മൂന്ന് കിലോമീറ്റർ ദൂരെയുള്ള മുണ്ടക്കൈ ജി.എൽ.പി. സ്കൂളിനെയോ നാല് കിലോമീറ്റർ ദൂരെയുള്ള ബോവിക്കാനം എ.യു.പി. സ്കൂളിനെയോ ആശ്രയിക്കണം. സ്കൂൾ പൂട്ടുന്നതിനുള്ള സർക്കാർ ഉത്തരവിനെത്തുടർന്ന് വിരലിലെണ്ണാവുന്ന കുട്ടികളെ ഇവിടെനിന്ന് മാറ്റിയിരുന്നു. ഏറെ കുടുംബങ്ങളും സാമ്പത്തികമായി ഏറെ പിന്നാക്കംനിൽക്കുന്നതാണ്. സ്കൂൾ പ്രവർത്തനം അവസാനിപ്പിച്ചും
വിദ്യാ വൊളന്റിയർമാരെയും ആയയെയും മറ്റിടങ്ങളിലേക്ക് മാറ്റിനിയമിച്ചും സർക്കാർ ഉത്തരവ് വന്നെങ്കിലും കുട്ടികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിൽ സ്കൂളിന് പൂട്ടിടാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. സെന്റർ എൽ.പി. സ്കൂളായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആലൂർ ഹൈദ്രോസ് ജുമാമസ്ജിദിന് കീഴിലുള്ള മദ്രസയുടെ ഇരുനിലകെട്ടിടവും സമീപത്തെ കളിസ്ഥലവും സ്കൂളിന് വിട്ടുനൽകാൻ തയ്യാറാണെന്നും ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിരുന്നു. ആലൂരിലെ എം.ജി.എൽ.സി. പൂട്ടാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്കൂൾ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സമരങ്ങളും നടത്തിയിരുന്നു.
എ.ടി. ഇക്ബാൽ ചെയർമാനും ടി.എ. ലത്തീഫ് കൺവീനറുമായുള്ള സ്കൂൾ സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.